ലോകമമ്പാടും ആരാധകരുള്ള കോമിക് ഫ്രാഞ്ചൈസിയാണ് മാര്‍വല്‍. സൂപ്പര്‍ഹീറോ സിനിമകളിലൂടെ വന്‍ ഫാന്‍ ബേസാണ് മാര്‍വല്‍ സൃഷ്ടിച്ചെടുത്തത്. എന്‍ഡ് ഗെയിമിന് ശേഷം പഴയ പ്രൗഢി നഷ്ടപ്പെട്ട മാര്‍വല്‍ അതെല്ലാം തിരികെ പിടിക്കാന്‍ ശ്രമിക്കുകയാണ്. സെഞ്ച്വറി ഫോക്‌സിന്റെ സൂപ്പര്‍ഹീറോ സിനിമകളുടെ റൈറ്റ്‌സ് നേടിയതും മള്‍ട്ടിവേഴ്‌സിന് തുടക്കം കുറിച്ചതും തങ്ങളുടെ റേഞ്ച് വിപുലീകരിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് സിനിമാലോകം കാണുന്നത്.
മാര്‍വല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സ്‌പൈഡര്‍മാന്‍ 4. ടോം ഹോളണ്ട് പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന് സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ എന്നാണ് ടൈറ്റില്‍ നല്‍കിയിരിക്കുന്നത്. അടുത്ത മാസം ഷൂട്ട് ആരംഭിക്കുന്ന ചിത്രം 2026 ഡിസംബറില്‍ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ സിനോപ്‌സിസ് പുറത്തുവന്നിരിക്കുകയാണ്. മുമ്പ് പുറത്തിറങ്ങിയ സ്‌പൈഡര്‍മാന്‍ ചിത്രത്തില്‍ നിന്ന് പാടേ വ്യത്യസ്തമായ ഒന്നായാകും പുതിയ ചിത്രം ഒരുങ്ങുകയെന്നാണ് അറിയാന്‍ സാധിക്കുന്നത്. നോ വേ ഹോമില്‍ മള്‍ട്ടിവേഴ്‌സ് പോര്‍ട്ടല്‍ തുറന്നതിന് പിന്നാലെ വലിയ വെല്ലുവിളികള്‍ പീറ്റര്‍ പാര്‍ക്കര്‍ നേരിട്ടിരുന്നു.
മള്‍ട്ടിവേഴ്‌സിലെ മറ്റ് രണ്ട് സ്‌പൈഡര്‍മാന്‍ കൂടി രംഗത്തെത്തിയാണ് അതെല്ലാം പരിഹരിച്ചത്. പോര്‍ട്ടല്‍ അടച്ചതിനോടൊപ്പം പീറ്ററിനെ ചുറ്റുമുള്ള എല്ലാവരും മറന്നുപോകുന്നിടത്താണ് നോ വേ ഹോം അവസാനിച്ചത്. പുതിയ ഭാഗത്തില്‍ മള്‍ട്ടിവേഴ്‌സുമായി ബന്ധപ്പെട്ട ഒന്നും ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ജീവിതത്തിനിടെ ലോകത്തെ ആക്രമിക്കാന്‍ എത്തുന്ന അന്യഗ്രഹജീവികളില്‍ നിന്ന് ലോകത്തെ രക്ഷിക്കുന്നതാകും കഥയെന്നാണ് സിനോപ്‌സിസില്‍ പറയുന്നത്.
മള്‍ട്ടിവേഴ്‌സില്‍ നിന്ന് പുതിയ അതിഥിവേഷങ്ങളില്ലെങ്കിലും ആരാധകരെ ആവേശത്തിലാക്കുന്ന രണ്ട് മാര്‍വല്‍ കഥാപാത്രങ്ങള്‍ ബ്രാന്‍ഡ് ന്യൂ ഡേയില്‍ പ്രത്യക്ഷപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നോ വേ ഹോമില്‍ ഒരൊറ്റ സീനില്‍ മാത്രം വന്നുപോയ മാറ്റ് മര്‍ഡോക്ക് (ഡെയര്‍ഡെവിള്‍) ഈ ഭാഗത്തില്‍ വലിയൊരു വേഷം ചെയ്യുമെന്ന് റൂമറുണ്ട്. ഡെയര്‍ഡെവിളിന്റൈ സ്പിന്‍ ഓഫായി എത്തിയ പണിഷറും ചിത്രത്തില്‍ എത്തുമെന്ന് കേള്‍ക്കുന്നു.
അതേസമയം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അവഞ്ചേഴ്‌സ് ഡൂംസ്‌ഡേയുടെ ഷൂട്ട് ലണ്ടനില്‍ പുരോഗമിക്കുകയാണ്. എന്‍ഡ് ഗെയിമിന് ശേഷം അവഞ്ചേഴ്‌സിലെ പല സൂപ്പര്‍ഹീറോകളും അണിനിരക്കുന്ന ചിത്രം ലോകസിനിമയിലെ ഏറ്റവും ചെലവേറിയ പ്രൊജക്ടായാണ് ഒരുങ്ങുന്നത്. 2027 മെയില്‍ ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Spiderman Brand New Day movie synopsis out now