| Sunday, 11th May 2025, 3:23 pm

ഇനിയങ്ങോട്ട് ഞാന്‍ അവരുടെ കാര്യം മാത്രം നോക്കി ജീവിക്കാനാണ് ആഗ്രഹിക്കുന്നത്, അല്ലാത്ത കാര്യങ്ങള്‍ എന്നെ ബാധിക്കില്ല: ശ്രീനാഥ് ഭാസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റേഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ച് പിന്നീട് സിനിമയിലേക്ക് ചേക്കേറിയ നടനാണ് ശ്രീനാഥ് ഭാസി. ബ്ലെസി സംവിധാനം ചെയ്ത പ്രണയം എന്ന ചിത്രത്തിലൂടെയാണ് ശ്രീനാഥ് ഭാസി തന്റെ സിനിമാജീവിതം ആരംഭിച്ചത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് വളരെ വേഗം മലയാളത്തിലെ മുന്‍നിരയില്‍ സ്ഥാനം നേടാന്‍ ശ്രീനാഥ് ഭാസിക്ക് സാധിച്ചു.

കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിലൂടെ കേരളത്തിന് പുറത്തും ശ്രീനാഥ് ഭാസി ശ്രദ്ധേയനായി. എന്നാല്‍ സിനിമക്ക് പുറത്ത് ഒരുപാട് വിവാദങ്ങള്‍ ശ്രീനാഥ് ഭാസിയെ തേടിയെത്തിയിരുന്നു. സിനമാസെറ്റുകളിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഒരുപാട് ആരോപണങ്ങള്‍ ശ്രീനാഥ് ഭാസി നേരിട്ടു.

ഇപ്പോഴിതാ തന്റെ ജീവിതം ഇനി എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശ്രീനാഥ് ഭാസി. നിലവില്‍ തന്റെ വീട്ടുകാരുടെ കൂടെയാണ് താന്‍ താമസിക്കുന്നതെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. അവരെയാണ് ഇനി താന്‍ ഇംപോര്‍ട്ടന്റായി കണക്കാക്കുന്നതെന്നും അവരുടെ കാര്യം നോക്കി ജീവിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ശ്രീനാഥ് ഭാസി കൂട്ടിച്ചേര്‍ത്തു.

താന്‍ ഇപ്പോള്‍ ഏറ്റവും സുരക്ഷിതനാണെന്ന് കരുതുന്നത് അവരുടെ അടുത്ത് നില്‍ക്കുമ്പോഴാണെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. ഇത്തരമൊരു സമയത്ത് അവര്‍ക്കുണ്ടാകുന്ന വിഷമങ്ങളൊക്കെയാണ് താന്‍ സീരിയസായി കാണുന്നതെന്നും മറ്റ് കാര്യങ്ങള്‍ തന്നെ ബാധിക്കുന്നില്ലെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. ജോലിയുടെ കാര്യങ്ങള്‍ അതിന്റേതായ രീതിയില്‍ മുന്നോട്ടുപോകുമെന്നും ശ്രീനാഥ് ഭാസി പറയുന്നു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു ശ്രീനാഥ് ഭാസി.

‘ഇപ്പോള്‍ ഞാന്‍ കൂടുതലായി കോണ്‍സന്‍ട്രേറ്റ് ചെയ്യുന്നത് എന്റെ കുടുംബത്തിന്റെ കാര്യത്തിലാണ്. ഞാന്‍ ഇപ്പോള്‍ അവരുടെ കൂടെയാണ് താമസിക്കുന്നത്. അവരുടെ കൂടെ നില്‍ക്കുമ്പോള്‍ കൂടുതല്‍ സേഫ് ആണെന്ന് എനിക്ക് തോന്നാറുണ്ട്. എനിക്ക് അവരുടെ കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ മതിയെന്നാണ് ഞാന്‍ ചിന്തിക്കുന്നത്.

അവരെ ടേക്ക് കെയര്‍ ചെയ്യണമെന്നൊക്കെ മാത്രമേ ചിന്തിക്കുന്നുള്ളൂ. ഇത്തരമൊരു അവസ്ഥയില്‍ അവരുടെ വിഷമങ്ങളും മറ്റ് കാര്യങ്ങളുമാണ് ഞാന്‍ ഡീല്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അല്ലാതെ എന്റെ ജോലിയുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങള്‍ അതിന്റേതായ രീതിയില്‍ മുന്നോട്ട് പൊയ്‌ക്കോളുമെന്ന് കരുതുന്നു,’ ശ്രീനാഥ് ഭാസി പറയുന്നു.

Content Highlight: Sreenath Bhasi about his life plan after the controversies

We use cookies to give you the best possible experience. Learn more