ഇവനിത് തന്നെയാണല്ലോ പണി! ഓസ്ട്രേലിയെ വീണ്ടും പഞ്ഞിക്കിട്ട് ബ്രെവിസ്
Cricket
ഇവനിത് തന്നെയാണല്ലോ പണി! ഓസ്ട്രേലിയെ വീണ്ടും പഞ്ഞിക്കിട്ട് ബ്രെവിസ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 16th August 2025, 5:18 pm

ഓസ്ട്രേലിയക്കെതിരെ വീണ്ടും വെടിക്കെട്ട് ബാറ്റിങ്ങുമായി സൗത്ത് ആഫ്രിക്കന്‍ യുവതാരം ഡെവാള്‍ഡ് ബ്രെവിസ്. ഓസ്ട്രേലിയും സൗത്ത് ആഫ്രിക്കയും തമ്മില്‍ നടക്കുന്ന ടി – 20 പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് താരത്തിന്റെ തകര്‍പ്പന്‍ ബാറ്റിങ്.

മത്സരത്തില്‍ നാലാമതായി ബാറ്റിങ്ങിനെത്തിയ ബ്രെവിസ് 53 റണ്‍സ് നേടിയാണ് തിരിച്ച് കയറിയത്. വെറും 26 പന്തുകള്‍ നേരിട്ടായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ആറ് സിക്സും ഒരു ഫോറും അടക്കമായിരുന്നു വലം കൈയ്യന്‍ ബാറ്റര്‍ കങ്കാരുക്കളെ പഞ്ഞിക്കിട്ടത്. 203.85 എന്ന പ്രഹരശേഷിയിലാണ് താരം ലോക ക്രിക്കറ്റിലെ മികച്ച ടീമുകളില്‍ ഒന്നായി കരുതുന്ന ഓസ്ട്രേലിയയെ തല്ലിയൊതുക്കിയത്.

അഞ്ചാം ഓവറില്‍ ടീമിനായി ബാറ്റിങ്ങിനെത്തിയായിരുന്നു ബ്രെവിസ് തന്റെ താണ്ഡവം നടത്തിയത്. ഇത് ആദ്യമായല്ല താരം ഓസ്ട്രേലിയക്കെതിരെ താരം മികച്ച പ്രകടനം പുറത്തെടുത്തത്. പരമ്പരയിലെ രണ്ടാം മത്സരത്തിലും കങ്കാരുക്കള്‍ 22കാരന്റെ ബാറ്റിങ്ങിന്റെ ചൂടറിഞ്ഞിരുന്നു. അന്ന് പുറത്താവാതെ 125 റണ്‍സാണ് അടിച്ചെടുത്തത്.

അതേസമയം, താരത്തിന്റെ കരുത്തില്‍ മത്സരത്തില്‍ സൗത്ത് ആഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 172 എടുത്തിട്ടുണ്ട്. ബ്രെവിസ് പുറമെ, റാസി വാന്‍ ഡെര്‍ ഡസന്‍ മികച്ച പ്രകടനം പുറത്തെടുത്തു. 26 പന്തില്‍ പുറത്താവാതെ 38 റണ്‍സാണ് താരം നേടിയത്.

നിലവില്‍ ഓസ്‌ട്രേലിയ മറുപടി ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. നാല് ഓവറുകള്‍ പിന്നിടുമ്പോള്‍ ആതിഥേയര്‍ വിക്കറ്റൊന്നും നഷ്ടമാവാതെ 28 റണ്‍സെടുത്തിട്ടുണ്ട്. മിച്ചല്‍ മാര്‍ഷും (16 പന്തില്‍ 24) ട്രാവിസ് ഹെഡുമാണ് (ഒമ്പത് പന്തില്‍ 13) കങ്കാരുക്കള്‍ക്കായി ക്രീസിലുള്ളത്.

മത്സരത്തില്‍ സൗത്ത് ആഫ്രിക്കക്കും ഓസ്ട്രേലിയയ്ക്കും വിജയം അനിവാര്യമാണ്. പരമ്പരയില്‍ ഇരുവരും ഓരോ മത്സരങ്ങള്‍ വിജയിച്ച് സമനിലയിലാണ്.

Content Highlight: South African youngster Dewald Brevis again showcased stunning batting against Australia