| Thursday, 3rd July 2025, 9:53 am

സ്‌ക്വിഡ് ഗെയിം 3യിലെ സ്‌പോയിലര്‍ പുറത്തുവിട്ട നടിക്ക് നെറ്റ്ഫ്‌ളിക്‌സ് നല്‍കിയ വലിയ പിഴ; റൂമറില്‍ പ്രതികരിച്ച് പാര്‍ക്ക് ഗ്യൂ-യങ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ ഉള്‍പ്പെടെയുള്ള ലോകത്തിലെ മിക്ക സീരീസ് പ്രേമികളുടെയും ഫേവറൈറ്റ് ലിസ്റ്റില്‍ ഇടംപിടിച്ച സൗത്ത് കൊറിയന്‍ സീരീസായിരുന്നു സ്‌ക്വിഡ് ഗെയിം. ജൂണ്‍ 27നായിരുന്നു മൂന്നാമത്തെയും അവസാനത്തെയും സീസണ്‍ പുറത്തുവന്നത്.

2024 ഡിസംബര്‍ 26നായിരുന്നു രണ്ടാം സീസണ്‍ നെറ്റ്ഫ്‌ളിക്‌സില്‍ എത്തിയിരുന്നത്. പ്ലെയര്‍ 456 ആയ ഗി-ഹുനും കൂട്ടരും ഈ മരണക്കളി അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതും ഗി-ഹുനിന്റെ ഉറ്റ സുഹൃത്തായ ജംഗ്-ബോ കൊല്ലപ്പെടുന്നതുമായിരുന്നു രണ്ടാമത്തെ സീസണില്‍ പറഞ്ഞിരുന്നത്.

പിന്നീട് എങ്ങനെയാകും സ്‌ക്വിഡ് ഗെയിം അവസാനിക്കുകയെന്ന് കാണാന്‍ കാത്തിരിക്കുകയായിരുന്നു സീരീസ് ആരാധകര്‍. എന്നാല്‍ ഇതിനിടയില്‍ രണ്ടാം സീസണില്‍ പിങ്ക് ഗാര്‍ഡായി എത്തിയ നടി പാര്‍ക്ക് ഗ്യൂ-യങ് തന്റെ സോഷ്യല്‍ മീഡിയ അകൗണ്ടില്‍ പങ്കുവെച്ച ഫോട്ടോയിലൂടെ മൂന്നാം സീസണിലെ ഒരു പ്ലോട്ട് ട്വിസ്റ്റ് സ്‌പോയില്‍ ആയിരുന്നു.

നടന്‍ ലീ ജിന്‍-വുക്ക് പിങ്ക് ഗാര്‍ഡിന്റെ വേഷത്തില്‍ ഇരിക്കുന്ന ഫോട്ടോ ആയിരുന്നു നടി ശ്രദ്ധിക്കാതെ ഷെയര്‍ ചെയ്തത്. പ്ലെയര്‍ 246 ആയിട്ടായിരുന്നു നടന്‍ ലീ ജിന്‍-വുക്ക് അഭിനയിച്ചത്. അവസാന സീസണില്‍ അദ്ദേഹം പിങ്ക് നിറത്തിലെ വസ്ത്രം ധരിച്ച് അവിടുന്ന് രക്ഷപ്പെടുകയാണ് ചെയ്യുന്നത്.

ഈ ട്വിസ്റ്റാണ് നടിയുടെ ശ്രദ്ധകുറവ് മൂലം സ്‌പോയില്‍ ആയത്. അതിന് പിന്നാലെ സ്‌ക്വിഡ് ഗെയിം ആരാധകര്‍ അതില്‍ നിരാശ പ്രകടിപ്പിച്ചിരുന്നു. നെറ്റ്ഫ്‌ളിക്‌സ് നടിയുടെ ഈ ശ്രദ്ധകുറവിന് വലിയ പിഴ ഈടാക്കുമെന്ന വാര്‍ത്തകളും വന്നിരുന്നു. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ അതിനോട് പ്രതികരിക്കുകയാണ് നടി പാര്‍ക്ക് ഗ്യൂ-യങ്.

‘കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ എന്നെത്തന്നെ നിരാശപ്പെടുത്തുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതായി എനിക്ക് തോന്നുന്നു. നിങ്ങളില്‍ ചിലര്‍ക്കെങ്കിലും ഇതില്‍ നിരാശ തോന്നിയിട്ടുണ്ടാകുമെന്ന് അറിയാം. പ്രൊജക്ടിനെ മോശമായി ബാധിക്കുമോയെന്ന് ഭയന്ന് ഞാന്‍ മനപൂര്‍വം ഒഴിവാക്കിയ ചില ചോദ്യങ്ങളുണ്ട്.

ഇപ്പോള്‍ നേരിട്ട് സംസാരിക്കാനുള്ള അവസരം കിട്ടിയത് കൊണ്ട് ഞാന്‍ അതിനെ കുറിച്ച് സംസാരിക്കാനും മറുപടി നല്‍കാനും ആഗ്രഹിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെ സ്‌പോയിലര്‍ കാരണം ഞാന്‍ ഒരുപാട് ആളുകളെ നിരാശരാക്കിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ആ ഫോട്ടോ പോസ്റ്റ് ചെയ്ത ഉടനെ ഞാന്‍ പ്രൊഡക്ഷന്‍ ടീമിനെയും സംവിധായകനെയും നടന്‍ ലീ ജിന്‍-വൂക്കിനെയും വിളിച്ച് മാപ്പ് പറഞ്ഞിരുന്നു. ‘ഇനിയൊരിക്കലും ഇതുപോലൊന്ന് സംഭവിക്കാതെ ശ്രദ്ധിക്കണം’ എന്നായിരുന്നു സംവിധായകന്‍ എന്നോട് പറഞ്ഞത്.

നടന്‍ ലീ ജിന്‍-വൂക്ക് കുഴപ്പമില്ലെന്ന് പറഞ്ഞുവെങ്കിലും ആ സമയത്ത് ഞാന്‍ ചിന്തിച്ചത് എന്റെ പക്വതയില്ലായ്മയെ കുറിച്ചും ഉത്തരവാദിത്തമില്ലായ്മയെ കുറിച്ചുമാണ്. ആ ഫോട്ടോ പോസ്റ്റ് ചെയ്ത സമയത്ത് തന്നെ ഞാന്‍ ലീ ജിന്‍-വൂക്കിനെ വിളിച്ചിരുന്നു.

‘നിന്റെ ഈ അധിക ശ്രദ്ധയ്ക്ക് നന്ദിയുണ്ട്’ എന്ന് പറഞ്ഞ് അദ്ദേഹം കളിയാക്കി കൊണ്ടാണ് എന്നെ ആശ്വസിപ്പിച്ചത്. പത്രസമ്മേളനം നടന്ന സമയത്തും അദ്ദേഹം എന്നെ ആശ്വസിപ്പിക്കാനാണ് ശ്രമിച്ചത്. അപ്പോള്‍ എനിക്ക് കൂടുതല്‍ സങ്കടവും നന്ദിയും തോന്നി.

നെറ്റ്ഫ്‌ളിക്‌സ് വലിയ പിഴ ഈടാക്കുമെന്ന വാര്‍ത്തകള്‍ ഞാനും കണ്ടിരുന്നു. എന്നാല്‍ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് എനിക്ക് ഇപ്പോള്‍ വിശദമായി ഇവിടെ സംസാരിക്കാന്‍ സാധിക്കില്ല.

പക്ഷേ പിഴകളില്‍ ശ്രദ്ധ കൊടുക്കുന്നതിന് പകരം ഇതുപോലുള്ള അബദ്ധങ്ങള്‍ വീണ്ടും സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനാണ് കൂടുതല്‍ ശ്രദ്ധ നല്‍കിയത്. സീരീസിന്റെ സെറ്റില്‍ നിന്നുള്ള കാര്യങ്ങള്‍ പുറത്തുവിടുന്നതില്‍ ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ പിഴയെ കുറിച്ചൊന്നും പറഞ്ഞില്ല,’ പാര്‍ക്ക് ഗ്യൂ-യങ് പറഞ്ഞു.

Content Highlight: Squid Game Actress Park Gyu-Young Talks About Netflix Penalty And Spoiler

We use cookies to give you the best possible experience. Learn more