| Monday, 21st April 2025, 9:15 am

എഴുതാനിരിക്കുമ്പോൾ ആ സംവിധായകന് വേണ്ടത് എന്താണെന്ന് കൃത്യമായി എനിക്കറിയാമായിരുന്നു: ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾക്ക് എന്നും ഓർത്തിരിക്കാവുന്ന സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട് – ശ്രീനിവാസൻ എന്നിവരുടേത്. കുടുംബപ്രേക്ഷർക്കിടയിൽ മോഹൻലാലിന് വലിയ സ്വീകാര്യത നേടിക്കൊടുക്കാൻ ഇവരുടെ സിനിമകൾക്ക് കഴിഞ്ഞു. നാടോടിക്കാറ്റ്, സന്മനസുള്ളവർക്ക് സമാധാനം, വരവേല്പ് തുടങ്ങിയ മികച്ച സിനിമകൾ ഇരുവരും അണിയിച്ചൊരുക്കി. ടി.പി ബാലഗോപാലൻ എം.എ ആയിരുന്നു ഇരുവരും ഒന്നിച്ച ആദ്യ ചിത്രം.

സത്യൻ അന്തിക്കാടിന്റെ കുറിച്ച് സംസാരിക്കുകയാണ് ശ്രീനിവാസൻ. ഗ്രാമീണ പശ്ചാത്തലം, ഇടത്തരം ജീവിതസാഹചര്യങ്ങൾ, കൃഷി, ഏത് പ്രതികൂലസാഹചര്യത്തിലും ചിരിയുടെ വക കണ്ടെത്താനുള്ള മനസ് അങ്ങനെയുള്ള ഘടകങ്ങളാണ് തങ്ങളെ അടുപ്പിച്ചതെന്ന് ശ്രീനിവാസൻ പറയുന്നു.

എഴുതാനിരിക്കുമ്പോൾ സത്യൻ അന്തിക്കാടിന് വേണ്ടത് എന്താണെന്ന് കൃത്യമായി തനിക്കറിയാമായിരുന്നുവെന്നും താനെഴുതിയത് അതേ തലത്തിൽ പിടിച്ചെടുക്കാനുള്ള കഴിവ് സത്യനുമുണ്ടായിരുന്നുവെന്നും ശ്രീനിവാസൻ പറഞ്ഞു. സിനിമയ്ക്കുവേണ്ടി ഒന്നിക്കുന്ന ചങ്ങാത്തമായിരുന്നില്ല തങ്ങളുടേതെന്നും ആകാശത്തിനുതാഴെയുള്ള പലവിഷയങ്ങളെ കുറിച്ചും ഇരുവരും സംസാരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസാരത്തിനിടയിൽ വരുന്ന കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളുമാണ് സിനിമയായി മാറിയതെന്നും ചുറ്റുപാടുകളിൽ നിന്ന് പലപ്പോഴും കഥാപാത്രങ്ങൾ തങ്ങളെ തേടിവരികയായിരുന്നുവെന്നും ശ്രീനിവാസൻ പറയുന്നു.

‘ഗ്രാമീണ പശ്ചാത്തലം, ഇടത്തരം ജീവിതസാഹചര്യങ്ങൾ, കൃഷി, ഏത് പ്രതികൂലസാഹചര്യത്തിലും ചിരിയുടെ വക കണ്ടെത്താനുള്ള മനസ് അങ്ങനെ ഞങ്ങളെ അടുപ്പിച്ച ഘടകങ്ങൾ പലതായിരുന്നു. എഴുതാനിരിക്കുമ്പോൾ സത്യന് വേണ്ടത് എന്താണെന്ന് കൃത്യമായി എനിക്കറിയാമായിരുന്നു. ഞാനെഴുതിയത് അതേ തലത്തിൽ പിടിച്ചെടുക്കാനുള്ള കഴിവ് സത്യനുമുണ്ടായിരുന്നു. അതുതന്നെയാകണം ഞങ്ങളുടെ കൂട്ടുകെട്ടിൻ്റെ രഹസ്യവും.

സിനിമയ്ക്കുവേണ്ടി ഒന്നിക്കുന്ന ചങ്ങാത്തമായിരുന്നില്ല ഞങ്ങളുടേത്. ആകാശത്തിനുതാഴെയുള്ള പലവിഷയങ്ങളെ കുറിച്ചും സംസാരിച്ചു. ജീവിതയാത്രയിൽ കണ്ടെത്തിയ വ്യക്തികൾ, അനുഭവങ്ങൾ, അപകടങ്ങൾ, അമളികൾ, വായിച്ച പുസ്ത‌കങ്ങൾ, കാഴ്ച്ചപ്പാടുകൾ എല്ലാം തുറന്നുപറഞ്ഞു.

അതിനിടയിലെപ്പൊഴൊക്കെയോ ചില കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും മനസിലേക്ക് കയറിവന്നു. സംസാരിച്ച് സംസാരിച്ച് അവക്കൊരു രൂപം നൽകി. പിന്നീടവയിൽ ചിലതെല്ലാം സിനിമകളായി പിറന്നു. ചുറ്റുപാടുകളിൽ നിന്ന് പലപ്പോഴും കഥാപാത്രങ്ങൾ ഞങ്ങളെ തേടിവരികയായിരുന്നു,’ ശ്രീനിവാസൻ പറയുന്നു.

Content Highlight: Sreenivasan Talks About Sathyan Anthikkad

We use cookies to give you the best possible experience. Learn more