| Tuesday, 25th March 2025, 8:35 pm

'ഒരൊറ്റ കാര്യം സാധ്യമെങ്കില്‍ ഇന്ത്യന്‍ സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ തയ്യാറാണ്'; സൗത്ത് കൊറിയന്‍ നടി ലീ ഡാ-ഹി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗത്ത് കൊറിയയിലെ അറിയപ്പെടുന്ന നടിയും മോഡലുമാണ് ലീ ഡാ-ഹി. 2003ല്‍ തൗസന്റ് ഇയേര്‍സ് ഓഫ് ലവ് എന്ന ടെലിവിഷന്‍ സീരീസിലൂടെയാണ് നടി തന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് നിരവധി സീരീസുകളുടെ ഭാഗമായ ലീ ഡാ-ഹി 2013ല്‍ ഐ കാന്‍ ഹിയര്‍ യുവര്‍ വോയ്സ് എന്ന കോര്‍ട്ട് റൂം ഡ്രാമയിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്.

2018ല്‍ പുറത്തിറങ്ങിയ ദി ബ്യൂട്ടി ഇന്‍സൈഡ്, 2019ല്‍ റിലീസായ സെര്‍ച്ച്: ഡബ്ല്യു.ഡബ്ല്യു.ഡബ്ല്യു തുടങ്ങി നിരവധി മികച്ച കൊറിയന്‍ സീരീസുകളുടെയും സിനിമകളുടെയും ഭാഗമാണ് ലീ ഡാ-ഹി.

ഇപ്പോള്‍ തനിക്ക് ഇന്ത്യന്‍ സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറയുകയാണ് നടി. മറ്റൊരാളെ കൊണ്ട് വോയിസ് ഓവര്‍ ചെയ്യാമെങ്കില്‍ താന്‍ ഇന്ത്യയില്‍ വര്‍ക്ക് ചെയ്യാമെന്നാണ് ലീ ഡാ-ഹി പറയുന്നത്.

‘ഇന്ത്യയില്‍ വര്‍ക്ക് ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ട്. അങ്ങനെ ചെയ്യുകയാണെങ്കില്‍ എനിക്ക് അവിടുത്തെ ഭാഷ സംസാരിക്കേണ്ടി വരുമോ, അതോ മറ്റൊരാളെ കൊണ്ട് വോയ്സ് ഓവര്‍ ചെയ്യാനാകുമോ.

അങ്ങനെ വോയ്സ് ഓവര്‍ ചെയ്യാന്‍ സാധിക്കുമെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ഇന്ത്യയില്‍ വര്‍ക്ക് ചെയ്യുന്നതാണ്. നിങ്ങള്‍ ശ്രദ്ധിച്ചാല്‍, ഞാന്‍ എന്റെ വ്യക്തിത്വവുമായി ഇണങ്ങുന്ന ഒരുപാട് ശക്തവും തീവ്രവുമായ കഥാപാത്രങ്ങളെ ചെയ്തതായി കാണാം.

ആ കഥയും കഥാപാത്രവും മനസിലാക്കാന്‍ എനിക്ക് എളുപ്പമായിരുന്നു. കാരണം ആ കഥാപാത്രങ്ങളുമായി എനിക്ക് നിരവധി സമാനതകള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് ആ വേഷങ്ങള്‍ ചെയ്യാന്‍ അധികം തയ്യാറെടുപ്പുകള്‍ ആവശ്യമായിരുന്നില്ല.

അതുപോലെ ഞാന്‍ എന്റെ കരിയറില്‍ ഒരുപാട് തവണ സമാനമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അവയൊക്കെ ആളുകള്‍ക്ക് ഇഷ്ടപ്പെട്ടതായിരുന്നു.

ഒപ്പം എനിക്ക് അനുയോജ്യവുമായിരുന്നു. പക്ഷേ ഇപ്പോള്‍ തികച്ചും വ്യത്യസ്തമായ ഷേഡുകളുള്ള കഥാപാത്രം പരീക്ഷിച്ച് നോക്കേണ്ട സമയമാണ് ഇതെന്നാണ് ഞാന്‍ കരുതുന്നത്,’ ലീ ഡാ-ഹി പറഞ്ഞു.

Content Highlight: South Korean Actress Lee Da-Hee Says She Wants To Work In Indian Cinema

Latest Stories

We use cookies to give you the best possible experience. Learn more