മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബോക്‌സ് ഓഫീസ് വിജയങ്ങളില്‍ ഒന്നായ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ തിയേറ്ററുകളില്‍ സൃഷ്ടിച്ച തരംഗം ചെറുതല്ല.
റിയലിസ്റ്റിക് മേക്കിങ്ങും അഭിനേതാക്കളുടെ പ്രകടനവും കൊണ്ട് പ്രേക്ഷകരെ ഒന്നടങ്കം മുള്‍മുനയില്‍ നിര്‍ത്തിയ ചിത്രത്തിലെ ഏറ്റവും നിര്‍ണായകമായ രംഗമായിരുന്നു ഗുണാ കേവിലെ കുഴിയിലേക്ക് സുഭാഷ് എന്ന കഥാപാത്രം വീഴുന്നത്.
തിയേറ്ററുകളില്‍ പ്രേക്ഷകര്‍ ശ്വാസമടക്കിപ്പിടിച്ച് കണ്ട ആ രംഗത്തെ കുറിച്ചും, അതിന് പിന്നിലെ ഷൂട്ടിങ് അനുഭവങ്ങളെ കുറിച്ചും മനസ് തുറക്കുകയാണ് നടന്‍ ശ്രീനാഥ് ഭാസി.
തന്റെ പുതിയ ചിത്രമായ ‘കറക്ക’ത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് താരം ആ രംഗത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചത്.
സിനിമയിലെ ഏറ്റവും ഭയപ്പെടുത്തുന്ന ആ വീഴ്ച എത്ര ടേക്കിലാണ് ഓക്കെയായത് എന്ന ചോദ്യത്തിന്, അത് ‘ഒറ്റ ടേക്കില്‍’ ഒക്കെയായ സീനാണെന്നായിരുന്നു ശ്രീനാഥ് ഭാസി പറഞ്ഞത്. എന്നാല്‍ തുടക്കത്തില്‍ ഈ രംഗം ചെയ്യാന്‍ സംവിധായകന്‍ തന്നെ അനുവദിച്ചിരുന്നില്ലെന്നും ഭാസി പറയുന്നു.
മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയില്‍ നിന്നുള്ള രംഗം Photo: Hotstar/Screengrab
‘ആദ്യം എന്നെ ആ രംഗം ചെയ്യാന്‍ സമ്മതിച്ചില്ല. താഴേക്ക് വീഴുമ്പോള്‍ എന്റെ താടി ഇടിക്കുമെന്ന് ക്യാമറാമാന്‍ ഷൈജു ഖാലിദ് പറഞ്ഞു. കാരണം അത്രയും അപകടം പിടിച്ച ഒരു വീഴ്ചയായിരുന്നു അത്.
എല്ലാവരും നില്‍ക്കുന്നിടത്ത് നിന്ന് പെട്ടെന്ന് താഴേക്ക് പോകുന്ന തരത്തിലുള്ള ഒരു വൈഡ് ഷോട്ടായിരുന്നു അത്. അതുകൊണ്ടാണ് അത് ഒറ്റ ടേക്കില്‍ തന്നെ വൈഡ് ഷോട്ടായി എടുത്തത്. ബാക്കി കാര്യങ്ങളൊക്കെ സിനിമയുടെ സെക്കന്‍ഡ് ഹാഫിലാണല്ലോ കാണിക്കുന്നത്.
തുടക്കത്തില്‍ സിനിമയിലെ തന്റെ കഥാപാത്രത്തിന് വലിയ പ്രാധാന്യമില്ലേ എന്ന് തോന്നിയിരുന്നതായും ഭാസി പറഞ്ഞു. പെട്ടെന്ന് തന്നെ കുഴിയിലേക്ക് വീഴുന്ന കഥാപാത്രമായതിനാല്‍ തനിക്ക് അഭിനയിക്കാന്‍ ഒന്നും ഉണ്ടാകില്ലെന്നാണ് ആദ്യം കരുതിയത്.
മഞ്ഞുമ്മല്‍ ബോയ്‌സ് Photo: Facebook
കൊടൈക്കനാല്‍ ഷെഡ്യൂളില്‍ മാത്രമാണ് തനിക്ക് ആ ഒരു ചിന്ത ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് കൊച്ചിയിലെ സ്റ്റുഡിയോ സെറ്റിലേക്ക് ഷൂട്ടിങ് മാറിയപ്പോള്‍ ആവശ്യത്തിന് അഭിനയിക്കാനുള്ള കാര്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും, ആദ്യമുണ്ടായിരുന്ന ആശങ്ക പിന്നീട് മാറിയെന്നും താരം കൂട്ടിച്ചേര്‍ത്തു.
ആ കറുത്ത കുഴിക്കുള്ളില്‍ തനിക്ക് കൂട്ട് ‘ഓറിയോ ബിസ്‌കറ്റ്’ ആയിരുന്നുവെന്നും താരം പറഞ്ഞു. സിനിമയുടെ റിലീസിന് പിന്നാലെ വന്ന അഭിമുഖങ്ങളിലും ഓറിയോ ബിസ്‌ക്കറ്റ് കഥ അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നു.
‘ആ കുഴിയുടെ അകത്ത് ഓറിയോ ബിസ്‌കറ്റും ഞാനും തമ്മില്‍ ഒരു പ്രത്യേക ബന്ധം തന്നെ ആയിരുന്നു’ എന്നാണ് ഭാസി പറഞ്ഞത്.
കുഴിയില്‍ നിന്നും സുഭാഷിനെ രക്ഷപെടുത്തി മുകളില്‍ എത്തിച്ച ശേഷം, സൗബിന്‍ ഷാഹിര്‍ അവതരിപ്പിച്ച കുട്ടേട്ടന്റെ മടിയില്‍ കിടന്നുകൊണ്ട് സുഭാഷ് നോക്കുന്ന ഒരു നോട്ടമുണ്ട്. ആ കഥാപാത്രം അനുഭവിച്ച മുഴുവന്‍ വേദനയും ഭയവും ആ ഒരൊറ്റ നോട്ടത്തില്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ഭാസിക്ക് കഴിഞ്ഞിരുന്നു. ആ രംഗം എങ്ങനെയാണ് അത്രയും പെര്‍ഫെക്റ്റായി ചെയ്തതെന്ന ചോദ്യത്തിന്
മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയില്‍ നിന്നുള്ള രംഗം Photo: Hotstar/Screengrab
ഷൂട്ട് ചെയ്യുമ്പോള്‍ അവിടെ ഒരു ആറ്-ഏഴ് ഡിഗ്രി തണുപ്പുണ്ടായിരുന്നെന്നും ആ തണുപ്പത്ത് നില്‍ക്കുമ്പോള്‍ തന്നെ പകുതി അഭിനയം തനിയെ വരുമെന്നായിരുന്നു ഭാസിയുടെ മറുപടി.
പിന്നെ എന്റെ മുന്നില്‍ നിന്നത് പവര്‍ പാക്ക്ഡ് ആയിട്ടുള്ള പിള്ളേരാണ്. അവര്‍ക്കിടയില്‍ കൃത്യമായ ഒരു ഇമോഷണല്‍ എക്‌സ്‌ചേഞ്ച് നടക്കുന്നുണ്ടായിരുന്നു. അവരെല്ലാവരും അതുപോലെ തന്നെയാണ് അഭിനയിച്ചത്.
ഓരോരുത്തരും അവരവരുടെ ഭാഗങ്ങള്‍ മികച്ചതാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നുവെന്നും, സഹതാരങ്ങളില്‍ നിന്നുള്ള ആ പെര്‍ഫോമന്‍സ് കൃത്യമായി കിട്ടിയതുകൊണ്ടാണ് തനിക്ക് ആ രംഗം അത്രയും എളുപ്പത്തില്‍ ചെയ്യാന്‍ കഴിഞ്ഞതെന്നും ശ്രീനാഥ് ഭാസി പറഞ്ഞു.
Content Highlight: Sreenath Bhasi about Manjummel Boys scene