പാട്ടുകള്‍ക്ക് വേണ്ടിയായിരുന്നു എന്നെ ഉപയോഗിച്ചത്; പരാശക്തിയില്‍ പ്രധാനപ്പെട്ട വേഷമാണ്: ശ്രീലീല
Indian Cinema
പാട്ടുകള്‍ക്ക് വേണ്ടിയായിരുന്നു എന്നെ ഉപയോഗിച്ചത്; പരാശക്തിയില്‍ പ്രധാനപ്പെട്ട വേഷമാണ്: ശ്രീലീല
അശ്വിന്‍ രാജേന്ദ്രന്‍
Sunday, 4th January 2026, 11:55 am

സുരറൈ പോട്രിനു ശേഷം സുധാ കൊങ്കര സംവിധാനം ചെയ്ത് ജനുവരി 10 ന് പൊങ്കല്‍ റിലീസായി തിയേറ്ററുകളിലേക്കെത്തുന്ന ചിത്രമാണ് പരാശക്തി. ശിവകാര്‍ത്തികേയന്‍ നായകനായെത്തുന്ന ചിത്രം 1960 കളില്‍ മദ്രാസ് സ്റ്റേറ്റില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിരെ സമരം ചെയ്ത രാജേന്ദ്രന്‍ എന്ന വിദ്യര്‍ത്ഥി നേതാവിന്റെ കഥ പറയുന്നു.

Photo: screen grab/Saregama Tamil/ Youtube.com

ശിവകാര്‍ത്തികേയന് പുറമെ ചിത്രത്തില്‍ രവി മോഹന്‍, ശ്രീലീല, അഥര്‍വ്വ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. തെലുങ്ക് ചിത്രങ്ങളില്‍ പതിവായി ഐറ്റം ഡാന്‍സുകളിലും ഗ്ലാമറസ് വേഷങ്ങളിലും അഭിനയിക്കുന്ന ശ്രീലീലക്ക് അഭിനയ പ്രാധാന്യമുള്ള വേഷമായിരിക്കും ചിത്രത്തിലെന്ന് നേരത്തേ പുറത്തുവിട്ട ടീസറുകളും പോസ്റ്ററുകളും സൂചിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം ചെന്നെയില്‍ നടന്ന ഓഡിയോ ലോഞ്ചില്‍ സംസാരിക്കവെ താരവും ഇതേ കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഒരുപാട് കാലമായി താന്‍ ഇത്തരത്തിലൊരു വേഷത്തിനായി കാത്തിരിക്കുകയാണെന്നും കരിയറിന്റെ തുടക്കത്തില്‍ സിനിമയിലെ ഫാസ്റ്റ് സോങ്ങുകള്‍ക്ക് വേണ്ടി മാത്രമായിരുന്നു തന്നെ ഉപയോഗിച്ചിരുന്നതെന്നും താരം പറഞ്ഞു.

‘ഈ ചിത്രത്തില്‍ എന്റെ കഥാപാത്രം വളരെ പ്രധാനപ്പെട്ടതാണ്, സുധാ കൊങ്കര മാം വളരെ ഡീറ്റെയില്‍ഡ് ആയിട്ടാണ് ചിത്രത്തിലെ ഓരോ സീനും പറഞ്ഞു തന്നത്. അവര്‍ എനിക്ക് ഒരമ്മയെ പോലെയാണ്. കാര്യങ്ങള്‍ പറഞ്ഞു തരുമ്പോള്‍ അവര്‍ വളരെയധികം ഇമോഷണലാവും.

എന്റെ കരിയറില്‍ ഒരുപാട് ഡാന്‍സ് നമ്പേഴ്‌സ് എനിക്ക് കിട്ടിയിട്ടുണ്ട്, പക്ഷേ രത്‌നമാല പോലൊരു ഗാനം എനിക്ക് നല്‍കിയതില്‍ ജി.വി പ്രകാശ് സാറിനോട് ഒരുപാട് നന്ദിയുണ്ട്.

ശ്രീലീല. Photo: Gulte

രവിമോഹന്‍ സാര്‍ എനിക്ക് ഒരു ഗുരുവിനെ പോലെയാണ്, സാര്‍ അഭിനയിക്കുന്ന ഓരോ ഷോട്ടുകളും അത്രയും എനര്‍ജിയോടെയാണ് ഞാന്‍ കണ്ടിരുന്നത് പക്ഷേ അഭിനയത്തിനു ശേഷം താങ്കള്‍ നിശബ്ദനാകുന്നതും എന്നെ അത്ഭുതപ്പെടുത്തി,’ താരം പറഞ്ഞു.

2017 ല്‍ പുറത്തിറങ്ങിയ ചിത്രാങ്ങട എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച ശ്രീലീല ധമാക്ക, ഭഗവന്ത് കേസരി, ഗുണ്ടൂര്‍ കാരം തുടങ്ങി ഒട്ടനവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. വമ്പന്‍ ഹിറ്റായ അല്ലു അര്‍ജുന്റെ പുഷ്പ 2 വിലെ കിസ്സിക്ക് എന്ന ഗാനത്തിലെ ശ്രീലീലയുടെ നൃത്തച്ചുവടുകള്‍ വലിയ രീതിയില്‍ വൈറലായിരുന്നു.

Content Highlight: Sreeleela talks about her role in parasakthi movie

 

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.