വനിതാ ടി-20 ലോകകപ്പ് ഫൈനല്‍ കാണാന്‍ വന്നയാള്‍ക്ക് കൊവിഡ് 19 ഉള്ളതായി സ്ഥിരീകരണം
COVID-19
വനിതാ ടി-20 ലോകകപ്പ് ഫൈനല്‍ കാണാന്‍ വന്നയാള്‍ക്ക് കൊവിഡ് 19 ഉള്ളതായി സ്ഥിരീകരണം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 12th March 2020, 11:59 am

മെല്‍ബണ്‍: വനിതാ ടി-20 ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ കാണാനെത്തിയ കാണികളിലൊരാള്‍ക്ക് കൊവിഡ് 19 വൈറസ് ബാധയുണ്ടായിരുന്നതായി സ്ഥിരീകരണം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് അധികൃതര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

രോഗം സ്ഥിരീകരിച്ച ആളുടെ അടുത്തിരുന്നവര്‍ക്കും ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് വൈറസ് ബാധയേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇവര്‍ ഉടന്‍ ആശുപത്രികളില്‍ വിവരം അറിയിക്കണമെന്ന് ഓസ്‌ട്രേലിയന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. സ്റ്റേഡിയത്തിലെ നോര്‍ത്തേണ്‍ സ്റ്റാന്‍ഡിലെ എന്‍ 42 എന്ന സീറ്റിലാണ് ഇയാള്‍ ഇരുന്നിരുന്നത്.


മാര്‍ച്ച് എട്ടിനായിരുന്നു ഇന്ത്യ- ഓസ്‌ട്രേലിയ വനിതാ ടി-20 ലോകകപ്പ് ഫൈനല്‍ അരങ്ങേറിയത്.

ഫൈനല്‍ പോരാട്ടം കാണാന്‍ 86,174 കാണികള്‍ എത്തിയതായാണ് കണക്ക്. ഓസ്ട്രേലിയയിലും രോഗം അതിവേഗമാണ് പടരുന്നത്. ഇതുവരെയായി 27ഓളം പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്.

നേരത്തെ ഇറ്റലിയുടെ യുവന്റസ് ഫുട്ബാള്‍ താരം ഡാനിയേല റൂഗാനിയ്ക്ക് കൊവിഡ് 19 ബാധയുള്ളതായി സ്ഥിരീകരിച്ചിരുന്നു. അതേസമയം റൂഗാനിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ക്ലബ് അധികൃതര്‍ അറിയിച്ചു.

താരവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് ക്ലബ്. സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ അടക്കമുള്ള താരങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്. നിയമപ്രകാരം ഐസോലെഷന്‍ നടപടികള്‍ ആരംഭിച്ചതായും ക്ലബ് വ്യക്തമാക്കി.

ഇന്റര്‍മിലാനെതിരായ യുവന്റസിന്റെ അവസാന മത്സരത്തില്‍ റൂഗാനി കളിക്കാനിറങ്ങിയിരുന്നില്ല. അടച്ചിട്ട സ്‌റ്റേഡിയത്തിലായിരുന്നു ഈ മത്സരം സംഘടിപ്പിച്ചിരുന്നത്.

അതേസമയം തന്നെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെടേണ്ടതില്ലെന്ന് റൂഗാനി ആരാധകരോട് പറഞ്ഞു. കൊവിഡ് 19നെ നേരിടാനുള്ള സംവിധാനങ്ങള്‍ക്കൊപ്പം ഏവരും സഹകരിക്കണമെന്ന് താരം ആരാധകരോട് ആവശ്യപ്പെട്ടു.

ഇറ്റലിയിലെ സാഹചര്യങ്ങള്‍ ഗുരുതരമായി തുടരുന്നതിനാല്‍ സ്വന്തം നാടായ പോര്‍ച്ചുഗലിലാണ് റൊണാള്‍ഡോ ഉള്ളത് എന്നാണ് സൂചന.

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ഇറ്റലിയിലെ എല്ലാ കായികമത്സരങ്ങളും ഏപ്രില്‍ 3 വരെ നിര്‍ത്തിവെച്ചിട്ടുണ്ട്. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് 19 മൂലം മരിച്ചത് ഇറ്റലിയിലാണ്.

അതേസമയം കൊവിഡ് 19 വൈറസ് ബാധയെ മഹാമാരിയായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചു. ലോകത്ത് മുഴുവനായി ഇതിനോടം 4300 ആളുകളാണ് കൊവിഡ് 19 വൈറസ് ബാധയേറ്റ് മരിച്ചത്.

ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം 1,21,500 പേര്‍ക്കാണ് ലോകമെമ്പാടും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയില്‍ മാത്രം ഇതുവരെ 3000 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ലോകമെമ്പാടും വ്യാപിക്കുന്ന രോഗത്തെയാണ് ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിക്കാറുള്ളത്.

WATCH THIS VIDEO: