നയന്‍താരക്ക് ആ സിനിമയില്‍ ഡബ്ബ് ചെയ്യേണ്ടിയിരുന്നത് ഞാന്‍; അവരുടെ ബോള്‍ഡ്‌നസ് കണ്ടപ്പോള്‍ രവീണയിലേക്ക് മാറി: ശ്രീജ രവി
Malayalam Cinema
നയന്‍താരക്ക് ആ സിനിമയില്‍ ഡബ്ബ് ചെയ്യേണ്ടിയിരുന്നത് ഞാന്‍; അവരുടെ ബോള്‍ഡ്‌നസ് കണ്ടപ്പോള്‍ രവീണയിലേക്ക് മാറി: ശ്രീജ രവി
ഐറിന്‍ മരിയ ആന്റണി
Monday, 9th March 2026, 7:31 am

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ് ശ്രീജ രവി. 45 വര്‍ഷകാലമായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന അവര്‍ മാതു, ചാര്‍മിള, ശാലിനി, സുനിത, നയന്‍താര, കാവ്യമാധവന്‍ തുടങ്ങി നിരവധി നായികമാര്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. മാളൂട്ടി മുതല്‍ അനവധി സിനിമകളില്‍ കുട്ടികള്‍ക്കായും ശ്രീജ ഡബ്ബ് ചെയ്തു.

രണ്ടായിരത്തിലേറെ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയ ശബ്ദങ്ങളിലൊന്നായി മാറിയ ശ്രീജയ്ക്ക് ഈ രംഗത്ത് 50 വര്‍ഷത്തിലേറെ പരിചയ സമ്പത്തുണ്ട്. ശ്രീജ രവിയുടെ മകള്‍ രവീണ രവിയും ഇന്ന് ഇന്‍ഡസ്ട്രിയില്‍ അറിയപ്പെടുന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളിലൊരാളാണ്. അമല പോള്‍, സാമന്ത,നയന്‍താര തുടങ്ങിയ നിരവധി നായികമാര്‍ക്ക് രവീണ ശബ്ദം നല്‍കിയിട്ടുണ്ട്.

ഇപ്പോള്‍ മകളും ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമായ രവീണ രവി ഡബ്ബിങ്ങില്‍ എത്തിയതിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ശ്രീജ രവി. ഒന്നേമുക്കാല്‍ വയസുള്ളപ്പോഴാണ് രവീണ മൈക്കിന് മുന്നിലെത്തിയതെന്ന് അവര്‍ പറയുന്നു.

‘അത് അവള്‍ക്ക് ഓര്‍മ പോലും കാണില്ല.’തൊട്ടാച്ചിണുങ്കി’ എന്നൊരു സിനിമയില്‍ ഞാന്‍ ദേവയാനിക്ക് വേണ്ടി ഡബ്ബ് ചെയ്തിരുന്നു. അതിന്റെ ട്രെയിലറിന്റെ അനൗണ്‍സ്‌മെന്റ് റിക്കോര്‍ഡ് ചെയ്യാന്‍ സ്റ്റുഡിയോയിലെത്തിയപ്പോള്‍ മകളും രവിയേട്ടനും ഒപ്പമുണ്ട്. സ്പാന്‍ വിഷന്‍ വഴങ്കും തൊട്ടാച്ചിണുങ്കി’ എന്നതായിരുന്നു ഡയലോഗ്. ഞാന്‍ ഇതു പറഞ്ഞപ്പോള്‍ മോള്‍ അവിടെയിരുന്നു അവളുടെ ശബ്ദത്തില്‍ ‘തൊട്ടാച്ചിണുങ്കി, തൊട്ടാച്ചിണുങ്കി’ എന്ന പറയാന്‍ തുടങ്ങി.

സംവിധായകന് അതിഷ്ടമായി. അങ്ങനെ മകളെ തന്നെ ആ ഭാഗം ഡബ്ബ് ചെയ്യിച്ചു. അങ്ങനെയാണ് അവളും ഡബ്ബിങ് മൈക്കിന് മുന്നിലെത്തിയത്. രാജീവ് മേനോന്റെ പരസ്യ ഏജന്‍സിയില്‍ രണ്ടര വയസിനുള്ളില്‍ പല ഭാഷകളില്‍ ഡബ്ബ് ചെയ്തു. ‘വാനപ്രസ്ഥത്തില്‍’ ലാലേട്ടന്റെ മകളുടെ കഥാപാത്രത്തിന് വേണ്ടി ഡബ്ബ് ചെയ്ത താണ് സിനിമയ്ക്കു വേണ്ടി ചെയ്തില്‍ ആദ്യം,’ ശ്രീജ രവി പറഞ്ഞു.

ശങ്കറിന്റെ ‘ഐ’ എന്ന സിനിമയില്‍ ആമി ജാക്സണ് വേണ്ടി ശബ്ദം നല്‍കിയതാണ് ശ്രീജ ചെയ്തതില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്നും ഒരു വിദേശ താരമായിട്ടും അങ്ങനെയൊന്നും സിനിമയില്‍ തോന്നാത്ത വിധമാണ് ഡബ്ബ് ചെയ്തതെന്നും ശ്രീജ പറയുന്നു.

മലയാളത്തില്‍ ‘ഭാസ്‌കര്‍ ദി റാസ്‌കല്‍’ സിനിമയില്‍ നയന്‍താരയ്ക്കു വേണ്ടി ചെയ്തതും തനിക്ക് ഇഷ്ടമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആ സിനിമയില്‍ താന്‍ ഡബ്ബ് ചെയ്യാനിരുന്നതാണ് അതെന്നും പക്ഷേ, നയന്‍താരയുടെ ലുക്കും ബോള്‍ഡ്നസും കണ്ടപ്പോള്‍ രവീണ ചെയ്യുന്നതാണു നല്ലതെന്നു തോന്നിയെന്നും ശ്രീജ പറഞ്ഞു. രവീണയുടെ ശബ്ദം സംവിധായകന്‍ സിദ്ദീഖിനും ഏറെ ഇഷ്ടമായെന്നും ശ്രീജ കൂട്ടിച്ചേര്‍ത്തു.

Content Highlight: Sreeja Ravi talks about her daughter Raveena Ravi 

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.