| Friday, 25th May 2018, 7:02 pm

അവര്‍ ഒരുമിക്കുന്നത് ഭീഷണിയാണ്; എസ്.പി-ബി.എസ്.പി സഖ്യം വെല്ലുവിളിയാണെന്ന് സമ്മതിച്ച് അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: എസ്.പിയും ബി.എസ്.പിയും സഖ്യമായി മത്സരിക്കുന്നത് ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയ്ക്ക് വെല്ലുവിളിയായിരിക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. എന്നാല്‍ അമേഠിയിലോ റായ്ബറേലിയിലോ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.

” എസ്.പിയും ബി.എസ്.പിയും സഖ്യമായാണ് മത്സരിക്കുന്നതെങ്കില്‍ ഞങ്ങള്‍ക്ക് വെല്ലുവിളിയാണ്. എന്നാല്‍ അമേഠിയിലോ റായ്ബറേലിയിലോ ഞങ്ങള്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയിരിക്കും. ”

ALSO READ:  വ്യാജ ചികിത്സ; ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മോഹനന്‍ വൈദ്യര്‍ക്കെതിരെ നടപടി

2019 ലും ശിവസേനക്കൊപ്പമായിരിക്കും മഹാരാഷ്ട്രയില്‍ മത്സരിക്കുക എന്നും അവര്‍ക്ക് എന്‍.ഡി.എയില്‍ നിന്ന് പുറത്ത് പോകണമെങ്കില്‍ അത് അവരുടെ ഇഷ്ടമാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഒറ്റക്ക് നിന്ന് എന്‍.ഡി.എയെ നേരിടാന്‍ കഴിയില്ലെന്ന ബോധ്യത്തിലാണ് പ്രതിപക്ഷ കക്ഷികള്‍ ഐക്യം എന്ന സാധ്യത അന്വേഷിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

എന്നാല്‍ എന്‍.ഡി.എയെ പരാജയപ്പെടുത്താന്‍ ഇവര്‍ക്കാകില്ലെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ബംഗാളിലും ശക്തമായ സ്വാധീനം ചെലുത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ ഗൊരഖ്പൂര്‍, ഫുല്‍പൂര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബി.എസ്.പി പിന്തുണയോടെയാണ് എസ്.പി സ്ഥാനാര്‍ഥികള്‍ ബി.ജെ.പിയെ തോല്‍പിച്ചത്. ഇതിനുപുറമെ വരാനിരിക്കുന്ന കൈരാന ഉപതെരഞ്ഞെടുപ്പിലും ഇരുപാര്‍ട്ടികളും തമ്മില്‍ സഹകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ALSO READ:  ബി.ജെ.പി സഖ്യം രാഷ്ട്രീയജീവിതത്തിലെ കറുത്തപാട്; ദേവഗൗഡയോട് മാപ്പുപറഞ്ഞ് കുമാരസ്വാമി

നേരത്തെ ബി.എസ്.പി നേതാവ് മായാവതിയുടെ അനുഭവ സമ്പത്തിന്റെ വെളിച്ചത്തില്‍ എസ്.പി-ബി.എസ്.പി സഖ്യം ശക്തമായി മുന്നോട്ടുപോകുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് പറഞ്ഞിരുന്നു.

എസ്.പി ബി.എസ്.പി സഖ്യം തകര്‍ക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ബി.ജെ.പിയെന്നും ആ ശ്രമം പരാജയപ്പെട്ടാല്‍ അവര്‍ ഒരിക്കലും അധികാരത്തിലെത്തില്ലെന്നും അഖിലേഷ് പറഞ്ഞിരുന്നു.

WATCH THIS VIDEO: 

We use cookies to give you the best possible experience. Learn more