ആനയെ കൊല്ലുന്ന ആന പ്രേമം; ആരാധന ആനകള്‍ക്ക് സമ്മാനിക്കുന്നത് പീഡനവും അത് വഴി മരണവും
Man And Wildlife Conflict
ആനയെ കൊല്ലുന്ന ആന പ്രേമം; ആരാധന ആനകള്‍ക്ക് സമ്മാനിക്കുന്നത് പീഡനവും അത് വഴി മരണവും
നിധിന്‍ നാഥ്
Wednesday, 21st March 2018, 10:33 pm

കേരളത്തില്‍ ഈ വര്‍ഷം ഇത് വരെ മരിച്ച ആനകളുടെ എണ്ണം ഒന്‍പതാണ്. 2016 ല്‍ ഇത് 26 ഉം കഴിഞ്ഞ വര്‍ഷത്തേത് 20തുമാണ്. ഈ കാലയളവില്‍ 173 ആനകള്‍ വിരണ്ട് ഓടുകയും ചെയ്തു. ഇതില്‍ ഭൂരിപക്ഷം ആനകളുടെ മരണകാരണം മര്‍ദ്ദനവും വയറിലെ പ്രശ്നങ്ങളുമാണ്. മാര്‍ച്ച് 11 ന് ചരിഞ്ഞ തിരുവമ്പാടി ശിവസുന്ദരന്റെ മരണ കാരണവും വയറിലെ പ്രശ്നങ്ങളായിരുന്നു.

കഴിഞ്ഞ 65 ദിവസമായി ഇരണ്ടക്കേട് ഉണ്ടായിരുന്ന ശിവസുന്ദരന്റെ വയറ്റില്‍ 2.45 അടി നീളമുള്ള തടക്കം രണ്ട് പിണ്ഡമാണ് ഉണ്ടായിരുന്നത്. വായ മുതല്‍ മലദ്വാരം വരെ അള്‍സര്‍ ഉണ്ടായിരുന്നതായും കുടല്‍ ചുരുങ്ങിയിരുന്നതായും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മരണ കാരണം വിരല്‍ ചൂണ്ടുന്നത് ശരിയായ ഭക്ഷണം നല്‍കാതെയിരുന്നതും അസുഖം ബാധിച്ചിട്ടും വിശ്രമം നല്‍കാതെയിരുന്നതുമാണെന്നും ഹെറിറ്റേജ് ടാസ്‌ക് ഫോഴ്സിന്റെ സെക്രട്ടറി വി കെ വെങ്കിടാചലം പറഞ്ഞു.

“ഇരണ്ടക്കേടുള്ള ആനയെ ഡിസംബര്‍ മുതല്‍ വിവിധ സ്ഥലങ്ങളിലെ ഉത്സവങ്ങള്‍ക്ക് കൊണ്ട് പോയിരുന്നു. പാലക്കാട് അയ്യലൂരിലെ ഉത്സവത്തിന് കോടതി ഉത്തരവ് പോലും ലംഘിച്ച് രഥം തള്ളിക്കുകയും ചെയ്തു. അസുഖബാധിതനായ ആനയെ ഇങ്ങനെയെല്ലാം പീഡിപ്പിച്ച് ശിവസുന്ദരനെ 14 കൊല്ലം കൊണ്ട് ഒരു കുടത്തിലെ ഭസ്മമാക്കി ഇവര്‍ മാറ്റുകയായിരുന്നു” വെങ്കിടാചലം പറയുന്നു.

തേര് തള്ളിക്കുന്ന ഫോട്ടോ

 

ശിവസുന്ദര്‍, തെച്ചിക്കോട് രാമചന്ദ്രന്‍, പാമ്പാടി രാജന്‍ തുടങ്ങി പ്രധാനപ്പെട്ട ആനകളുടെ കാര്യത്തില്‍ ആന പ്രേമി സംഘങ്ങള്‍ നടത്തുന്ന ഇടപെടലുകളാണ് ആനകളുടെ ജീവന്‍ നഷ്ടമാവുന്ന തലത്തിലേക്ക് കൊണ്ട് പോകുന്നതെന്നാണ് വെങ്കിടാചലം പറയുന്നത്. ആനകള്‍ എവിടെ ഉത്സവത്തിന് പോകണമെന്ന് തീരുമാനിക്കുന്നതില്‍ വരെ പങ്ക് വഹിക്കുന്നത് ഫാന്‍സാണെന്നും അവരും പാപ്പാന്മാരും തമ്മിലുള്ള ബന്ധമാണ് പ്രശ്നങ്ങളിലേക്ക് നയിക്കുന്നതിന്റെ ഒരു കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “പലപ്പോഴും ഇതിന് പിന്നില്‍ ഉത്സവ കമ്മിറ്റികാരുമായി ബന്ധപ്പെട്ട് ആരാധക സംഘങ്ങള്‍ സാമ്പത്തിക ഇടപാടും നടത്തുന്നുണ്ട്. പല സമയത്തും ആന എവിടെ പോകണമെന്ന ഉടമസ്ഥരുടെ തീരുമാനം പോലും നടക്കാറില്ല. പാപ്പാന്മാര്‍ തീരുമാനിക്കുന്ന അവസ്ഥയുണ്ട്. ഇതിന്റെ കാരണവും ആന പ്രേമി സംഘങ്ങളുടെ ഇടപെടലാണ്. ശിവസുന്ദരന്റെ മരണത്തിലേക്ക് നയിച്ചതും ഇത് തന്നെയാണ്.” വെങ്കിടാചലം പറയുന്നു.

ഇരണ്ടക്കേടുള്ള ആനയെ കൊണ്ട് അയ്യിലൂര്‍ അഖിലാണ്ടേശ്വര ക്ഷേത്രത്തിലെ കേരളത്തിലെ ഏറ്റവും ഭാരമുള്ള (25ടണ്‍) തേര് തള്ളിച്ചു. ഇതോടെയാണ് ആനയുടെ ശരീരത്തിന്റെ ജോയിന്റുകള്‍ ഇളകുകയും വയറില്‍ ഗ്യാസ് നിറയുകയും ചെയ്തത്. ഇത് ഇരണ്ടക്കേട് വര്‍ദ്ധിക്കുന്നതിലേക്കാണ് വഴി തെളിച്ചതെന്നും വെങ്കിടാചലം പറയുന്നു.

പുഴക്കരതറയില്‍ നടന്ന വേലയില്‍ കോലം ഏറ്റിയത് ശിവസുന്ദരനായിരുന്നു. ഉച്ചയ്ക്ക് 12.30 തിടമ്പ് ഏറ്റിയ ആന അത് ഇറക്കുന്നത് പിറ്റേ ദിവസം പുലര്‍ച്ചേ 5.30നാണ്. തിടമ്പേറ്റിയത് മുതല്‍ ഇറക്കുന്നത് വരെ വെള്ളം പോലും കൊടുത്തിട്ടില്ല. വെള്ളം കൊടുക്കാതെയിരുന്നത് നെറ്റിപ്പട്ടം, ആലവട്ടം എന്നിവയില്‍ വെള്ളം തട്ടിയാല്‍ നിറം മാറുമെന്നതിനാലാണ്. അസുഖ ബാധിതനായിട്ടും ശിവസുന്ദരന്‍ അടക്കമുള്ള പല ആനകളെയും ഇങ്ങനെ ഉത്സവങ്ങള്‍ക്ക് കൊണ്ട് പോകുന്നത് ആരാധകസംഘങ്ങളുടെ താത്പര്യം കൊണ്ട് കൂടിയാണ്. പലപ്പോഴും അസുഖത്തിനെ കുറിച്ച് ഉടമകള്‍ അറിയാറില്ലെന്നും വെങ്കിടാചലം പറയുന്നു.

1999ലാണ് തിരുവമ്പാടി ചന്ദ്രശേഖരന് കുത്തേല്‍ക്കുന്നത്. ഇതിന് ശേഷം 2000ത്തില്‍ തൃശൂര്‍ പൂരത്തിന് കുറച്ച് സമയം മാത്രമാണ് ഉപയോഗിച്ചത്. പക്ഷെ 2001 ല്‍ മറ്റ് ആനകളുണ്ടായിട്ടും മൂന്ന് നേരവും പൂരത്തിന് കോലം നല്‍കി. വേറെ ആന ഉണ്ടായിട്ടും ചന്ദ്രശേഖരന് കോലം നല്‍കുമ്പോള്‍ കിട്ടുന്ന ഒരു കമ്പോളത്തിന്റെ സാധ്യത ദേവസ്വം ബോര്‍ഡ് ഉപയോഗിക്കുകയായിരുന്നുവെന്നും വെങ്കിടാചലം പറയുന്നു. മറ്റ് പല സമയത്ത് ഈ താത്പര്യം നടത്തുന്നത് ആന പ്രേമി സംഘങ്ങളാണ്.

 

ആനകള്‍ക്ക് സാധാരണഗതിയില്‍ നവംബര്‍ മാസത്തിലാണ് മദപാട് ഉണ്ടാവുക. എന്നാല്‍ ഉത്സവ സീസണില്‍ മദം വന്നാല്‍ എഴുന്നളിക്കാന്‍ കഴിയില്ലെന്നതിനാല്‍ പലപ്പോഴും മഴക്കാലത്ത് മദം വരാനുള്ള മരുന്ന് നല്‍കുന്നുണ്ട്. ഇതിനായാണ് സസ്യാഹാരം മാത്രം കഴിക്കുന്ന ആനകള്‍ക്ക് മുട്ട അടക്കമുള്ള ഭക്ഷണങ്ങള്‍ നല്‍കുന്നത്. ആട്ടിന്‍തലയിട്ട് തിളപ്പിച്ച വെള്ളം പോലെയുള്ളവും ആനയ്ക്ക് ഈ സമയങ്ങളില്‍ നല്‍കുന്നുണ്ട്. ഇതെല്ലാം ആനയുടെ വയറിനെ ബാധിക്കും.

ഇരണ്ടക്കേട് അടക്കം പല അസുഖങ്ങളും ഇത് മൂലം വരും. ജൈവീക പ്രക്രീയായ മദം വരുത്താനും നിര്‍ത്താനും വേണ്ടി ഹോര്‍മോണ്‍ ഉപയോഗിക്കുന്നത് ആനയുടെ ഓര്‍മ്മ ശക്തിവരെ ഇല്ലാതെയാക്കുമെന്നും ഹെറിറ്റേജ് ടാസ്‌ക് ഫോഴ്സ് പ്രവര്‍ത്തകനായ വെങ്കിടാചലം പറയുന്നു. കൃത്യമായി ഭക്ഷണം നല്‍കാതെയിരുന്നതാണ് വയറ്റില്‍ അള്‍സര്‍ വന്നതെന്നും അദ്ദേഹം ചൂണ്ടികാണിക്കുന്നു. മദപാടുള്ള സമയത്ത് ആന നന്നായി ഭക്ഷണം കഴിക്കും, എന്നാല്‍ ഇത് നിര്‍ത്താന്‍ വേണ്ടി ഭക്ഷണം കൊടുക്കാതെയിരിക്കുകയാണ് ഇവിടെ പലരും ചെയ്യുന്നത്.

ആനകളെ പരിചരിക്കുന്നതില്‍ സംഭവിക്കുന്നതിലുള്ള പരിചയകുറവും വലിയ രീതിയില്‍ ആനകളെ ബാധിക്കുന്നുണ്ടെന്ന് തൃശുരിലെ അനപ്രേമി കൂട്ടായ്മയായ കൂട്ട്കൊമ്പന്മാര്‍ വെല്‍ഫയര്‍ ബോര്‍ഡ് പ്രവര്‍ത്തകനായ സുജിത് പറയുന്നു. “സാധാരണക്കാര്‍ അറിയുന്നത് കുറച്ച് ആനകളെ മാത്രമാണ്. അതിന് ആരാധകരെ കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല. പിന്നെ ഉടമകള്‍ വിചാരിച്ചാല്‍ ആനയുടെ പരിപാടികള്‍ കുറക്കാന്‍ കഴിയും” സുജിത് പറയുന്നു. “ഇപ്പോള്‍ ആനകളെ പാട്ടത്തിന് കൊടുക്കുന്ന ഒരു രീതിയുണ്ട്. അത് ആനകളെ വലിയ രീതിയില്‍ ബാധിക്കുന്നുണ്ട്. പാട്ടം കൊടുത്ത ആനകളെ ഉടമകള്‍ ശ്രദ്ധിക്കേണ്ട ആവശ്യമില്ല. പാട്ടത്തിന് എടുക്കുന്നവര്‍ വലിയ തുക നല്‍കിയാണ് പാട്ടത്തിന് ആനയെ എടുക്കുന്നത്. അത് കൊണ്ട് അവര്‍ക്ക് പൈസ ഉണ്ടാക്കണം. ഇത്
ആനകളുടെ ആരോഗ്യത്തിനെ ബാധിക്കും.” സുജിത് കൂട്ടിച്ചേര്‍ത്തു.

 

ആനകള്‍ക്ക് ഓവര്‍ ലോഡ് വരുമ്പോളാണ് ഇരണ്ടക്കേട് അടക്കമുള്ള അസുഖങ്ങള്‍ വരുന്നത്. ഇത് നോട്ടക്കുറവിന്റെ കൂടി പ്രശ്നമാണ്. ഇനി ശ്രദ്ധിച്ചില്ലെങ്കില്‍ തിരുവമ്പാടി ചന്ദ്രശേഖരനെയും നഷ്ടമാവുമെന്നും സുജിത് ഓര്‍മ്മപ്പെടുത്തുന്നു. “ശിവസുന്ദരന്റെ പരിപാടിയടക്കം ഇനി ചന്ദ്രശേഖരന് വരും, അത് കൊണ്ട് ദേവസ്വത്തിന് കൂടുതല്‍ ശ്രദ്ധവേണം. ആനയെ വച്ച് ഏറ്റവും കൂടുതല്‍ പണം സമ്പാദിക്കുന്നത് കേരളത്തിലാണെങ്കിലും കൃത്യമായി ചികിത്സിക്കാന്‍ ഇവിടെ സൗകര്യമില്ല. ഞങ്ങള്‍ ആനയെ എന്നും കാണണം എന്ന് ആഗ്രഹിക്കുന്നവരാണ്. ആനയെ കാട്ടിലേക്ക് വിടണമെന്ന് ആഗ്രഹിക്കുന്നവരല്ല” സുജിത് പറഞ്ഞു.

ആനയെ കൊണ്ട് പോകുന്നതില്‍ ആരാധക സംഘങ്ങള്‍ സ്വാധീനം ചെലുത്തുന്നുവെന്ന് പറയുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നും ആനയെ പോലെ പാപ്പാന്മാര്‍ക്കും ഫാന്‍സ് ഉണ്ടാവുന്നത് സ്വാഭാവികമാണെന്നും സുജിത് പറഞ്ഞു.

ആനയുടെ ഉടമകള്‍ ശരിയായി ഇടപെടല്‍ നടത്തിയാല്‍ പ്രശ്നങ്ങള്‍ ഒരു പരിധി വരെ അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് സുജിത് പറയുന്നത്. “ആനയുടെ കഴുത്തില്‍ പലപ്പോഴും എല്‍.ഈ.ഡി ലൈറ്റുള്ള മാലകളൊക്കെ ഇടുന്നുണ്ട്. ഇതെല്ലാം ആനയെ പാപ്പാന് നിയന്ത്രിക്കാന്‍ കഴിയാതെ വരുന്നതിലേക്ക്  നയിക്കും. ഇത് പോലെയുള്ള കാര്യങ്ങള്‍ പോലും നിയന്ത്രിക്കാന്‍ ഉടമകള്‍ തയ്യാറാവുന്നില്ല” അദ്ദേഹം പറഞ്ഞു. ആനയുടെ സംരക്ഷങ്ങള്‍ക്കുള്ള പല നിയമങ്ങളും കൃത്യമായി നടപ്പാക്കുന്നില്ല. പലയിടതും ആനകള്‍ക്ക് വൈകീട്ട് മൂന്ന് മണിക്ക് ശേഷം മാത്രം കോലം കേറ്റിയാല്‍ മതി, പക്ഷെ പലയിടതും അത് ഉച്ചക്ക് തന്നെ കേറ്റി വെക്കും. ഇതിന്റെയൊന്നും ആവശ്യമില്ല. ആനയ്ക്ക് കൃത്യമായി വിശ്രമം നല്‍കിയാണ് എഴുന്നള്ളിപ്പ് നടത്തേണ്ടത്. സുജിത് പറഞ്ഞു.

 

ആന പ്രേമമൊക്കെ നല്ലതാണെന്നും എന്നാല്‍ അതുമായി ബന്ധപ്പെട്ട് മത്സരങ്ങള്‍ക്കും ആനയെ വെച്ചുള്ള തര്‍ക്കങ്ങള്‍ക്കും തങ്ങള്‍ തയ്യാറല്ലെന്ന് ഓള്‍ കേരള എലിഫെറ്റ് ഓണേഴ്സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശശികുമാര്‍ പറഞ്ഞു. “ആനകളുടെ എണ്ണം കുറഞ്ഞു. 2007 കാലഘട്ടത്തില്‍ 700നു മേലെ ആനകളാണ് ഉണ്ടായിരുന്നത്. ഇത് ഇപ്പോള്‍ 450 ല്‍ താഴെയായി കുറഞ്ഞു. ഇതേസമയം ഉത്സവങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ല. അത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.” അദ്ദേഹം പറഞ്ഞു.

“ആനകളെ കുടുതല്‍ അധ്വാനിപ്പിക്കുന്നവെന്നത് ഞങ്ങളുടെ മാത്രം പ്രശ്നമല്ല. പണ്ട് ആനകള്‍ നടന്ന് പോയിരുന്നു, റോഡിലൂടെ നടത്തുന്നുവെന്ന് പരാതി വന്നതിനെ തുടര്‍ന്നാണ് ലോറിയില്‍ കൊണ്ട് പോകാന്‍ തുടങ്ങിയത്. ഇതാണ് ഇരണ്ടക്കേട് അടക്കമുള്ള അസുഖത്തിലേക്ക് നയിച്ചത്. ഇത് സര്‍ക്കാര്‍ മനസിലാക്കാന്‍ തയ്യാറാവണം. ആന പ്രേമം പറയുന്ന പലരും ഒരു പഴം പോലും വാങ്ങി കൊടുക്കുന്നവരല്ല. വല്ലവരും വളര്‍ത്തുന്ന ആനയെന്ന സാധനത്തിന്റെ പ്രേമം പറയുന്നവരാണ് ഞങ്ങള്‍ കാണുന്ന പലരും” ശശികുമാര്‍ പറയുന്നു.

ഭക്ഷണ ക്രമത്തില്‍ അപാകതകളുണ്ടെങ്കില്‍ അത് ഡോക്ടര്‍മാര്‍ പറയണമെന്നും പട്ട ഇവിടെ പണ്ട് മുതല്‍ കൊടുക്കുന്നതാണ് അതില്‍ പ്രശ്നമുണ്ടെങ്കില്‍ പറയാതെ ആന മരിച്ചതിന് ശേഷം പറയുന്നത് ശരിയില്ലെന്നും ശശികുമാര്‍ പറഞ്ഞു. ആനയ്ക്ക് മുട്ട കൊടുക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ സംഘടന പ്രോത്സാഹിക്കുന്നില്ല. പണ്ട് അങ്ങനെ ചെയ്തിരുന്നിട്ടുണ്ടാവാം, അത് കാല്‍സ്യത്തിന്റെ കുറവ് പരിഹരിക്കാനാണ്. എന്നാല്‍ ഇന്ന് അതിന്റെ ആവശ്യമില്ലെന്നും പകരം മരുന്നുകള്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഭൂരിപക്ഷം ആനകള്‍ക്കും മഴക്കാലത്ത് തന്നെയാണ് മദപാട് ഉണ്ടാകുന്നതെന്ന് പറഞ്ഞ ശശികുമാര്‍ മരുന്ന് നല്‍കി മദം വരുത്തുന്നുവെന്നത് തെറ്റാണെന്നും കൃത്യമായി സംരക്ഷിച്ചാല്‍ അത് മഴക്കാലത്ത് തന്നെ ഒലിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ആന പ്രേമി സംഘകള്‍ വലിയ ഇടപെടലുകള്‍ നടത്തുന്ന അവസ്ഥയുണ്ടെന്നും, ആനയെക്കാളും ആന പാപ്പന്മാര്‍ക്ക് ഫാന്‍സുള്ള കാലമായി മാറിയെന്നും അദ്ദേഹം പറയുന്നു. ഇത്ര മാത്രം ആളുകള്‍ അധ:പതിച്ചാല്‍ അത് ഈ മേഖലയ്ക്ക് ദോഷം ചെയ്യുമെന്നും ആന ഉടമകളുടെ സംഘടന ഭാരവാഹി കൂടിയായ ശശികുമാര്‍ പറഞ്ഞു.

 

“ആനയെ സ്നേഹിക്കുന്നവരാണെങ്കില്‍ എല്ലാ ആനയെയും സ്നേഹിക്കണം, അതില്‍ ഏറ്റ കുറച്ചിലുണ്ടാവാം. പക്ഷെ വേറെ ആനയെ കാണുമ്പോള്‍ അത് ആനയല്ലെന്ന തലത്തിലേക്ക് പോകുന്നത് ശരിയല്ല. കേരളത്തിലെ അഞ്ചോ പത്തോ ആനകളുടെ കാര്യത്തില്‍ മാത്രമാണ് അനാരോഗ്യകരമായ മത്സരം നടക്കുന്നത്. മറ്റ് ആനകളുടെ കാര്യത്തില്‍ ഈ മത്സരമില്ല” ശശികുമാര്‍ പറഞ്ഞു.

ഇങ്ങനെയുള്ള മത്സരങ്ങള്‍ പാടില്ലെന്നതാണ് സംഘടനയുടെ നിലപാടെന്നും ആനകളുടെ ആരാധകര്‍ എന്ന് പറഞ്ഞ് വരുന്നവരെ നിയന്ത്രിക്കുന്നതില്‍ ഉടമകള്‍ക്ക് പോരായ്മ സംഭവിക്കുന്നുണ്ടെന്നും ശശികുമാര്‍ പറഞ്ഞു. ഇങ്ങനെയുള്ള ഫാന്‍സിന്റെ മത്സരങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അത് ആനകളുടെ നല്ലതിനല്ലെന്നും അദ്ദേഹം പറയുന്നു.

ആന ഉടമകളുടെ ശ്രദ്ധയില്ലായ്മയാണ് ആനകളുടെ മരണത്തിലേക്ക് നയിക്കുന്നതെന്ന് ആന പ്രേമി സംഘവും മറിച്ച് നല്ല ചികിത്സയുടെ കുറവും ആനയുമായി ബന്ധപ്പെട്ട് നടക്കുന്ന അനാരോഗ്യകരമായ മത്സരങ്ങളാണ് പ്രശ്നമെന്ന് ആന ഉടമകളും പറയുന്നു. അതേസമയം ആനകളുടെ ചികിത്സയ്ക്ക് ഉള്‍പ്പെടെ മികച്ച സംവിധാനമില്ലാത്ത നാട്ടില്‍ ഇത്തരം മത്സരങ്ങള്‍ക്കും സാമ്പത്തിക നേട്ടത്തിനുമായി ആനകളെ ഒരു ഉത്സവ പറമ്പില്‍ നിന്ന് മറ്റൊരു ഇടത്തേക്ക് കൊണ്ട് ഓടുകയാണ് പലപ്പോഴും ചെയ്യുന്നതെന്നും ഇതിനെ കൃത്യമായി നിയന്ത്രിച്ചില്ലെങ്കില്‍ ആനകള്‍ ഇനിയും മരിക്കുമെന്നുമാണ് ഹെറിറ്റേജ് ടാസ്‌ക് ഫോഴ്സ് അടക്കമുള്ള സംഘടനകള്‍ പറയുന്നത്. കണക്കുകള്‍ വിരല്‍ ചൂണ്ടുന്നതും ഈ ഭയാനകമായ അവസ്ഥയിലേക്ക് തന്നെയാണ്.