അത് മാറ്റിവെച്ചാല്‍ സഞ്ജുവിന് ഇന്ത്യക്കായി ടെസ്റ്റും ഏകദിനവും ടി-20യും കളിക്കാം; മാറില്ലെന്ന് തീരുമാനിച്ചവനെ മാറ്റാന്‍ ഞാനില്ല: ശ്രീശാന്ത്
സഞ്ജു സാംസണ്‍ തന്റെ മനോഭാവത്തില്‍ കാര്യമായ മാറ്റം വരുത്തേണ്ടതുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്ത്. ഇപ്പോഴുള്ള മനോഭാവം മാറ്റിവെച്ചാല്‍ സഞ്ജുവിന് ഇന്ത്യക്കായി എല്ലാ ഫോര്‍മാറ്റിലും കളിക്കാന്‍ സാധിക്കുമെന്നും ശ്രീശാന്ത് പറഞ്ഞു.
സ്‌പോര്‍ട്‌സ് കീഡക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ശ്രീശാന്ത് ഇക്കാര്യം പറഞ്ഞത്.

‘അവന്‍ തിരിച്ചെത്തും. ടെസ്റ്റും ഏകദിനവും ടി-20യും അടക്കം എല്ലാ ഫോര്‍മാറ്റിലും കളിക്കുകയും ചെയ്യും. പക്ഷേ അവന്‍ ഇപ്പോഴുള്ള മനോഭാവം പാടെ മാറ്റണം. എന്നാല്‍ അവന്‍ ആ മനോഭാവം മാറ്റിവെക്കുമെന്ന് എനിക്ക് തോന്നുന്നില്ല.
സഞ്ജുവിനെ പോലെ ടാലന്റഡായ താരങ്ങള്‍ ഐ.പി.എല്‍ മാത്രം കളിച്ച് അവരുടെ പ്രതിഭ ഇല്ലാതാക്കാന്‍ കേരള ക്രിക്കറ്റും ഇന്ത്യന്‍ ക്രിക്കറ്റും അനുവദിക്കില്ല എന്നാണ് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നത്.
അവന്‍ തന്റെ അപ്രോച്ച് മാറ്റണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പക്ഷേ അവനതിന് തയ്യാറല്ല. മാറാന്‍ ഒരുക്കമല്ലാത്ത ഒരാളെ മാറ്റിയെടുക്കാന്‍ ഏതായാലും ഞാന്‍ ഒരുക്കമല്ല,’ ശ്രീശാന്ത് പറഞ്ഞു.


അഭിമുഖത്തിലെ ശ്രീശാന്ത് പറഞ്ഞ പല കാര്യങ്ങളും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി തുറന്നിരുന്നു. ലോകകപ്പ് സ്‌ക്വാഡില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താതത് ശരിയായ തീരുമാനമായിരുന്നുവെന്നും ഒട്ടും സ്ഥിരതയില്ലാതെയാണ് സഞ്ജു കളിക്കുന്നത് എന്നുമാണ് ശ്രീശാന്ത് പറഞ്ഞത്.
‘എനിക്ക് തോന്നുന്നത് അത് ശരിയായ തീരുമാനമാണെന്നാണ്. കാരണം സ്വയം മനസിലാക്കുക എന്നത് ഒരു താരത്തിനുണ്ടാകേണ്ട പ്രധാന ഘടകമാണ്. (സുനില്‍) ഗവാസ്‌കര്‍ സാറും ഹര്‍ഷ ഭോഗ്ലെ സാറും രവി ശാസ്ത്രി സാറും അടക്കമുള്ളവര്‍ സഞ്ജുവിന്റെ കഴിവിനെ അംഗീകരിച്ചവരാണ്.
സഞ്ജുവിന്റെ കഴിവിന്റെ കാര്യത്തില്‍ ഒരു സംശയവുമില്ല. എന്നാല്‍ അവന്റെ സമീപനം… പിച്ചിന്റെ സ്വഭാവം മനസിലാക്കി കളിക്കുവാന്‍ വേണ്ടി ആരെങ്കിലും പറഞ്ഞാല്‍ അവനത് കേള്‍ക്കാറില്ല. ആ സമീപനം അവന്‍ മാറ്റിയെടുക്കണം.
അവനെ കാണുമ്പോഴെല്ലാം തന്നെ അവനോട് ഞാന്‍ ഒരു കാര്യം മാത്രമാണ് പറയാറുള്ളത്. സഞ്ജു, പിച്ചിന്റെ സ്വഭാവം ശരിക്ക് മനസിലാക്കണം. അല്‍പം കാത്തിരിക്കൂ, എല്ലാ ബൗളറേയും ആക്രമിച്ചുകളിക്കേണ്ടതില്ല. ചിന്തിക്ക്. നിനക്ക് ഏത് ബൗളറെയും എപ്പോഴും എവിടേക്ക് വേണമെങ്കിലും അടിച്ചുപറത്താം, ആ അവസരത്തിനായി കാത്തിരിക്കണം,’ ശ്രീശാന്ത് പറഞ്ഞു.

ഞാന്‍ പറയട്ടെ, സമയം ആരെയും കാത്തുനില്‍ക്കാറില്ല. എല്ലാവരും സമയത്തെ കുറിച്ചാണ് സംസാരിക്കുന്നത്, ഇതേ കാര്യം തന്നെയാണ് ഞാന്‍ സഞ്ജു സാംസണോടും പറയാറുള്ളത്. നിരവധി മികച്ച താരങ്ങള്‍ ടീമിലേക്ക് വരികയാണ്. ഏഷ്യന്‍ ഗെയിംസിന് പോലും രണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍ പോകുന്നുണ്ട് (ജിതേഷ് ശര്‍മയും പ്രഭ്സിമ്രാന്‍ സിങ്ങും). എല്ലാവരും നിന്നെ കുറിച്ച് സംസാരിക്കുമ്പോള്‍ അത് നേടിയെടുക്കാന്‍ ശ്രമിക്കുക. സിമ്പതി നേടാന്‍ എളുപ്പമാണ്. എന്നാല്‍ അഭിനന്ദനം അങ്ങനെയല്ല, അതിന് ഏറെ കഷ്ടപ്പെടണം,’ ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.
Content highlight: Sreesanth Says Sanju Samson should change his approach