റേഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ച് സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ നടനായി മാറിയ വ്യക്തിയാണ് ശ്രീനാഥ് ഭാസി. ബ്ലെസി – മോഹന്‍ലാല്‍ ചിത്രമായ പ്രണയം ആയിരുന്നു ഭാസിയുടെ ആദ്യ സിനിമ. 2011ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്.
എന്നാല്‍ 2012ല്‍ പുറത്തിറങ്ങിയ ടാ തടിയാ എന്ന സിനിമയിലൂടെയാണ് ശ്രീനാഥ് ഭാസി എന്ന നടന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമായ ഭാസി അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ മിക്കതും ഏറെ ശ്രദ്ധേയമായതായിരുന്നു.
ഇപ്പോള്‍ നടന്‍ സൗബിന്‍ ഷാഹിറിനെ കുറിച്ച് പറയുകയാണ് ശ്രീനാഥ് ഭാസി. സിനിമയിലേക്ക് ആഗ്രഹത്തോടെ വരികയും നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആശിക്കുകയും ചെയ്ത ആളുകളാണ് തങ്ങള്‍ എന്നാണ് ഭാസി പറയുന്നത്.
തനിക്ക് തന്റെ ചേട്ടനെ പോലെ തോന്നിയിട്ടുള്ള നടനാണ് സൗബിനെന്നും ഏത് സമയത്തും തനിക്ക് അവനെ വിളിക്കാമെന്നും ശ്രീനാഥ് ഭാസി കൂട്ടിച്ചേര്‍ത്തു. തന്റെ ഏറ്റവും പുതിയ ചിത്രമായ ആസാദിയുടെ പ്രൊമോഷന്റെ ഭാഗമായി മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘സൗബിന്‍ ഷാഹിര്‍ എന്ന നടനെ കുറിച്ച് ഞാന്‍ എന്താണ് പറയേണ്ടത്. ഞങ്ങള്‍ ഒരുമിച്ച് പൈസയില്ലാതെ വെറുതെ നടന്നിട്ടുണ്ട് (ചിരി). ടാ തടിയാ എന്ന സിനിമയില്‍ ഓപ്പണിങ് ക്രെഡിറ്റ്‌സില്‍ ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് നടക്കുന്നത് കാണാം.
സിനിമയിലേക്ക് ആഗ്രഹത്തോടെ വരികയും നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആശിക്കുകയും ചെയ്ത ആളുകളാണ് ഞാനും സൗബിനും. എപ്പോഴും എന്റെ കൂടെയുള്ള ഒരു സുഹൃത്താണ് അവന്‍. എനിക്ക് എന്റെ ചേട്ടനെ പോലെ തോന്നിയിട്ടുള്ള നടനാണ് അവന്‍. ഏത് സമയത്തും എനിക്ക് വിളിക്കാന്‍ പറ്റുന്ന ആള് കൂടിയാണ് സൗബിന്‍,’ ശ്രീനാഥ് ഭാസി പറയുന്നു.
Content Highlight: Sreenath Bhasi Talks About Soubin Shahir