അൻപത് വർഷത്തിലേറെയായി സിനിമാ മേഖലയിൽ സജീവമായി നില നിൽക്കുന്ന ഡബ്ബിങ് ആർട്ടിസ്റ്റാണ് ശ്രീജ രവി. ഡബ്ബിങിനൊപ്പം അഭിനയത്തിലും ശ്രീജ രവി ഇപ്പോൾ ശക്തമാണ്. സൈജു കുറുപ്പ് നായകനായെത്തിയ മോഹിനിയാട്ടത്തിലും മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെ കഷ്ടത നിറഞ്ഞ ജീവിത സാഹചര്യത്തെ കുറിച്ച് സംസാരിക്കുകയാണ് ശ്രീജ. കഷ്ടപ്പാടും പട്ടിണിയുമായിരുന്നു തന്റെ കുട്ടിക്കാലമെന്നും എന്നിരുന്നാലും സന്തോഷത്തിന് ഒരു കുറവുമില്ലായിരുന്നു എന്ന് പറയുകയാണ് താരം.
ശ്രീജ രവി, Photo: YouTube/ Screengrab
‘പട്ടിണി ആണെങ്കിലും ഞങ്ങൾ സന്തുഷ്ടരാണ്. അയ്യോ ഇന്ന് ശാപ്പാട് ഇല്ലല്ലോ ഇന്ന് ഒന്നുമില്ലല്ലോ ഇന്ന് തുണിയില്ലല്ലോ അങ്ങനെയൊന്നും പറയാറില്ല. അമ്മ ട്യൂഷൻ എടുക്കുന്ന വീടുകളിൽ നിന്ന് അവരുടെ പഴയ വസ്ത്രങ്ങൾ കിട്ടും, അത് ‘അമ്മ തയ്ച്ച് ഞങ്ങളുടെ ഷെയ്പ്പിൽ ആക്കി തരുമായിരുന്നു. അങ്ങനെയൊക്കെയുമായിരുന്നു ഞങ്ങളുടെ കുട്ടികാലം.
എനിക്കോർമയുണ്ട് ഡയറക്ടർ ശശികുമാർ സാറിന്റെ ഒരു പടത്തിൽ ഞാൻ ഡബ്ബ് ചെയ്തിട്ടുണ്ട് അവരുടെ മകൾ ഷീല എന്ന് പറഞ്ഞിട്ടുള്ള കുട്ടി എന്റെ സീനിയർ ആയിരുന്നു. ഞാൻ പഠിച്ച സ്കൂളിൽ എനിക്ക് ഫ്രീ എജുക്കേഷൻ ആയിരുന്നു. അമ്മ കരഞ്ഞ് കാല് പിടിച്ചിട്ടാണോ എന്നറിയില്ല ഞങ്ങൾക്കവിടെ ഫ്രീ എജുക്കേഷൻ ആയിരുന്നു.
ആ ഷീലയുടെ യൂണിഫോം ആയിരുന്നു ഞാൻ കുറേ വർഷം ഉപയോഗിച്ചത്. ഓരോ വർഷവും പുതിയ യൂണിഫോം ഇടണമല്ലോ അപ്പോൾ എന്റെ കയ്യിൽ പുതിയതൊന്നും ഉണ്ടാകില്ല. എന്നിട്ട് അവരുടെ യൂണിഫോം ‘അമ്മ കളക്റ്റ് ചെയ്ത അത് ഞങ്ങളുടെ ഷെയ്പ്പിൽ ആക്കി തരും. ‘അമ്മ ട്രെയിലർ കൂടെ ആയിരുന്നു,’ ശ്രീജാ രവി പറഞ്ഞു.
മോഹിനിയാട്ടമാണ് താരത്തിന്റേതായി അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം. സൈജു കുറുപ്പിന്റെ 150-ാം ചിത്രമെന്ന പ്രത്യേകതയോടെ എത്തിയ മോഹിനിയാട്ടം പ്രേക്ഷകശ്രദ്ധ നേടുകയാണ്.
ഭരതൻനായരുടെ മരണശേഷം, അദ്ദേഹം മുമ്പ് സൃഷ്ടിച്ച പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ശശിധരന്റെയും കുടുംബാംഗങ്ങളുടെയും സംഘർഷഭരിതമായ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.
കൃഷ്ണദാസ് മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, കലാരഞ്ജിനി, അഭിറാം രാധാകൃഷ്‌ണൻ, സ്വാതി ദാസ് പ്രഭു, ദിവ്യ നായർ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
Content Highlight: Sreeja Ravi talks about her childhood
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.