ശ്രീലങ്ക ആതിഥേയത്വം വഹിക്കുന്ന ട്രൈനേഷന്‍ സീരിസ് ഫൈനല്‍ കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ തുടരുകയാണ്. കലാശപ്പോരാട്ടത്തില്‍ ഇന്ത്യയെയാണ് ആതിഥേയരായ ലങ്ക നേരിടുന്നത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയുടെ സെഞ്ച്വറി കരുത്തില്‍ റണ്‍മല പടുത്തുയര്‍ത്തിയിരിക്കുകയാണ്. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സാണ് ഇന്ത്യ സ്വന്തമാക്കിയത്.
101 പന്തില്‍ 116 റണ്‍സ് നേടിയാണ് മന്ഥാന മടങ്ങിയത്. 15 ഫോറും രണ്ട് സിക്‌സറും അടക്കം 114.85 സ്‌ട്രൈക്ക് റേറ്റിലാണ് മന്ഥാന സ്‌കോര്‍ ചെയ്തത്.
മന്ഥാനയ്ക്ക് പുറമെ ഹര്‍ലീന്‍ ഡിയോള്‍ (56 പന്തില്‍ 47), ജെമീമ റോഡ്രിഗസ് (29 പന്തില്‍ 44), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (30 പന്തില്‍ 41) എന്നിവരുടെ ബാറ്റിങ് പ്രകടനങ്ങളും ഇന്ത്യന്‍ നിരയില്‍ കരുത്തായി.
ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തുവടക്കം ലങ്കന്‍ നിരയില്‍ പന്തെറിഞ്ഞ എല്ലാ ബൗളര്‍മാരെയും ഒരുപോലെ ആക്രമിച്ചാണ് ഇന്ത്യ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. നാല് ലങ്കന്‍ ബൗളര്‍മാര്‍ 60ന് മേല്‍ റണ്‍സ് വഴങ്ങുകയും ചെയ്തു.
മാല്‍കി മധാര (പത്ത് ഓവറില്‍ 74 റണ്‍സ്), ദേവ്മി വിഹംഗ (പത്ത് ഓവറില്‍ 69 റണ്‍സ്), ഇനോക രണവീര (പത്ത് ഓവറില്‍ 62 റണ്‍സ്), ചമാരി അത്തപ്പത്തു (എട്ട് ഓവറില്‍ 61) എന്നിവരാണ് 60+ റണ്‍സ് വിട്ടുകൊടുത്തത്. സുഗന്ധിക കുമാരി പത്ത് ഓവറില്‍ 59 റണ്‍സും വഴങ്ങി.
ഇതോടെ ഒരു മോശം റെക്കോഡും ശ്രീലങ്കയുടെ പേരില്‍ കുറിക്കപ്പെട്ടു. ഇന്ത്യയ്‌ക്കെതിരായ വനിതാ ഏകദിനത്തില്‍ ഏറ്റവുമധികം ബൗളര്‍മാര്‍ 60ലധികം റണ്‍സ് വിട്ടുകൊടുത്ത ടീമുകളില്‍ രണ്ടാം സ്ഥാനത്താണ് ലങ്കയെത്തിയിരിക്കുന്നത്. സുഗന്ധിക ഒറ്റ റണ്‍സ് കൂടി വഴങ്ങിയിരുന്നെങ്കില്‍ ഈ മോശം റെക്കോഡില്‍ ലങ്ക ഒന്നാം സ്ഥാനത്തെത്തുമായിരുന്നു.
(ടീം – എത്ര ബൗളര്‍മാര്‍ 60+ സ്‌കോര്‍ വഴങ്ങി – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
അയര്‍ലന്‍ഡ് – 5 – രാജ്‌കോട്ട് – 2025
ശ്രീലങ്ക – 4 – കൊളംബോ – 2025*
ഇംഗ്ലണ്ട് – 4 – കാന്റര്‍ബറി – 2022
സൗത്ത് ആഫ്രിക്ക – 3 – കിംബെര്‍ലി – 2018
അയര്‍ലന്‍ഡ് – 3 – രാജ്‌കോട്ട് – 2025
വെസ്റ്റ് ഇന്‍ഡീസ് – 3 – വഡോദര – 2024
അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ 12 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 58 എന്ന നിലയിലാണ്. ബ്രോണ്‍സ് ഡക്കായി മടങ്ങിയ ഹാസിനി പെരേരയുടെ വിക്കറ്റാണ് ആതിഥേയര്‍ക്ക് നഷ്ടമായത്.
34 പന്തില്‍ 20 റണ്‍സുമായി ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തുവും 35 പന്തില്‍ 32 റണ്‍സുമായി വിഷ്മി ഗുണരത്‌നെയുമാണ് ക്രീസില്‍.
Content Highlight: Sri Lanka enters in an unwanted list of most bowlers conceding 60+ runs against India in an innings in WODI