ഒരു റോഡ് വരുമെന്ന് പറഞ്ഞിട്ട്, കാല്‍നൂറ്റാണ്ടായി വീട് വെക്കാന്‍ കഴിയാതെ ശ്രീധരന്‍
Kerala News
ഒരു റോഡ് വരുമെന്ന് പറഞ്ഞിട്ട്, കാല്‍നൂറ്റാണ്ടായി വീട് വെക്കാന്‍ കഴിയാതെ ശ്രീധരന്‍
ശ്രിന്‍ഷ രാമകൃഷ്ണന്‍
Tuesday, 30th June 2020, 6:51 pm

കോഴിക്കോട് റെയില്‍ വേ സ്റ്റേഷനു സമീപത്തെ പൂട്ടിപ്പോയ സംഗം തിയേറ്ററില്‍ ടിക്കറ്റ് കീപ്പറായിരുന്നു പി.ബി ശ്രീധരന്‍ എന്ന 73 കാരന്‍. ജീവിത സമ്പാദ്യമായിരുന്നവ എല്ലാം കൂട്ടിച്ചേര്‍ത്താണ് വളയനാട് ആറ് സെന്റ് സ്ഥലം വാങ്ങുന്നത്. സ്വന്തമായി ഒരു വീട് വെക്കുക എന്നതായിരുന്നു സ്വപ്നം. എന്നാല്‍ പ്രദേശത്തെ റോഡ് വികസന പദ്ധതി വന്നതോടെ സ്ഥലത്ത് വീട് വെക്കാന്‍ അനുമതി ഇല്ലാതായി. പക്ഷേ പദ്ധതി ഇനിയും ആരംഭിച്ചിട്ടില്ല എന്നതിനാല്‍ കഴിഞ്ഞ 20 വര്‍ഷമായി സ്ഥലമേറ്റെടുക്കലോ തുടര്‍ പ്രവര്‍ത്തനങ്ങളോ ഒന്നും നടന്നിട്ടില്ല. തന്റെ ജീവിത സ്വപ്നമായ ഒരു വീടിന് വേണ്ടി ശ്രീധരന്‍ മുട്ടാത്ത വാതിലുകളില്ല. തന്റേതല്ലാത്ത കാരണങ്ങളാല്‍ കഴിഞ്ഞ 29 വര്‍ഷമായി വാടക വീട്ടില്‍ താമസിക്കുകയാണ് ഈ 73 കാരനും കുടുംബവും.

1991-ലാണ് ശ്രീധരന്‍ കോഴിക്കോട് താലൂക്ക് വളയനാട് വില്ലേജ് കൊമ്മേരിക്കടുത്ത് 6 സെന്റ് സ്ഥലം വാങ്ങുന്നത്. സ്ഥലം വാങ്ങുമ്പോള്‍ അവിടെ റോഡ് വികസനം നടക്കാന്‍ പോകുന്നതായി അദ്ദേഹത്തിന് അറിവില്ലായിരുന്നു. പട്ടികജാതിയില്‍പ്പെട്ട ശ്രീധരന്‍ സര്‍ക്കാര്‍ ധനസഹായത്തിലൂടെ അവിടെ വീട് വെയ്ക്കാന്‍ മുതിര്‍ന്നപ്പോഴാണ് തന്റെ സ്ഥലം ഉള്‍പ്പെടെയുള്ള ഭാഗമായ മാങ്കാവ് ശ്മശാനം മുതല്‍ മേത്തോട്ട് താഴം വരെയുള്ള റോഡ് ഡി.ടി.പി. സ്‌കീമില്‍ ഉള്‍പ്പെടുത്തി റോഡ് വികസനം നടക്കാന്‍ പോകുന്നതായി അറിഞ്ഞത്. അതിനാല്‍ കഴിഞ്ഞ 29 വര്‍ഷമായി സ്വന്തമായൊരു വീടെന്ന് സ്വപ്‌നം അദ്ദേഹത്തിന് നിഷേധിക്കപ്പെടുകയാണ്. തനിക്ക് ഇപ്പോള്‍ 73 വയസ്സായെന്നും ആയുസ്സിന്റെ നല്ലൊരു പങ്കും ഈ സ്ഥലത്തിന്റെ പിന്നാലെ നട്ന്നുവെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ 29 വര്‍ഷമായി പി.ബി.ശ്രീധരനും കുടുംബവും മകന്റെ സ്വകാര്യ കമ്പനിയിലെ ജോലി ആശ്രയിച്ച് വാടകവീട്ടില്‍ കഴിയുകയാണ്. ഇതിനിടെ രണ്ട് പെണ്‍മക്കളുടെ വിവാഹം നടന്നു. സ്വന്തമായി വീടില്ലായെന്ന കാരണത്താല്‍ 40 -കാരനായ മകന്റെ വിവാഹം പോലും മുടങ്ങി പോകുന്നു. ഒന്നുകില്‍ വീട് വെയ്ക്കാന്‍ അനുവദിക്കുക അല്ലെങ്കില്‍ നഷ്ട പരിഹാര തുക അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ശ്രീധരന്‍ മുട്ടാത്ത വാതിലുകളില്ല. മുന്‍ മുഖ്യമന്ത്രിമാരായ വി.എസ് അച്യുതാനന്ദനെയും, ഉമ്മന്‍ ചാണ്ടിയേയും ശ്രീധരന്‍ സമീപിച്ചിട്ടുണ്ട്.

തന്റേതല്ലാത്ത കാരണത്താല്‍ കഴിഞ്ഞ 25 വര്‍ഷമായി വാടകയ്ക്ക് താമസിക്കേണ്ടി വന്നുവെന്നത് പി.ബി.ശ്രീധരന്‍ നേരിടുന്ന കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും നഷ്ടപരിഹാര തുകയോടൊപ്പം ഇക്കാലമത്രയും നല്‍കിയ വാടക ബന്ധപ്പെട്ട വകുപ്പ് വകയിരുത്തി ഇദ്ദേഹത്തിന് നല്‍കുകയോ വീടും സ്ഥലവും നല്‍കുകയോ ചെയ്യണമെന്ന് പട്ടികജാതി/വര്‍ഗ്ഗ സംരക്ഷണ സമിതി രക്ഷാധികാരി സതീഷ് പാറന്നൂര്‍ ആവശ്യപ്പെട്ടു. അവസാനമായി മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് പരാതി നല്‍കാന്‍ ഒരുങ്ങുകയാണദ്ദേഹം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ