ശ്രീലങ്കയ്ക്ക് വമ്പന്‍ തിരിച്ചടി; ബംഗ്ലാദേശിനെതിരെയുള്ള ടി-20യില്‍ നിന്ന് സൂപ്പര്‍ താരം പുറത്ത്
Cricket
ശ്രീലങ്കയ്ക്ക് വമ്പന്‍ തിരിച്ചടി; ബംഗ്ലാദേശിനെതിരെയുള്ള ടി-20യില്‍ നിന്ന് സൂപ്പര്‍ താരം പുറത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 9th July 2025, 9:32 pm

ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള മൂന്ന് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര നാളെ (ജൂലൈ 10) പല്ലേകെലെ അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും. രണ്ടാം ടി-20 ജൂലൈ 13ന് രാന്‍ഗിരി ദാംബുള്ള സ്റ്റേഡിയത്തിലും അവസാന ടി-20 ജൂലൈ 16ന് ആര്‍. പ്രേമദാസാ സ്റ്റേഡിയത്തിലുമാണ് നടക്കുക.

എന്നാല്‍ മത്സരത്തിന് മുന്നോടിയായി ശ്രീലങ്കന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ വാനിന്തു ഹസരംഗ ടീമില്‍ നിന്ന് പുറത്തായരിക്കുകയാണ്. പരിക്കിനെ തുടര്‍ന്നാണ് താരം പുറത്തായത്.

ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങള്‍ അടങ്ങിയ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ബാറ്റിങ്ങിനിടെ വലത് കാലിന് പരിക്ക് പറ്റിയതാണ് ഹസരംഗയ്ക്ക് വിനയായത്. പരമ്പര 2-1ന് ശ്രീലങ്ക വിജയിക്കുകയും ചെയ്തിരുന്നു.

മൂന്ന് ടി-20കള്‍ക്കായി ഹസരംഗയ്ക്ക് പകരം ജെഫ്രി വാന്‍ഡെര്‍സെ ലങ്കയ്ക്ക് വേണ്ടി കളത്തിലിറങ്ങുമെന്ന് ക്യാപ്റ്റന്‍ ചരിത് അസലങ്ക വ്യക്തമാക്കിയിരുന്നു.

‘അദ്ദേഹം (ഹസരംഗ) ഞങ്ങള്‍ക്ക് വലിയൊരു നഷ്ടമായിരിക്കും. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹം ഞങ്ങളുടെ സൂപ്പര്‍സ്റ്റാറാണ്,’ അസലങ്ക ബുധനാഴ്ച നടന്ന പത്രസമ്മേളനത്തില്‍ പറഞ്ഞു.

ടി-20 ഫോര്‍മാറ്റില്‍ 79 മത്സരങ്ങള്‍ കളിച്ച ഹസരംഗ 712 റണ്‍സ് നേടിയിട്ടുണ്ട്. 71 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും രണ്ട് അര്‍ധ സെഞ്ച്വറികളും താരം ബാറ്റില്‍ നിന്ന് നേടി.

ബൗളിങ്ങില്‍ 131 വിക്കറ്റുകളാണ് ഹസരംഗ സ്വന്തമാക്കിയത്. 15.41 എന്ന ആവറേജില്‍ പന്തെറിഞ്ഞ താരം 6.99 എക്കോണമിയിലാണ് പ്രകടനം നടത്തിയത്. ടി-20യില്‍ 4/9 എന്ന മിന്നും ബൗളിങ്ങും ഓള്‍റൗണ്ടര്‍ തന്റെ അക്കൗണ്ടിലാക്കിയിട്ടുണ്ട്.

അതേസമയം ബംഗ്ലാദേശിനെതിരായ മൂന്ന് എകദിന മത്സരങ്ങളിലെ ആദ്യ മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങി 22 റണ്‍സും 7.5 ഓവര്‍ ബൗള്‍ ചെയ്ത് രണ്ട് മെയ്ഡന്‍ അടക്കം 10 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ മൂന്ന് വിക്കറ്റും 13 റണ്‍സും, മൂന്നാം മത്സരത്തില്‍ 18* റണ്‍സും രണ്ട് വിക്കറ്റും നേടാന്‍ താരത്തിന് സാധിച്ചു.

Content Highlight: Sri Lanka VS Bangladesh: Wanindu Hasarsnga Ruled Out From Bangladesh T-20 Series