| Monday, 12th May 2025, 9:19 am

വേണമെങ്കില്‍ എനിക്ക് വിദ്വേഷം തോന്നാം; പക്ഷെ ആ നടന്‍ എന്റെ കൂട്ടുകാരനാണ്, ജീവനാണ്: ശ്രീനാഥ് ഭാസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ നടനാണ് ശ്രീനാഥ് ഭാസി. മോഹന്‍ലാല്‍ – ബ്ലെസി കൂട്ടുകെട്ടില്‍ എത്തിയ പ്രണയം എന്ന സിനിമയിലൂടെയാണ് ഭാസി തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. എന്നാല്‍ ടാ തടിയാ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധേയനായത്.

ശേഷം മലയാളത്തില്‍ നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ ഭാസിക്ക് സാധിച്ചിരുന്നു. സിനിമയില്‍ നല്ല സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്ന നടന്‍ കൂടിയാണ് ശ്രീനാഥ് ഭാസി. ഇപ്പോള്‍ മൈല്‍ സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് അലിയെ കുറിച്ച് പറയുകയാണ് ഭാസി.

‘ആസിഫ് അലിയെ കുറിച്ച് ചോദിച്ചാല്‍, അവന്‍ എന്റെ ഒരു ലോയല്‍ ഫ്രണ്ടാണ്. ഇപ്പോള്‍ തുടര്‍ച്ചയായി ആസിഫിന് മികച്ച സിനിമകളാണ് ലഭിക്കുന്നത്. അത്തരത്തില്‍ വിജയ സിനിമകള്‍ ലഭിക്കുന്നത് ശരിക്കും ഒരു ബ്ലസിങ് തന്നെയല്ലേ.

അവന്റെ കരിയറില്‍ അങ്ങനെ സംഭവിക്കുന്നത് കാണുമ്പോള്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നുണ്ട്. അങ്ങനെ ഒരു സന്തോഷം തോന്നാന്‍ കാരണം, അവന്‍ ഞങ്ങള്‍ക്കൊക്കെ ഇന്‍സ്പിരേഷന്‍ ആകുന്നത് കൊണ്ടാണ്.

നമ്മളേക്കാള്‍ മുമ്പ് സിനിമയില്‍ വന്ന് അഭിനയം തുടങ്ങിയ ആളാണ് ആസിഫ്. അവന്റെ വരാനിരിക്കുന്ന ടിക്കി ടാക്ക എന്ന സിനിമയില്‍ നിന്ന് എന്നെ മാറ്റിയിട്ടാണ് അവര്‍ ആസിഫിനെ കൊണ്ടുവന്നത്.

വേണമെങ്കില്‍ എനിക്ക് അതില് ആസിഫിനോട് വിദ്വേഷം തോന്നാം. പക്ഷെ അവന്‍ എന്റെ കൂട്ടുകാരനാണ്, എന്റെ ജീവനാണ്. എനിക്ക് അവന്റെ കാര്യത്തില്‍ സന്തോഷമുണ്ട്.

അവന്റെ ജീവിതത്തില്‍ എന്തെങ്കിലും അടിപൊളിയായ കാര്യം നടക്കുമ്പോള്‍ എന്റെ ജീവിതത്തില്‍ നടന്നത് പോലെയുള്ള സന്തോഷമാണ് എനിക്കുണ്ടാകുന്നത്,’ ശ്രീനാഥ് ഭാസി പറഞ്ഞു.

ആസാദി:

ഇപ്പോള്‍ ശ്രീനാഥ് ഭാസിയുടേതായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ആസാദി. നവാഗതനായ ജോ ജോര്‍ജ് സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ വാണി വിശ്വനാഥ്, രവീണ രവി, ലാല്‍, സൈജു കുറുപ്പ് എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങളില്‍ എത്തുന്നത്.

ഒരു മെഡിക്കല്‍ ത്രില്ലര്‍ ഡ്രാമയായിട്ടാണ് ആസാദി വരുന്നത്. വാണി വിശ്വനാഥ് പൊലീസ് ഓഫീസറായി എത്തുന്ന സിനിമ കൂടിയാണ് ആസാദി. കരിയറിലെ നീണ്ട ബ്രേക്കിന് ശേഷം നടി ആദ്യമായി അഭിനയിക്കുന്ന ചിത്രമായിരുന്നു ഇത്. റൈഫിള്‍ ക്ലബില്‍ ആസാദിക്ക് ശേഷമായിരുന്നു നടി അഭിനയിക്കുന്നത്.


Content Highlight: Sreenath Bhasi Says Asif Ali Is His Loyal Friend

We use cookies to give you the best possible experience. Learn more