| Friday, 31st January 2025, 9:53 am

ആ നടന് മുമ്പ് മലയാള സിനിമയില്‍ ഇങ്ങനെ ശരീര സൗന്ദര്യമുള്ള മറ്റൊരാള്‍ ഉണ്ടായിരുന്നില്ല: ശ്രീലത നമ്പൂതിരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സത്യനും മധുവും ഷീലയും ഒന്നിച്ച ഖദീജ (1967) എന്ന സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടിയാണ് ശ്രീലത നമ്പൂതിരി. നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയായി മാറാന്‍ ശ്രീലതക്ക് സാധിച്ചിരുന്നു.

ഇതുവരെ 300ലധികം സിനിമകളിലാണ് നടി അഭിനയിച്ചത്. നടന്‍ ജയന്റെ ആദ്യ സിനിമയായ ശാപമോക്ഷം മുതല്‍ അദ്ദേഹത്തിന്റെ അവസാന സിനിമയായ കോളിളക്കം വരെ നാല്‍പതോളം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ ജയനൊപ്പവും നടി അഭിനയിച്ചിട്ടുണ്ട്.

ഇപ്പോള്‍ ജയനെ കുറിച്ച് പറയുകയാണ് ശ്രീലത നമ്പൂതിരി. ജയന്‍ സിനിമയിലേക്ക് വരുന്നതിന് മുമ്പാണ് താന്‍ ആദ്യമായി അദ്ദേഹത്തെ കാണുന്നതെന്നും നല്ല ഭംഗിയുള്ള ആളാണ് ജയനെന്നും നടി പറഞ്ഞു. അതുവരെ മലയാള സിനിമയില്‍ ഇങ്ങനെ ശരീര സൗന്ദര്യമുള്ള ഒരു നടന്‍ ഉണ്ടായിരുന്നില്ലെന്നും ശ്രീലത കൂട്ടിച്ചേര്‍ത്തു. കൈരളിയിലെ ‘ഓര്‍മയില്‍ എന്നും’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നടി.

‘ജയനെ ഞാന്‍ ആദ്യമായി കാണുന്നത് അദ്ദേഹം സിനിമയില്‍ അഭിനയിക്കുന്നതിനൊക്കെ മുമ്പാണ്. നല്ല ഭംഗിയുള്ള ആളാണ് ജയന്‍. ആദ്യമായി ജയന്റെ ഗെറ്റപ്പ് കണ്ടപ്പോള്‍ തന്നെ ഞാന്‍ ശ്രദ്ധിച്ചിരുന്നു. അതുവരെ മലയാള സിനിമയില്‍ ഇങ്ങനെ ശരീര സൗന്ദര്യമുള്ള ഒരു നടന്‍ ഉണ്ടായിരുന്നില്ല.

നസീര്‍ സാര്‍ പിന്നെ എപ്പോഴും ഒരുപോലെ തന്നെയാണ് ഇരിക്കുന്നത്. മറ്റുള്ളവരാണെങ്കില്‍ കുറച്ച് കുടവയറൊക്കെ ഉള്ളവരാണ്. തമിഴിലും തെലുങ്കിലുമൊക്കെ നമ്മള്‍ അങ്ങനെയുള്ളവരെ കണ്ടിട്ടുണ്ട്. ജയനെ കണ്ടപ്പോള്‍ ശരിക്കും കൊള്ളാമല്ലോയെന്ന് തോന്നി. ഈ ആള്‍ എങ്ങനെയെങ്കിലും രക്ഷപ്പെടുമെന്നും തോന്നി.

പിന്നെ അദ്ദേഹത്തിന്റെ ശാപമോക്ഷം എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഞങ്ങള്‍ക്ക് കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നില്ല. അതിന് ശേഷം വന്ന ഏതോ സിനിമയുടെ സമയത്താണ് ഞാന്‍ അദ്ദേഹം സിനിമയില്‍ വന്നതിന് ശേഷം ആദ്യമായി കാണുന്നത്,’ ശ്രീലത നമ്പൂതിരി പറഞ്ഞു.

Content Highlight: Sreelatha Namboothiri Talks About Actor Jayan

We use cookies to give you the best possible experience. Learn more