| Sunday, 13th April 2025, 6:00 pm

ഭൂതക്കണ്ണാടിയില്‍ ആ നായിക മൂന്ന് ദിവസം അഭിനയിച്ചു; ലോഹിസാറിന് തൃപ്തി തോന്നാത്തതുകൊണ്ട് അവരെ മാറ്റി എന്നെയാക്കി: ശ്രീലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭൂതക്കണ്ണാടി എന്ന സിനിമയെ കുറിച്ചും ലോഹിതദാസിനെ കുറിച്ചും സംസാരിക്കുകയാണ് നടി ശ്രീലക്ഷ്മി. ഭൂതക്കണ്ണാടിയില്‍ ആദ്യം സുകന്യ ആയിരുന്നു നായികയെന്നും എന്നാല്‍ കുറച്ച് ദിവസങ്ങളുടെ ഷൂട്ടിന് ശേഷം മറ്റൊരു നായികയെ ലോഹിതദാസ് അന്വേഷിച്ചെന്നും ശ്രീലക്ഷ്മി പറയുന്നു.

ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത തന്റെ ഒരു സീരിയല്‍ കണ്ട് വിളിച്ചെന്നും കോസ്റ്റ്യൂം അണിഞ്ഞ് വന്നപ്പോള്‍ ‘ഹാ ഇതാണ് എന്റെ മനസിലെ സരോജിനി, ചന്ദ്രികാ സോപ്പിന്റെ മണമുള്ള സരോജിനി’ എന്ന് ലോഹിതദാസ് പറഞ്ഞെന്നും ശ്രീലക്ഷ്മി കൂട്ടിച്ചേര്‍ത്തു. ഒരിക്കല്‍ ഫിലിം ഫെയറില്‍ തന്റെ അഭിമുഖം പ്രസിദ്ധീകരിച്ച് വന്നപ്പോള്‍ മലയാളത്തിന്റെ സ്മിതാ പാട്ടീല്‍ എന്ന് ലോഹിതദാസ് കമന്റ് ചെയ്തെന്നും നടി പറഞ്ഞു.

‘കലാക്ഷേത്രയില്‍ സ്ഥിരമായി സംവിധായകര്‍ വരുമായിരുന്നു. നടിമാരായ സുകന്യയും അമലയുമൊക്കെ എന്റെ സീനിയേഴ്‌സായിരുന്നു അവിടെ. ഭൂതക്കണ്ണാടിയില്‍ സുകന്യയെ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. രണ്ടോ മൂന്നോ ദിവസം അവര്‍ അഭിനയിച്ചു. പക്ഷേ, ലോഹിസാറിന് തൃപ്തി തോന്നിയില്ല. അദ്ദേഹം മനസില്‍ കണ്ട കഥാപാത്രം അങ്ങനെയായിരുന്നില്ല.

മറ്റൊരു നായികയെ തിരയുമ്പോഴാണ് ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന ‘മരണം ദുര്‍ബലം’ എന്ന സീരിയലില്‍ എന്നെ കണ്ടത്. കിരീടം ഉണ്ണിച്ചേട്ടന്‍ വഴി അദ്ദേഹം എന്നെ ബന്ധപ്പെടുകയായിരുന്നു. മമ്മൂട്ടിയാണ് നായകന്‍, ലോഹി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണെന്ന് ഉണ്ണിച്ചേട്ടന്‍ പറഞ്ഞപ്പോള്‍ തന്നെ ഞാനവിടന്ന് വണ്ടി കയറി.

അന്നെനിക്ക് 21 വയസാണ്. പതിനഞ്ച് വയസുള്ള കുട്ടിയുടെ അമ്മയായി ഞാനെങ്ങനെ അഭിനയിക്കുമെന്ന് ചോദിച്ചപ്പോള്‍ നീ അഭിനയിക്കാന്‍ തയ്യാറാണെങ്കില്‍ ഞാന്‍ നിന്നെക്കൊണ്ട് ചെയ്യിച്ചോളാമെന്ന് ലോഹിസാര്‍ പറഞ്ഞു.

അതൊരു ചാലഞ്ചായി ഏറ്റെടുത്തു. കോസ്റ്റ്യൂം അണിഞ്ഞ് വന്നപ്പോള്‍ ‘ഹാ ഇതാണ് എന്റെ മനസിലെ സരോജിനി, ചന്ദ്രികാ സോപ്പിന്റെ മണമുള്ള സരോജിനി’ എന്ന് അദ്ദേഹം പറഞ്ഞു. ഒരിക്കല്‍ ഫിലിം ഫെയറില്‍ എന്റെ അഭിമുഖം പ്രസിദ്ധീകരിച്ച് വന്നപ്പോള്‍ ലോഹിസാര്‍ കമന്റ് ചെയ്തത് ഞാനോര്‍ക്കുന്നുണ്ട്. മലയാളത്തിന്റെ സ്മിതാ പാട്ടീല്‍ എന്ന്. എനിക്ക് കിട്ടിയ വിലമതിപ്പുള്ള അനുമോദനമായിരുന്നുവത്. ഭൂതക്കണ്ണാടിക്കുശേഷം ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമോ എന്നൊരു പേടിയുണ്ടായിരുന്നു,’ ശ്രീലക്ഷ്മി പറയുന്നു.

Content Highlight: Sreelakshmi Talks About Bhoothakannadi movie And Lohithadas

We use cookies to give you the best possible experience. Learn more