| Sunday, 1st June 2025, 6:36 am

മരണക്കളി ഇവിടെ അവസാനിക്കുന്നു; സ്‌ക്വിഡ് ഗെയിമിന്റെ ഹൈപ്പ് ഒട്ടും കുറഞ്ഞിട്ടില്ല; ട്രെയ്‌ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2025 ജൂണ്‍ 27ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സീരീസ് ആരാധകര്‍. അന്നാണ് അവര്‍ കാത്തിരുന്ന സ്‌ക്വിഡ് ഗെയിം എന്ന കൊറിയന്‍ സീരീസിന്റെ അവസാന സീസണ്‍ എത്തുന്നത്. ഒരൊറ്റ സീസണ്‍ കൊണ്ട് തന്നെ സീരീസ് പ്രേമികളുടെ ഫേവറിറ്റ് ലിസ്റ്റില്‍ ഇടം നേടാനായ സീരീസാണ് ഇത്.

ഇപ്പോള്‍ സ്‌ക്വിഡ് ഗെയിം സീസണ്‍ 3യുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്ത് വിട്ടിരിക്കുകയാണ് നെറ്റ്ഫ്ളിക്സ്. രണ്ട് മിനിട്ട് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് നെറ്റ്ഫ്ളിക്സിന്റെ ഒഫീഷ്യല്‍ പേജിലൂടെ പുറത്ത് വിട്ടത്. ‘എല്ലാ കളിയും അവസാനിക്കണം’ എന്ന എന്ന ക്യാപ്ഷനോടെ എത്തിയ ട്രെയ്‌ലര്‍ ഇതിനകം തന്നെ നിരവധിയാളുകളാണ് കണ്ടത്.


ഒമ്പത് എപ്പിസോഡുകള്‍ അടങ്ങിയ സ്‌ക്വിഡ് ഗെയിമിന്റെ ആദ്യ സീസണ്‍ 2021 സെപ്റ്റംബറിലായിരുന്നു നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്തിരുന്നത്. ആ വര്‍ഷം നെറ്റ്ഫ്‌ളിക്‌സിന് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുത്ത സീരീസുകളില്‍ ഒന്നായി സ്‌ക്വിഡ് ഗെയിം മാറിയിരുന്നു.

21 മില്യണ്‍ ബജറ്റില്‍ അണിയിച്ചൊരുക്കിയ ആദ്യ സീസണ്‍ 900 മില്യണിലധികം വരുമാനമുണ്ടാക്കിയിരുന്നു. സര്‍വൈവല്‍ ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങിയ സ്‌ക്വിഡ് ഗെയിമിന് കൊറിയന്‍ സീരീസുകളും സിനിമകളും കാണുന്ന മലയാളി പ്രേക്ഷകരുടെ ഇടയിലും വന്‍ വരവേല്‍പ്പായിരുന്നു ലഭിച്ചത്.

ആദ്യവസാനം പ്രേക്ഷകനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഈ സീരീസിന്റെ രണ്ടാം സീസണ്‍ എത്തിയത് 2024 ഡിസംബര്‍ 26നായിരുന്നു. ആദ്യ സീസണിന്റെ അത്രയും രണ്ടാമത്തെ സീസണ്‍ മികച്ചതല്ലെന്നാണ് പലരും പറഞ്ഞിരുന്നത്.

എങ്കില്‍ അവസാന സീസണിന് നല്ല ഹൈപ്പ് തന്നെയാണ് നിലനില്‍ക്കുന്നത്. പ്രത്യേകം തെരെഞ്ഞെടുക്കപ്പെടുന്ന ആളുകളെ ഒരിടത്ത് എത്തിച്ച് അവരെ കൊണ്ട് ഗെയിമുകള്‍ കളിപ്പിക്കുകയും ഗെയിമില്‍ തോല്‍ക്കുന്നവരെ കൊന്ന് കളയുകയും ചെയ്യുന്നതാണ് സീരീസ്.

അവസാന ഗെയിമും വിജയിക്കുന്ന വ്യക്തിക്ക് വലിയ തുക സമ്മാനമായി ലഭിക്കുന്നതുമാണ് സീരീസിന്റെ ഇതിവൃത്തം. നെറ്റ്ഫ്ളിക്സില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട നോണ്‍ ഇംഗ്ലീഷ് സീരീസിന്റെ റെക്കോഡ് ഇപ്പോഴും സ്‌ക്വിഡ് ഗെയിമിന്റെ പേരിലാണ്.

Content Highlight: Squid Game Season 3 Official Trailer Out

We use cookies to give you the best possible experience. Learn more