| Sunday, 2nd November 2025, 6:49 pm

വടക്കേ ഇന്ത്യയില്‍ വാര്‍ത്തയാകാന്‍ സാധ്യതയുണ്ട്, കേരള സ്റ്റോറിയുടെ മറ്റൊരു തിരക്കഥയും; ജനം ടി.വിക്കെതിരെ ശ്രീജിത്ത് ദിവാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മലപ്പുറത്തെ ചങ്കരക്കുളം സര്‍ക്കാര്‍ സ്‌കൂളിനെതിരായ വ്യാജവാര്‍ത്തയില്‍ ജനം ടി.വിയെ വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തകര്‍ ശ്രീജിത്ത് ദിവാകരന്‍. വരും ദിവസങ്ങളില്‍ മൂക്കുതല ജി.എം.എല്‍.പി സ്‌കൂള്‍ പിണറായി വിജയനും മുസ്‌ലിം ഭീകരരും ചേര്‍ന്ന് നടത്തുന്ന രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണെന്ന് വടക്കേ ഇന്ത്യയില്‍ വാര്‍ത്ത വരാനിടയുണ്ടെന്ന് ശ്രീജിത്ത് ദിവാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്ത്യയുടെ ദേശീയഗാനം എഴുതിയ രബീന്ദ്രനാഥ ടാഗോറിന്റെ വരികള്‍ ദേശദ്രോഹമാണെന്ന് പ്രഖ്യാപിക്കുന്ന ഊളകള്‍ സംഘപരിവാരത്തിന് മാത്രം ലഭ്യമായ ഒരിനമാണെന്നും ശ്രീജിത്ത് ദിവാകരന്‍ വിമര്‍ശിച്ചു. മലപ്പുറമായതുകൊണ്ട് ദേശീയതലത്തില്‍ ഇതിന്റെ പേരില്‍ മറ്റൊരു കേരള സ്റ്റോറിയുടെ തിരക്കഥ കൂടി അവര്‍ തയ്യാറാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ ദേശീയ ഗാനവും ‘അമര്‍ സൊനാര്‍ ബംഗ്ലാ, ആമി തുമേ ബാലോബാഷി’ എന്നാരംഭിക്കുന്ന ബംഗ്ലാദേശിന്റെ ദേശീയ ഗാനവുമെഴുതിയ വ്യക്തിയാണ് ടാഗോറെന്നും ശ്രീജിത്ത് ദിവാകരന്‍ ഓര്‍മിപ്പിച്ചു.

ഇന്ത്യയില്‍ നിന്ന് സാഹിത്യത്തിന് നോബല്‍ സമ്മാനം നേടിയിട്ടുള്ള ഒരേയൊരാള്‍, ഗാന്ധിജിയെ ആദ്യമായി മഹാത്മാ എന്ന് വിളിച്ചയാള്‍, ശാന്തിനികേതന്‍ എന്ന വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ച വ്യക്തി ഇത്തരത്തില്‍ ടാഗോറിന് ഒരുപാട് വിശേഷണങ്ങള്‍ നല്‍കാമെന്നും ശ്രീജിത്ത് ദിവാകരന്‍ പറഞ്ഞു.

‘മലപ്പുറത്തെ സര്‍ക്കാര്‍ സ്‌കൂളിന് മുന്നിലെ മതിലില്‍ രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍’ എന്ന തലക്കെട്ടിലാണ് ജനം ടി.വി കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയത്. ഇതിനുപിന്നില്‍ അധ്യാപകരാണെന്നും വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ജനം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ ടാഗോറിന്റെ വാചകമാണ് മതിലെഴുത്തില്‍ ഉള്ളത്. ‘രത്‌നങ്ങളുടെ വിലകൊടുത്ത് കുപ്പിച്ചില്ലുകള്‍ വാങ്ങുന്നത് പോലെയാണ് മനുഷ്യസ്‌നേഹത്തിന് പകരം രാജ്യസ്‌നേഹത്തെ പ്രതിഷ്ഠിക്കുന്നത്,’ എന്നാണ് മതിലില്‍ എഴുതിയിരിക്കുന്നത്.

ഇതിനെതിരെ പ്രദേശവാസികള്‍ രംഗത്തെത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജനം ടി.വിയുടെ റിപ്പോര്‍ട്ട്. സംഭവത്തില്‍ അധ്യാപകര്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെന്നും ജനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ രൂക്ഷവിമര്‍ശനമാണ് ജനം ടി.വിക്കെതിരെ ഉയര്‍ന്നത്.

വ്യാജപ്രചാരണത്തിന് പിന്നില്‍ ഇതുവരെ ടാഗോറിനെ കേള്‍ക്കാത്തവരാണെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടി. ടാഗോറിന്റെ ഉദ്ധരണികള്‍ മനസിലാകണമെങ്കില്‍ ജനം ടി.വി റിപ്പോര്‍ട്ടര്‍ക്ക് ശാഖ വിദ്യാഭ്യാസത്തിന്റെ സ്ഥാനത്ത് അക്ഷരാഭ്യാസം വേണമെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ആര്‍.എസ്.എസിന് എന്ത് ടാഗോറെന്നും ചിലര്‍ ചോദ്യമുയര്‍ത്തി.

Content Highlight: Sreejith Divakaran criticizes Janam TV for fake news against Govt School in Malappuram

We use cookies to give you the best possible experience. Learn more