മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശ്രിന്ദ. 2010ല്‍ പുറത്തിറങ്ങിയ ഫോര്‍ ഫ്രണ്ട്‌സിലൂടെ കരിയര്‍ ആരംഭിച്ച ശ്രിന്ദ പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. സഹനടിയില്‍ വെള്ളിത്തിരയില്‍ തിളങ്ങിയ ശ്രിന്ദ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983 എന്ന സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.
പിന്നീട് വന്ന കുഞ്ഞിരാമായണം ഉള്‍പ്പെടെയുള്ള പല സിനിമകളിലും താരത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ഇപ്പോഴിതാ, സിനിമയോട് തനിക്ക് താത്പര്യം ആദ്യമുണ്ടായിരുന്നില്ലെന്നും എന്നാല്‍ ആ പ്രോസസ് താന്‍ ആസ്വദിക്കാറുണ്ടെന്നും നടി പറയുന്നു.
‘സിനിമയുടെ സെറ്റിലായിരിക്കുക, അവിടുത്തെ തിരക്കുകളുടെ ഭാഗമാവുക എന്നതൊക്കെ ആസ്വദിക്കാറുണ്ട്. ഓരോ സീനും ഓരോ ഷോട്ടും രൂപപ്പെടുന്നത് കാണാന്‍ എനിക്കിഷ്ടമാണ്. കരിയര്‍ എന്ന നിലയില്‍ താന്‍ സിനിമയെക്കുറിച്ച് ചിന്തിച്ചിട്ടുപോലും ഇല്ലാത്ത സമയത്താണ് ആദ്യത്തെ അവസരം ലഭിക്കുന്നത്. ജോലി രാജി വെച്ച് വീട്ടിലിരിക്കുന്ന സമയത്താണ് ഒരു ചാനലില്‍ അവസരം ലഭിച്ചത്.
പക്ഷേ, അവിടെ എനിക്ക് പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. അതേസമയം സിനിമയില്‍ അഭിനയിക്കാന്‍ അവസരങ്ങള്‍ ലഭിച്ചപ്പോള്‍ താത്പര്യം തോന്നിയില്ലെങ്കിലും അത് എങ്ങനെയാണ് രൂപപ്പെടുന്നതെന്ന് അറിയാന്‍ ആഗ്രഹമുണ്ടായിരുന്നു,’ ശ്രിന്ദ പറയുന്നു.
‘സൗദി വെള്ളക്ക’ എന്ന സിനിമയില്‍ തനിക്കൊരു വേഷം ചെയ്യാനുണ്ടായിരുന്നുവെന്നും എന്നാല്‍ ഡേറ്റ് ക്ലാഷ് കാരണം ചെയ്യാന്‍ പറ്റിയില്ലെന്നും താരം പറഞ്ഞു. പക്ഷേ, തരുണ്‍ മൂര്‍ത്തി ആ കഥാപാത്രത്തിന് ഡബ്ബ് ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ച് വിളിച്ചുവെന്നും താന്‍ സന്തോഷത്തോടെ സമ്മതിച്ചുവെന്നും ശ്രിന്ദ പറയുന്നു.
അഭിനയത്തിന് പുറമെ ഡബ്ബിങ്ങിലും തന്റെ സാന്നിധ്യം അറിയിച്ച ശ്രിന്ദ തൊണ്ടിമുതലും ദൃക്‌സാക്ഷിയും സൗദി വെള്ളക്ക എന്നീ സിനിമകളില്‍ ഡബ്ബ് ചെയ്തിട്ടുണ്ട്.
ആട് 3യാണ് താരത്തിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. മിഥുന്‍ മാനുവല്‍ തോമസ് അണിയിച്ചൊരുക്കിയ ഫ്രാഞ്ചെയ്സിയിലെ മൂന്നാം ഭാഗമായെത്തിയ ചിത്രം ബോക്സ് ഓഫീസില്‍ 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി.
Content Highlight: Srinda says she was not interested in cinema at first