മലയാള സിനിമയിൽ ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ശ്രീരേഖ. ഷെയ്ൻ നിഗം നായകനായ ‘വെയിൽ’ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ സിനിമാ അരങ്ങേറ്റം.
ആദ്യ ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ശ്രീരേഖയെ തേടിയെത്തിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ‘മോഹിനിയാട്ടം’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച നടി, മോഹിനിയാട്ടം സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ഗോവിന്ദരാജ എന്ന കഥാപാത്രത്തെക്കുറിച്ചും സംസാരിക്കുകയാണ്.
സൗത്ത് ഗ്രാമി പ്രൊഡക്ഷൻസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീരേഖയുടെ പ്രതികരണം. ചിത്രത്തിൽ പ്രധാനമായൊരു ഘടകമായി മാറുന്ന സിംബ എന്ന നായക്കുട്ടിയുമായുള്ള അനുഭവങ്ങളാണ് താരം ആദ്യം പങ്കുവെച്ചത്.
മോഹിനിയാട്ടം, Photo: Saiju kurupp/ Facebook
സിംബയുടെ യഥാർത്ഥ പേര് നോവയാണെന്നും, ചിത്രീകരണത്തിനിടെ അതുമായി തനിക്ക് വലിയ അടുപ്പം രൂപപ്പെട്ടിരുന്നുവെന്നും ശ്രീരേഖ പറഞ്ഞു.
‘സിംബയുടെ മുഖത്ത് നോക്കി എനിക്കിതിനെ ഇഷ്ടമല്ലെന്ന് എങ്ങനെ പറയുമെന്ന് ഞാൻ ആലോചിച്ചിരുന്നു. അത്രയും ക്യൂട്ടായിരുന്നു അത്. അതിനെ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന ആഗ്രഹം പോലും എനിക്കുണ്ടായിരുന്നു,’ എന്നാണ് താരം പറഞ്ഞത്.
സിനിമയുടെ കഥ കേൾക്കുന്ന സമയത്ത് തന്നെ സിംബയുടെ കഥാപാത്രത്തെക്കുറിച്ച് സംവിധായകൻ വിശദമായി പറഞ്ഞിരുന്നുവെന്നും ശ്രീരേഖ വ്യക്തമാക്കി. ഗോവിന്ദരാജും സോജയും മക്കളില്ലാത്ത ദമ്പതികളാണെന്നും, ആ പട്ടികുട്ടിയാണ് ഗോവിന്ദരാജയ്ക്ക് എല്ലാമെല്ലാമെന്നും പറയുകയാണ് താരം.
‘ഗോവിന്ദരാജ തന്നെയാണ് ആ നായക്കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവരുന്നത്. പിന്നീട് സ്വന്തം കുഞ്ഞിനെപ്പോലെയാണ് അതിനെ അദ്ദേഹം പരിചരിക്കുന്നത്. അതുകൊണ്ടുതന്നെ അതിനുവേണ്ടി അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾക്കും പ്രത്യേകമായൊരു അർത്ഥമുണ്ട്.
ചിലപ്പോൾ അദ്ദേഹത്തിന് മനുഷ്യരേക്കാൾ കൂടുതൽ വിശ്വാസം മൃഗങ്ങളിലായിരിക്കാം. മനുഷ്യരിൽ വിശ്വാസമില്ലാത്ത ഒരാളുടെ മനോഭാവവും ആ കഥാപാത്രത്തിൽ ഞാൻ കണ്ടിരുന്നു,’ ശ്രീരേഖ പറഞ്ഞു.
ഒരു മൃഗസ്നേഹിയായ തനിക്ക് ആ കഥാപാത്രം അവതരിപ്പിക്കുന്നത് വെല്ലുവിളിയായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. ‘ഞാൻ യഥാർത്ഥ ജീവിതത്തിൽ പെറ്റുകളെ ഏറെ സ്നേഹിക്കുന്ന ആളാണ്.
അതുകൊണ്ടുതന്നെ ‘സാറിന് വേണമെങ്കിൽ സാർ കൊണ്ടുപോയിക്കോ’ എന്ന് പറയുന്ന രംഗങ്ങൾ ചെയ്യുമ്പോൾ എനിക്ക് അതൊരു വിരോധാഭാസമായി തോന്നിയിരുന്നു,’ ശ്രീരേഖ പറഞ്ഞു.
സൈജു കുറുപ്പ് നായകനായെത്തിയ ‘മോഹിനിയാട്ടം’ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, കലാരഞ്ജിനി, ശ്രീജ രവി, വിനയ് ഫോർട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ ആദ്യഭാഗമായ ‘ഭരതനാട്യം’ തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടാനായിരുന്നില്ല. എന്നാൽ ഒ.ടി.ടി റിലീസിന് ശേഷം ചിത്രം മികച്ച പ്രതികരണമാണ് സ്വന്തമാക്കിയത്.
അതേസമയം രണ്ടാം ഭാഗമായ ‘മോഹിനിയാട്ടം’ തിയേറ്ററുകളിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും മികച്ച അഭിപ്രായം നേടിയിരുന്നു. ശ്രീരേഖയുടെ പ്രകടനവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായി പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.
Content Highlight: Sreerekha talk about Mohiniyattam movie
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.