ബീഫെന്ന് കേട്ടതും നിരോധിച്ചു, ഐ.എഫ്.എഫ്.കെയിലെ സ്പാനിഷ് ചിത്രം ബീഫിന്റെ കഥ വേറെയാ
Malayalam Cinema
ബീഫെന്ന് കേട്ടതും നിരോധിച്ചു, ഐ.എഫ്.എഫ്.കെയിലെ സ്പാനിഷ് ചിത്രം ബീഫിന്റെ കഥ വേറെയാ
അമര്‍നാഥ് എം.
Tuesday, 16th December 2025, 10:45 pm

മിനിസ്റ്ററി ഓഫ് ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ്ങിന്റെ അനുമതി ലഭിക്കാത്തതിനാല്‍ ഈ വര്‍ഷത്തെ ഐ.എഫ്.എഫ്.കെയില്‍ 19 സിനിമകള്‍ പ്രദര്‍ശിപ്പിക്കാനാകാത്തത് വലിയ വാര്‍ത്തയായിരുന്നു. സെന്‍സര്‍ ബോര്‍ഡിന് പകരം ഐ.ബി മന്ത്രാലയമാണ് ഫെസ്റ്റിവല്‍ സിനിമകള്‍ക്ക് എക്‌സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. ഇത് നല്‍കാത്തതിനാല്‍ പല സിനിമകളുടെയും പ്രദര്‍ശനം നടക്കാതെ പോവുകയായിരുന്നു.

കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്ത സിനിമകളില്‍ ഒന്നാണ് സ്പാനിഷ് ചിത്രം ബീഫ് (റുയ്‌ഡോ). കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കാതിരിക്കാന്‍ മാത്രം എന്താണ് ഈ സിനിമയിലുള്ളതെന്ന് അന്വേഷിച്ചാല്‍ ആരായാലും ചിരിച്ചുപോകും. ബാഴ്‌സലോണയിലെ മുസ്‌ലിം കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ലട്ടി എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.

അച്ഛന്റെ മരണശേഷം പ്രയാസത്തിലാകുന്ന കുടുംബത്തില്‍ നിന്ന് റാപ്പറാകാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയാണ് ലട്ടി. എന്നാല്‍ അങ്ങേയറ്റം ഓര്‍ത്തഡോക്‌സായ അമ്മ തന്റെ സ്വപ്‌നങ്ങള്‍ക്ക് തടസം നില്‍ക്കുന്നതും അതിനെ മറികടക്കുന്നതുമാണ് ചിത്രം പറയുന്നത്. മുസ്‌ലിം കുടുംബങ്ങളില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യമില്ലായ്മയെ വിമര്‍ശിക്കുന്ന ചിത്രമാണ് ബീഫ്.

എന്നാല്‍ ബീഫെന്ന പേര് കേട്ടയുടനെ ഒന്നും നോക്കാതെ നിരോധിച്ച കേന്ദ്ര സര്‍ക്കാറിന്റെ നീക്കം കാണുമ്പോള്‍ ആര്‍ക്കായാലും ചിരി വരും. അന്തഭക്തര്‍ക്ക് രോമാഞ്ചമുണ്ടാകാന്‍ ഇത്തരം നീക്കങ്ങള്‍ മാത്രം മതിയെന്നും നിരോധിച്ചവരുടെ ഉദ്ദേശം ഇതൊക്കെയാണെന്നും സോഷ്യല്‍ മീഡീയയില്‍ പരിഹാസമുണ്ട്. ബീഫ് മാത്രമല്ല, ഫലസ്തീനെ അനുകൂലിക്കുന്ന സിനിമകളും നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നുണ്ട്.

മേളയിലെ ഓപ്പണിങ് ചിത്രമായ ഫലസ്തീന്‍ 36 പ്രദര്‍ശനാനുമതി ലഭിച്ചിരുന്നില്ല. ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ലഭിച്ച അബ്ദു റഹ്‌മാന്‍ സിസാക്കയുടെ ടിംബക്ടുവിനും അനുമതി ലഭിച്ചിട്ടില്ല. വിദേശ സിനിമകള്‍ക്ക് മാത്രമല്ല, ഇന്ത്യന്‍ സിനിമകള്‍ക്കും കേന്ദ്രം അനുമതി നല്‍കിയിട്ടില്ല.

ഇന്ത്യയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ച സന്തോഷ് എന്ന ഹിന്ദി ചിത്രവും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ ദളിതരും ന്യൂനപക്ഷങ്ങളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ വരച്ചുകാട്ടിയ സന്തോഷിന് ഇതുവരെ ഇന്ത്യയില്‍ സ്‌ക്രീനുകള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ അനുമതി ലഭിച്ചില്ലെങ്കിലും എല്ലാ സിനിമകളും പ്രദര്‍ശിപ്പിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

Content Highlight: Spanish movie Beef banned by central government in IFFK

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം