| Monday, 5th May 2025, 9:56 pm

നിവിനോട് കഥ പറയാന്‍ പോയ എന്നെ ശബ്ദം കൊള്ളാമെന്ന് പറഞ്ഞ് അയാള്‍ സിനിമയില്‍ അഭിനയിപ്പിച്ചു: ശ്രീകാന്ത് മുരളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതനാണ് ശ്രീകാന്ത് മുരളി. കെ.ജി. ജോര്‍ജിന്റെ ഒരു യാത്രയുടെ അന്ത്യം എന്ന സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് അദ്ദേഹം സിനിമാ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് കവിയൂര്‍ ശിവപ്രസാദ്, പ്രിയദര്‍ശന്‍ എന്നിവരുടെ സംവിധാന സഹായിയായി.

വിനീത് ശ്രീനിവാസനെ നായകനാക്കി 2017ല്‍ റിലീസായ എബിയിലൂടെയാണ് ശ്രീകാന്ത് മുരളി സ്വതന്ത്രസംവിധായകനായി മാറിയത്. എന്നാല്‍ അതിന് മുമ്പ് എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജുവിലൂടെ അദ്ദേഹം അഭിനേതാവ് എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു.

ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ആക്ഷന്‍ ഹീറോ ബിജുവില്‍ അഭിനയിക്കാന്‍ ഉണ്ടായ സാഹചര്യത്തെ കുറിച്ച് പറയുകയാണ് ശ്രീകാന്ത് മുരളി. വ്യത്യസ്തമായ ശബ്ദമായത് കാരണം ശബ്ദത്തിലൂടെ പെട്ടെന്ന് തിരിച്ചറിയുമെന്നത് ഗുണം ചെയ്തിട്ടില്ലേ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

‘അഭിനയം തീര്‍ത്തും അപ്രതീക്ഷിതമായി സംഭവിച്ചതാണ്. വിനീത് പറഞ്ഞതനുസരിച്ച് നിവിന്‍ പോളിയോട് കഥ പറയാന്‍ പോയ എന്നെ പിടിച്ച് ആക്ഷന്‍ ഹീറോ ബിജുവില്‍ അഭിനയിപ്പിച്ചത് എബ്രിഡ് ഷൈനാണ്.

‘കൊള്ളാമല്ലോ ഈ ശബ്ദം. നിങ്ങളൊരു കലക്ക് കലക്കും’ എന്നായിരുന്നു അന്ന് എബ്രിഡ് ഷൈന്‍ പറഞ്ഞത്. അങ്ങനെയാണ് എന്റെ ജീവിതം ദോശ മറിച്ചിട്ടത് പോലെ മാറിയത് (ചിരി),’ ശ്രീകാന്ത് മുരളി പറയുന്നു.

ആക്ഷന്‍ ഹീറോ ബിജു:

2016ല്‍ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് തിയേറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആക്ഷന്‍ ഹീറോ ബിജു. നിവിന്‍ പോളി ആയിരുന്നു ഈ സിനിമയില്‍ നായകനായി എത്തിയത്. എസ്.ഐ ബിജു പൗലോസ് എന്ന പൊലീസുകാരനായിട്ടാണ് നിവിന്‍ ഈ ചിത്രത്തില്‍ അഭിനയിച്ചത്.

നിര്‍മാതാവെന്ന നിലയില്‍ നിവിന്‍ അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണിത്. നിവിന്‍ പോളിക്ക് പുറമെ അനു ഇമാനുവല്‍, ശ്രീകാന്ത് മുരളി, സൈജു കുറുപ്പ്, മേജര്‍ രവി, ജോജു ജോര്‍ജ് തുടങ്ങിയ മികച്ച താരനിര തന്നെയായിരുന്നു ആക്ഷന്‍ ഹീറോ ബിജുവില്‍ ഒന്നിച്ചത്.

Content Highlight: Sreekanth Murali Talks About Abrid Shine And Action Hero Biju Movie

We use cookies to give you the best possible experience. Learn more