കഴിഞ്ഞവര്‍ഷത്തെ ഏറ്റവും മികച്ച സിനിമാനുഭവങ്ങളിലൊന്നായിരുന്നു ദിന്‍ജിത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോ. ബാഹുല്‍ രമേശ് തിരക്കഥയൊരുക്കിയ ചിത്രം അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ ഞെട്ടിച്ചു. കിഷ്‌കിന്ധാകാണ്ഡത്തിന് ശേഷം കാണുന്ന പ്രേക്ഷകരെ ആദ്യാവസാനം പിടിച്ചിരുത്തിയ ചിത്രമെന്നാണ് എക്കോയെ പലരും വിശേഷിപ്പിച്ചത്.
എക്കോയിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ബിയോണ മോമിന്‍ അവതരിപ്പിച്ച മ്ലാത്തി ചേട്ടത്തി. ഈയടുത്ത് വന്ന ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ പട്ടികയിലാണ് മ്ലാത്തി ചേട്ടത്തിയെ ഉള്‍പ്പെടുത്തിയത്. ഒ.ടി.ടി റിലീസിന് ശേഷവും എക്കോ പലരുടെയും ചര്‍ച്ചകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ ശ്രീകാന്ത് വെട്ടിയാര്‍ കഴിഞ്ഞദിവസം പങ്കുവെച്ച സ്പൂഫ് വീഡിയോയാണ് ചര്‍ച്ചയായിരിക്കുന്നത്.
എക്കോ Photo: Southwood/ X.com
എക്കോയുടെ ക്ലൈമാക്‌സ് രംഗത്തെയാണ് തമാശരൂപത്തില്‍ വെട്ടിയാരും അമ്മയും അവതരിപ്പിച്ചത്. ‘കുര്യച്ചന് കിട്ടാത്ത പട്ടികള്‍ ഒന്നുമില്ലായിരുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. നാടന്‍ പട്ടികളുടെ മുഖത്ത് മഗ്ഗ് കൊണ്ടടിച്ച് പഗ്ഗാണെന്ന് പറഞ്ഞ് വില്‍ക്കുന്നതായിരുന്നു കുര്യച്ചന്റെ ഹോബി എന്നും വീഡിയോയില്‍ പറയുന്നുണ്ട്.
‘അവസാനമായി ഒരു സംശയം കൂടിയുണ്ട്’ എന്ന് വെട്ടിയാര്‍ ചോദിക്കുമ്പോള്‍ ‘മ്ലാത്തി ചേട്ടത്തിക്ക് ഡബ്ബ് ചെയ്തത് ഞാനാണെന്നാണോ’ എന്നായിരുന്നു മറുപടി. അല്ല എന്ന് പറഞ്ഞതിന് ശേഷം കുര്യച്ചന്റെ അവസ്ഥയും വീഡിയോയില്‍ കാണിക്കുന്നുണ്ട്. പട്ടികള്‍ കാവല്‍ നില്‍ക്കുന്ന കുര്യച്ചന് കഞ്ഞി കൊണ്ട് കൊടുക്കുമ്പോള്‍ ‘ഇടയ്ക്ക് അല്‍ ഫാമും കുഴിമന്തിയുമൊക്കെ ആകാം കേട്ടോ’ എന്ന് പറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
എക്കോ സ്പൂഫ് Photo: Screen grab/ Sreekanth Vettiyar
ചുരുങ്ങിയ സമയം കൊണ്ട് വീഡിയോ വൈറലായിരിക്കുകയാണ്. എക്കോ ഒ.ടി.ടിയില്‍ കണ്ടവരെല്ലാം ചോദിച്ചത് മ്ലാത്തി ചേട്ടത്തിക്ക് ഡബ്ബ് ചെയ്തത് ശ്രീകാന്ത് വെട്ടിയാരുടെ അമ്മയാണോ എന്നായിരുന്നു. ഇപ്പോള്‍ ആ കാര്യത്തിലും വ്യക്തത വന്നിരിക്കുകയാണെന്ന് കമന്റ് ബോക്‌സില്‍ പലരും അഭിപ്രായപ്പെടുന്നുണ്ട്. ‘നാടന്‍ പട്ടിയെ മഗ്ഗ് കൊണ്ട് അടിച്ച് പഗ്ഗാണെന്ന് പറഞ്ഞ് വിറ്റ കുര്യച്ചനാണ് എന്റെ ഹീറോ’ എന്ന കമന്റിനും നിരവധി ലൈക്കുകളാണ്.
എക്കോയുടെ സംഗീത സംവിധായകന്‍ മുജീബ് മജീദും വീഡിയോക്ക് കമന്റ് പങ്കുവെച്ചു. വളരെ സീരിയസായ രംഗത്തെ മനോഹരമായിട്ടാണ് കോമഡിയായി അവതരിപ്പിച്ചതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇന്ന് പങ്കുവെച്ച വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ നാല് ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. ഒരു ലക്ഷത്തിലധികം ലൈക്കുകളും വീഡിയോ സ്വന്തമാക്കി.
എക്കോ Photo: Screen grab/ Netflix India
ബിയോണ മോമിന്‍ അവതരിപ്പിച്ച മ്ലാത്തി ചേട്ടത്തിക്ക് ഡബ്ബ് ചെയ്തത് കെ.പി.എ.സി ലീലയാണ്. പൂക്കാലം എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ ലീല വളരെ മനോഹരമായാണ് ബിയോണക്ക് ഡബ്ബ് ചെയ്തത്.