| Friday, 4th July 2025, 6:09 pm

മോനിഷയുടെ ചിരി കേള്‍ക്കാന്‍ വേണ്ടി മാത്രം അദ്ദേഹം ദിവസവും അവളെ വിളിക്കുമായിരുന്നു: ശ്രീദേവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത അഭിനേത്രിയാണ് മോനിഷ. ആദ്യസിനിമയിലൂടെ തന്നെ തന്റെ കഴിവ് തെളിയിക്കാന്‍ നടിക്ക് സാധിച്ചു. 1986ല്‍ തന്റെ ആദ്യ ചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടി.

അന്ന് 15 വയസ് മാത്രമേ മോനിഷയ്ക്ക് ഉണ്ടായിരുന്നുള്ളൂ. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഈ ബഹുമതി നേടിയ ആള്‍ കൂടിയാണ് നടി. മലയാളത്തിനൊപ്പം തമിഴ്, കന്നഡ എന്നീ ഭാഷകളിലും മോനിഷ അഭിനയിച്ചിരുന്നു.

തന്റെ 21ാം വയസില്‍ അഭിനയരംഗത്ത് സജീവമായി നില്‍ക്കുമ്പോള്‍ ഒരു കാറപകടത്തിലാണ് നടി മരണപ്പെടുന്നത്. ഇപ്പോള്‍ സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ മോനിഷയെ കുറിച്ചും എം.ടി. വാസുദേവന്‍ നായരെ കുറിച്ചും പറയുകയാണ് നടിയുടെ അമ്മ ശ്രീദേവി ഉണ്ണി.

‘പണ്ട് വാസുവേട്ടന്‍ മോനിഷയെ ഇടയ്ക്കിടെ വിളിക്കുമായിരുന്നു. മിക്ക ദിവസങ്ങളിലും അദ്ദേഹം അവളെ വിളിക്കാറുണ്ട്. അവള്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് നല്ല മാര്‍ക്കുണ്ടാകുമായിരുന്നു. നല്ല റാങ്ക് ഉണ്ടാവാറുണ്ട് അവള്‍ക്ക്.

വാസുവേട്ടന് ആ സമയത്ത് ഒരുപാട് അവാര്‍ഡുകള്‍ ലഭിക്കുമല്ലോ. ഇവര് പരസ്പരം സംസാരിക്കുന്നത് ലാന്‍ഡ് ഫോണിലൂടെയാണ്. അപ്പോള്‍ സംസാരം നമുക്ക് കേള്‍ക്കാന്‍ പറ്റും. വാസുവേട്ടന്‍ വിളിച്ചിട്ട് ‘നീ എന്താ അവിടെ ചെയ്യുന്നത്’ എന്നൊക്കെ ചോദിക്കും.

അപ്പോള്‍ അവള്‍ കഴിഞ്ഞ ദിവസം എക്‌സാം ആയിരുന്നുവെന്നൊക്കെ മറുപടി പറയും. ആ സമയത്ത് വാസുവേട്ടന്‍ മറ്റേ വിഷയത്തില്‍ എത്ര മാര്‍ക്ക് കിട്ടിയെന്നൊക്കെ ചോദിക്കും. അവള്‍ അതിന് മറുപടിയും പറയും. ‘നീ ഇതൊക്കെ എപ്പോഴാണ് കുത്തി കുറിക്കുന്നേ കുട്ടി’ എന്നാകും വാസുവേട്ടന്റെ ചോദ്യം.

ഞാന്‍ അവരുടെ സംസാരമൊക്കെ കേട്ടിട്ട് ഇരിക്കുകയാകും. ആ സമയത്ത് മോനിഷ ഒരേ ചിരിയാകും. വാസുവേട്ടന്‍ അവളോട് ട്രീറ്റ് വേണമെന്ന് പറയും. ഉടനെ ‘അങ്കിളിന് ഇന്നലെ എത്രാമത്തെ അവാര്‍ഡാണ് കിട്ടിയത്. അതിന്റെ ട്രീറ്റ് എപ്പോള്‍ തരും’ എന്ന് മോനിഷയും ചോദിക്കും.

ഇവര്‍ പരസ്പരം എപ്പോഴും ട്രീറ്റ് ചോദിക്കുമായിരുന്നു. ഓര്‍ക്കുമ്പോള്‍ എനിക്ക് ഇപ്പോള്‍ സങ്കടമാകും. വാസുവേട്ടന്‍ ഇടയ്ക്ക് വീട്ടില്‍ വരാറുണ്ടായിരുന്നു. അപ്പോള്‍ വാസുവേട്ടന്‍ പറയാറുള്ളത് ‘ഞാന്‍ ഇവളുടെ ചിരി കേള്‍ക്കാന്‍ വേണ്ടി മാത്രമാണ് ദിവസവും വിളിക്കുന്നത്’ എന്നാണ്. എം.ടി. പറഞ്ഞ വാക്കുകളാണ് അത്,’ ശ്രീദേവി പറയുന്നു.


Content Highlight: Sreedevi Unni Talks About Monisha And MT Vasudevan Nair

We use cookies to give you the best possible experience. Learn more