ആ ഗ്യാപ്പില്‍ കയറി കളിക്കേണ്ട; ക്യാപ്റ്റനുമായി വാക്‌പോരുണ്ടായിട്ടില്ലെന്ന് റസലിനോട് ആര്‍തര്‍
India vs Sri Lanka
ആ ഗ്യാപ്പില്‍ കയറി കളിക്കേണ്ട; ക്യാപ്റ്റനുമായി വാക്‌പോരുണ്ടായിട്ടില്ലെന്ന് റസലിനോട് ആര്‍തര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 21st July 2021, 3:35 pm

കൊളംബോ: ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പര കൈവിട്ടതോടെ ക്യാപ്റ്റനോട് പരസ്യമായി ദേഷ്യപ്പെട്ടതിന് തനിക്കെതിരെ വിമര്‍ശനമുന്നയിച്ച മുന്‍താരം റസല്‍ അര്‍നോള്‍ഡിന് മറുപടിയുമായി കോച്ച് മിക്കി ആര്‍തര്‍. ലങ്കന്‍ ക്യാപ്റ്റന്‍ ദസൂണ്‍ ഷാനകയുമായി വാക്കേറ്റമുണ്ടായതിനെ വലിയ സംഭവമാക്കി മാറ്റേണ്ടതില്ലെന്ന് ആര്‍തര്‍ പറഞ്ഞു.

തങ്ങള്‍ തമ്മില്‍ ഉണ്ടായത് നല്ല സംവാദം മാത്രമാണെന്നും അതിന്റേ പേരില്‍ കുഴപ്പങ്ങളുണ്ടാക്കേണ്ടതില്ലെന്നും ആര്‍തര്‍ ട്വീറ്റ് ചെയ്തു. റസലിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് ആര്‍തറിന്റെ മറുപടി.

‘റസ് ഞങ്ങള്‍ ഒരുമിച്ച് വിജയിക്കുകയും തോല്‍ക്കുകയും ചെയ്യുന്നു, എല്ലാ സമയവും ഞങ്ങള്‍ ഓരോ പാഠം പഠിക്കുന്നു! ദാസുനും ഞാനും ഒരു ടീം വളര്‍ത്തുകയാണ്, ഞങ്ങള്‍ രണ്ടുപേരും നിരാശരായിരുന്നു. എന്നാല്‍ ഞങ്ങള്‍ അതിരുകടന്നില്ല! അത് യഥാര്‍ത്ഥത്തില്‍ വളരെ നല്ല സംവാദമായിരുന്നു. അതിന്റെ പേരില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കേണ്ടതില്ല,’ ആര്‍തര്‍ ട്വീറ്റ് ചെയ്തു.

നേരത്തെ ഡ്രെസിംഗ് റൂമില്‍ നടക്കേണ്ട കാര്യമാണ് ഗ്രൗണ്ടില്‍ നടന്നതെന്നായിരുന്നു ക്യാപ്റ്റന്റേയും കോച്ചിന്റേയും വാക്‌പോരില്‍ റസല്‍ ട്വീറ്റ് ചെയ്തിരുന്നത്.

കളി ലങ്കയുടെ കൈയില്‍ നിന്ന് വഴുതി മാറുന്നു എന്ന് മനസിലാക്കിയപ്പോള്‍ തന്നെ ആര്‍തര്‍ ഡ്രെസിംഗ് റൂമില്‍ അസ്വസ്ഥനായിരുന്നു. വിജയത്തോടടുത്ത മത്സരം ലങ്ക തോറ്റതോടെ നിയന്ത്രണം വിട്ട് ക്യാപ്റ്റനോട് കുപിതനാകുകയായിരുന്നു ആര്‍തര്‍.


ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്.

മത്സരത്തില്‍ ദീപക് ചഹാര്‍-ഭുവനേശ്വര്‍ കുമാര്‍ സഖ്യത്തിന്റെ മികവിലാണ് ഇന്ത്യ അവിസ്മരണീയ ജയം സ്വന്തമാക്കിയത്. മൂന്ന് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 275 റണ്‍സ്. മറുപടി ബാറ്റിംഗില്‍ ഏഴിന് 193 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യ, ചഹാര്‍ -ഭുവി കൂട്ടുകെട്ടിന്റെ ബലത്തില്‍ പിന്നീട് ഒരു വിക്കറ്റ് പോലും നഷ്ടമാക്കാതെ ലക്ഷ്യത്തിലെത്തുകയായിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി ചഹാറിന് പുറമേ സൂര്യകുമാര്‍ യാദവും അര്‍ധസെഞ്ച്വറി നേടി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Sri Lanka coach Mickey Arthur on his heated argument with captain Dasun Shanaka