| Friday, 16th May 2025, 3:25 pm

ചക്‌ദേ ഇന്ത്യ തൊട്ട് ദംഗലില്‍ വരെ സ്‌പോര്‍ട്‌സ് സീന്‍ ഒരുക്കിയ മുതലാ, മലയാളത്തിലെ അരങ്ങേറ്റം ദുല്‍ഖറിന്റെ സിനിമയിലൂടെ, ഇത് കിടുക്കും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ഏറ്റവും വലിയ ക്രൗഡ്പുള്ളര്‍മാരിലൊളായ ദുല്‍ഖറിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവാണ് ഐ ആം ഗെയിം. കിങ് ഓഫ് കൊത്തയുടെ പരാജയത്തിന് പിന്നാലെ മലയാളത്തില്‍ നിന്ന് രണ്ടുവര്‍ഷത്തോളം വിട്ടുനിന്ന ദുല്‍ഖറിന്റെ തിരിച്ചുവരവ് വെറുതേയാകില്ലെന്നാണ് ആരാധകര്‍ കരുതുന്നത്. ആര്‍.ഡി.എക്‌സ് എന്ന ബ്ലോക്ക്ബസ്റ്ററൊരുക്കിയ നഹാസ് ഹിദായത്താണ് ഐ ആം ഗെയിമിന്റെ സംവിധായകന്‍.

ക്യാമറക്ക് മുന്നിലും പിന്നിലും വമ്പന്‍ ക്രൂവാണ് ഐ ആം ഗെയിമിനായി അണിനിരക്കുന്നത്. ടൈറ്റില്‍ സൂചിപ്പിക്കുന്നതുപോലെ സ്‌പോര്‍ട്‌സ് ഴോണറിലാണ് ചിത്രം ഒരുങ്ങുന്നത്. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ കാര്യവട്ടം സ്‌റ്റേഡിയത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ സ്‌പോര്‍ട്‌സ് രംഗങ്ങള്‍ ഒരുക്കാനായി ഹോളിവുഡ് ടെക്‌നീഷ്യനാണ് റോബര്‍ട്ട് മില്ലര്‍ ക്രൂവിനൊപ്പം ചേര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയിലെ എക്കാലത്തെയും മികച്ച സ്‌പോര്‍ട്‌സ് ചിത്രങ്ങളായ ചക്‌ദേ ഇന്ത്യ, 83, ദംഗല്‍, ഭാഗ് മില്‍ഖാ ഭാഗ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കൊറിയോഗ്രഫി ഒരുക്കിയത് റോബ് മില്ലറാണ്. ചിത്രത്തിലെ സ്‌പോര്‍ട്‌സ് രംഗങ്ങളെല്ലാം ഇന്നും സിനിമാപ്രേമികളുടെ ഫേവറെറ്റാണ്. ഇത്രയും മികച്ച സിനിമകളുടെ ഭാഗമായ റോബ് മില്ലര്‍ മലയാളസിനിമയുടെ ഭാഗമാകുന്നത് അത്ഭുതത്തോടെയാണ് പലരും നോക്കിക്കാണുന്നത്.

സ്‌പോര്‍ട്‌സിനോടൊപ്പം ഫാന്റസിയും ചേര്‍ന്നുള്ള കഥ പറച്ചിലാകും ചിത്രത്തിന്റേതെന്നും റിപ്പോര്‍ട്ടുകളുണ്ട്. തെലുങ്ക് ചിത്രമായ ആകാശം ലോ ഒക്ക താരയുടെ അവസാന ഷെഡ്യൂളിന് ശേഷമാകും ദുല്‍ഖര്‍ ഐ ആം ഗെയിമിന്റെ ഭാഗമാവുകയെന്നാണ് അറിയാന്‍ സാധിക്കുന്നത്. കൊച്ചി, ഹൈദരബാദ്, ദുബായ് തുടങ്ങിയവയാണ് ചിത്രത്തിന്റെ മറ്റ് ലൊക്കേഷനുകള്‍.

ദുല്‍ഖറിന് പുറമെ ആന്റണി വര്‍ഗീസ് പെപ്പെ, മിഷ്‌കിന്‍, കതിര്‍ തുടങ്ങിയവരും ഐ ആം ഗെയിമിന്റെ ഭാഗമാകുന്നുണ്ട്. ചിത്രത്തില്‍ നായികയായെത്തുന്നത് പ്രിയങ്ക മോഹനാണെന്നും റൂമറുകളുണ്ട്. ഇന്ത്യന്‍ സിനിമയിലെ മുന്‍നിര ആക്ഷന്‍ കൊറിയോഗ്രഫര്‍മാരായ അന്‍പറിവ് ഡ്യുവോയും ഐ ആം ഗെയിമിന്റെ ഭാഗമാകുമ്പോള്‍ ചിത്രത്തിന്റെ വലിപ്പം കൂടുകയാണ്.

തല്ലുമാല, ആലപ്പുഴ ജിംഖാന തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ജിംഷി ഖാലിദാണ് ഐ ആം ഗെയിമിന്റെ ഛായാഗ്രഹണം. കിങ് ഓഫ് കൊത്തക്ക് ശേഷം ദുല്‍ഖര്‍- ജേക്‌സ് ബിജോയ് കോമ്പോ ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയാകുമെന്നും 2026 സമ്മര്‍ റിലീസായി ചിത്രം തിയേറ്ററുകളിലെത്തുമെന്നും കരുതുന്നു.

Content Highlight: Sports Choreographer Robert Miller joined in Dulquer Salmaan’s I’m Game

We use cookies to give you the best possible experience. Learn more