അങ്ങേരുടെ പിറന്നാളാടേയ്, ഇങ്ങനെ അപമാനിക്കാതെടേയ്; ധോണിക്ക് വെറൈറ്റി ആശംസയുമായി ശ്രീശാന്ത്
Sports News
അങ്ങേരുടെ പിറന്നാളാടേയ്, ഇങ്ങനെ അപമാനിക്കാതെടേയ്; ധോണിക്ക് വെറൈറ്റി ആശംസയുമായി ശ്രീശാന്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 7th July 2022, 10:37 pm

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച നായകനാണ് എം.എസ്.ഡി എന്ന മഹേന്ദ്ര സിങ് ധോണി. ടി-20 ലോകകപ്പും ഐ.സി.സി മെന്‍സ് ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യയ്ക്ക് സമ്മാനിച്ച താരം വ്യാഴാഴ്ച തന്റെ 41ാം പിറന്നാള്‍ ആഘോഷിക്കുകയാണ്.

ക്രിക്കറ്റ് ഇതിഹാസങ്ങളുടെയും ക്രിക്കറ്റ് ലോകത്തിന്റെയുമൊന്നാകെ ആശംസകളായിരുന്നു ഇന്ത്യന്‍ ടീമിന്റെ തലയ്ക്ക് ലഭിച്ചിരുന്നത്.

എന്നാലിപ്പോള്‍ താരത്തിന് ഒരു വെറൈറ്റി പിറന്നാള്‍ ആശംസ നേര്‍ന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളുമായ ശ്രീശാന്ത്. ധോണിയെ ക്ലീന്‍ ബൗള്‍ഡാക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു ശ്രീ ധോണിക്ക് ആശംസകള്‍ നേര്‍ന്നത്.

ഐ.പി.എല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഭാഗമായിരിക്കെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനായ ധോണിയെ ക്ലീന്‍ ബൗള്‍ഡാക്കുന്ന വീഡിയോയായിരുന്നു ശ്രീശാന്ത് തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ വഴി പങ്കുവെച്ചത്.

‘ധോണിക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നു. ഏറ്റവും മികച്ച ക്യാപ്റ്റനും ഒരു നല്ല സഹോദരമുമായ അദ്ദേഹം ഓരോ മത്സരത്തിലും എന്റെ ബെസ്റ്റ് പുറത്തെടുക്കാന്‍ ആവശ്യപ്പെടാറുണ്ട്. അദ്ദേഹത്തോടൊപ്പമുള്ള ഓരോ നിമിഷവും ഞാന്‍ ഭയങ്കരമായി ആസ്വദിച്ചിരുന്നു. പ്രത്യേകിച്ച് ഈ നിമിഷം.

 

ഐ. ലവ് യൂ. നിങ്ങളെ പുറത്താക്കാന്‍ സാധിക്കുകയെന്നത് ഏറ്റവും വലിയ ഒരു കാര്യമായി ഞാന്‍ കരുതുന്നു. ഏതെങ്കിലും ഒരു താരത്തിനെതിരെ ഞാന്‍ എറിഞ്ഞ ഏറ്റവും മികച്ച ഡെലിവറി ഇതായിരിക്കും, അതും എന്റെ വല്ല്യേട്ടനെതിരെ,’ എന്ന ക്യാപ്ഷന്‍ നല്‍കിയായരുന്നു ശ്രീശാന്ത് വീഡിയോ പങ്കുവെച്ചത്.

ശ്രീശാന്ത് പങ്കുവെച്ച വീഡിയോയില്‍ രണ്ട് റണ്‍സിനായിരുന്നു ധോണി പുറത്തായത്. അന്ന് കരിയറിന്റെ അത്യുന്നതങ്ങില്‍ നില്‍ക്കുന്ന 27 വയസ്സുകാരനായിരുന്നു ധോണി. പ്രസ്തുത മത്സരം താരത്തിന്റെ ഐ.പി.എല്ലിലെ 29ാം മത്സരം മാത്രമായിരുന്നു.

എന്നാലിപ്പോള്‍, ഐ.പി.എല്‍ എന്ന ലീഗിന്റെ തന്നെ ബ്രാന്‍ഡായി മാറിയ പ്രധാന താരങ്ങളില്‍ ഒരാളാണ് ധോണി.

Content Highlight: Sreesanth wishes MS Dhoni on birthday in unique manner.
||