നൃത്ത ചുവടുകൾ കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ തെന്നിന്ത്യൻ താരമാണ് ശ്രീലീല. പ്രധാനമായും തെലുങ്ക്, കന്നഡ സിനിമകളിൽ പ്രവർത്തിക്കുന്ന ശ്രീലീല 2017 ൽ ബാലതാരമായാണ് സിനിമയിൽ തുടക്കം കുറിച്ചത്. ശ്രീലീല എന്ന നടിയെ തെലുങ്ക് സിനിമാ ലോകത്തിന് പുറത്തുള്ള പ്രേക്ഷകര്‍ അറിഞ്ഞത് പുഷ്പ 2 യിലെ കിസ് കിസ് എന്ന പാട്ടിന് ശേഷമാണ്. 23 വയസ്സിനുള്ളിൽ മൂന്ന് ദത്തുകുട്ടികളുടെ അമ്മയാണെന്ന പ്രത്യേകതയും താരത്തിനുണ്ട്.
പുഷ്പയുടെ ആദ്യ ഭാഗത്ത് സമാന്ത റൂത്ത് പ്രഭു ചെയ്ത ഊ അണ്‍ട വാ എന്ന പാട്ടിനോളം വരില്ല കിസ് കിസ് എന്നായിരുന്നു ചില ആരാധകർ ശ്രീലീലയെ വിമർശിച്ചത്. എന്നാൽ താരം അതിനെല്ലാം ഉചിത മറുപടി നൽകാറുമുണ്ട്.
ഇപ്പോൾ തന്റെയും മറ്റ് നടിമാരുടെയും പേരിൽ പ്രചരിക്കുന്ന വ്യാജ AI വീഡിയോകൾക്കെതിരെ പ്രതികരിക്കുകയാണ് ശ്രീലീല. എ.ഐ ഉപയോഗം മറ്റുള്ളവരെ അപമാനിക്കുന്ന തരത്തിലാവരുതെന്നും താരം പറഞ്ഞു. ഇത്തരം പ്രവണതകളെ ആരും പിന്തുണയ്ക്കരുതെന്ന് താരം സോഷ്യൽ മീഡിയയിൽ കൈകൂപ്പി അപേക്ഷിച്ചു.
സിനിമയെ പ്രൊഫഷൻ ആയി തെരഞ്ഞെടുത്താലും ഓരോ പെൺകുട്ടിയും ആരുടെയൊക്കെയോ മകളോ സഹോദരിയോ സുഹൃത്തോ ആയിരിക്കും. തിരക്കുകൾ കാരണം ഓൺലൈനിൽ നടക്കുന്ന പലതും അറിയാൻ തനിക്ക് സാധിച്ചിരുന്നില്ല. എന്നാൽ സുഹൃത്തുക്കൾ വഴി അറിഞ്ഞപ്പോൾ വളരെ വിഷമം തോന്നിയെന്നും താരം പറഞ്ഞു.
ഈ വിഷയത്തിൽ അധികാരികൾ അന്വേഷണം നടത്തി വരുകയാണെന്നും നിയമ നടപടികൾ തുടരുമെന്നും താരം അറിയിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിൽ പ്രേക്ഷകർ തന്നോടൊപ്പം നിൽക്കണമെന്നും ശ്രീലീല അഭ്യർത്ഥിച്ചു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ടെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.