ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ ദുലീപ് ട്രോഫിക്ക് ഇനി അഞ്ച് ദിവസത്തിന്റെ മാത്രം കാത്തിരിപ്പ്. ഓഗസ്റ്റ് 28നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. സൗത്ത് സോണ്‍, നോര്‍ത്ത് സോണ്‍, ഈസ്റ്റ് സോണ്‍, വെസ്റ്റ് സോണ്‍, സെന്‍ട്രല്‍ സോണ്‍, നോര്‍ത്ത് ഈസ്റ്റ് സോണ്‍ എന്നിങ്ങനെ ആറ് ടീമുകളാണ് പ്രസ്റ്റീജ്യസായ കിരീടത്തിനായി പോരാടുന്നത്.
കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ സെന്‍ട്രല്‍ സോണിനെയാണ് പ്രതിനിധീകരിക്കുന്നത്. വൈസ് ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍ അടക്കം നാല് കേരള താരങ്ങള്‍ സൗത്ത് സോണിനുള്ള സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. സൂപ്പര്‍ താരം തിലക് വര്‍മയാണ് ടീമിന്റെ നായകന്‍.
എന്നാല്‍ സൗത്ത് സോണ്‍ സ്‌ക്വാഡില്‍ സഞ്ജുവിന് ഇടം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫിയില്‍ സഞ്ജുവിന് പല മത്സരങ്ങളും നഷ്ടപ്പെട്ടിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സൗത്ത് സോണ്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ തലൈവര്‍ സര്‍ഗുണം സേവ്യര്‍ സഞ്ജുവിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താതിരുന്നത്.
‘കഴിഞ്ഞ രഞ്ജിയില്‍, കേരളം ഫൈനലിലേക്ക് കുതിച്ച സീസണില്‍ പല മത്സരങ്ങളും സഞ്ജുവിന് നഷ്ടപ്പെട്ടിട്ടുണ്ട്. ഇക്കാരണം കൊണ്ടാണ് സഞ്ജുവിനെ ടീമിന്റെ ഭാഗമാക്കാതിരുന്നത്. രഞ്ജി ട്രോഫിയിലും ഇന്ത്യ എ ടീമിന്റെ പര്യടനങ്ങളിലും മികച്ച പ്രകടനം നടത്തിയ താരങ്ങളെ ഉള്‍ക്കൊള്ളിച്ചാണ് ഈ ടീം തെരഞ്ഞെടുത്തിരിക്കുന്നത്,’ തലൈവന്‍ സര്‍ഗുണം സേവ്യര്‍ പറഞ്ഞു.
കേരളം ഫൈനലിലെത്തിയ കഴിഞ്ഞ രഞ്ജി സീസണില്‍ രണ്ടേ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് സഞ്ജു കളത്തിലിറങ്ങിയത്. അന്താരാഷ്ട്ര കമ്മിറ്റ്‌മെന്റുകളും പരിക്കുകളുമാണ് താരത്തിന് തിരിച്ചടിയായത്.
പിന്നാലെ നടന്ന വിജയ് ഹസാരെ ട്രോഫിയിലും സഞ്ജുവിന് കളത്തിലിറങ്ങാനായില്ല. ടൂര്‍ണമെന്റിലുള്ള കേരള ടീമില്‍ നിന്നും അസോസിയേഷന്‍ താരത്തെ പൂര്‍ണമായും അവഗണിക്കുകയായിരുന്നു. സെലക്ഷന്‍ ക്യാമ്പില്‍ പങ്കെടുത്തില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു കെ.സി.എയുടെ നടപടി.