ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് സൗത്ത് ആഫ്രിക്കൻ ബാറ്റർ ഹെൻറിക്ക് ക്ലാസൻ അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. ജൂൺ രണ്ടിന് സോഷ്യൽ മീഡിയ ഹാൻഡിലായ ഇൻസ്റ്റഗ്രാമിലൂടെ വളരെ അപ്രതീക്ഷിതമായാണ് താരം ക്രിക്കറ്റിൽ നിന്ന് പടിയിറക്കം പ്രഖ്യാപിച്ചത്.
ഇപ്പോൾ തന്റെ പെട്ടന്നുള്ള വിരമിക്കലിന്റെ കാരണങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഹെൻറിക്ക് ക്ലാസൻ. കുറച്ചു നാളായി താൻ എങ്ങനെ കളിക്കുന്നുവെന്നോ ടീം ജയിക്കുന്നോ ഇല്ലയോയെന്നോ ശ്രദ്ധിക്കാറെ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതൊരു നല്ല അനുഭവമായിരുന്നില്ലെന്നും പരിശീലകനുമായി ഇതേ കുറിച്ച് ചർച്ചകൾ നടത്തിയിരുന്നെന്നും വിക്കറ്റ് കീപ്പർ ബാറ്റർ വ്യക്തമാക്കി. റോബ് വാൾട്ടർ പരിശീലക സ്ഥാനത്ത് നിന്ന് രാജിവെച്ചതും ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുമായുള്ള തന്റെ കരാർ ചർച്ചകൾ ശരിയായി നടക്കാതിരുന്നതും തന്റെ തീരുമാനം എളുപ്പത്തിലാക്കി എന്നും താരം കൂട്ടിച്ചേർത്തു.
‘കുറച്ചു നാളായി ഞാൻ എങ്ങനെ കളിക്കുന്നുവെന്നോ ടീം ജയിക്കുന്നോ ഇല്ലയോയെന്നോ ഞാൻ ശ്രദ്ധിക്കാറെയില്ല. അതൊരു നല്ല അനുഭവമായിരുന്നില്ല. ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ഞാൻ റോബ് വാൾട്ടറുമായി ഒരു നീണ്ട സംഭാഷണം നടത്തി, കാര്യങ്ങൾ എങ്ങനെ പോകുന്നു എന്നതിൽ ഞാൻ തൃപ്തനല്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. ഞാൻ മത്സരങ്ങൾ വേണ്ടത്ര ആസ്വദിച്ചിരുന്നില്ല.
ഞങ്ങൾ നല്ലൊരു ചർച്ച നടത്തി, 2027 ലോകകപ്പ് വരെ എല്ലാം ഭംഗിയായി ആസൂത്രണം ചെയ്തിരുന്നു. അദ്ദേഹം പരിശീലക സ്ഥാനത്ത് രാജി വെച്ചതോടെയും ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുമായുള്ള കരാർ ചർച്ചകൾ ശരിയായി നടക്കാതിരിക്കുകയും ചെയ്തപ്പോൾ എന്റെ തീരുമാനം വളരെ എളുപ്പത്തിൽ എടുക്കാനായി,’ ക്ലാസൻ പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്ക്കായി 2018 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ക്ലാസന്‍ 60 ഏകദിനങ്ങളിലും 58 ടി -20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 2141 ഉം ക്രിക്കറ്റിന്റെ ചെറിയ ഫോര്‍മാറ്റില്‍ 1000 ഉം റണ്‍സ് നേടിയിട്ടുണ്ട്. 33കാരനായ താരം ഏകദിനത്തില്‍ നാല് സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയും ടി- 20 യില്‍ അഞ്ച് അര്‍ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്.
Content Highlight: South African Cricketer Heinrich Klassen reveals the reason behind his sudden retriement from international cricket