2025 വനിതാ ഏകദിന ലോകകപ്പിന്റെ കലാശപ്പോരാട്ടില്‍ ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മില്‍ ഏറ്റുമുട്ടുകയാണ്. നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 23 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സാണ് സൗത്ത് ആഫ്രിക്ക നേടിയത്.
നിലവില്‍ ടീമിന് വേണ്ടി ക്രീസിലുള്ളത് ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ടും സനാലോ ജാഫ്തയുമാണ്. സിനാലോ ഒരു റണ്‍സ് നേടിയപ്പോള്‍ ഓപ്പണറും ക്യാപ്റ്റനുമായ ലോറ വോള്‍വാര്‍ട്ട് 56 പന്തില്‍ നിന്ന് 65 റണ്‍സാണ് ടീമിന് വേണ്ടി നേടിയത്. ഒമ്പത് ഫോറും ഒരു സിക്‌സുമാണ് താരം നേടിയത്.
മറ്റ് താരങ്ങള്‍ തകരുമ്പോള്‍ ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും മിന്നും പ്രകടനമാണ് ലോറ കാഴ്ചവെച്ചത്. ഇതിന് പുറമെ ഒരു തകര്‍പ്പന്‍ നേട്ടമാണ് താരം സ്വന്തമാക്കിയതും. ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ അര്‍ധ സെഞ്ച്വറി നേടിയതോടെ ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്ന താരമെന്ന നേട്ടമാണ് ലോറ സ്വന്തമാക്കിയത്. 24 ഇന്നിങ്‌സില്‍ നിന്ന് 14 തവണയാണ് താരം 50+ സ്‌കോര്‍ നേടിയത്. ഈ നേട്ടത്തില്‍ മുന്‍ ഇന്ത്യന്‍ താരം മിതാലി രാജിനെ മറികടന്നാണ് ലോറ ആധിപത്യം സ്ഥാപിച്ചത്.
വനിതാ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്ന താരം, എണ്ണം (ഇന്നിങ്‌സ്)
മത്സരത്തില്‍ ലോറയ്ക്ക് പുറമെ ഓപ്പണര്‍ തസ്മിന്‍ ബ്രിറ്റ്‌സ് 35 പന്തില്‍ 23 റണ്‍സ് നേടി റണ്‍ഔട്ട് ആയപ്പോള്‍ അനേക് ബോഷിനെ നല്ലപുറെഡ്ഡി ചരണി പൂജ്യത്തിന് പറഞ്ഞയച്ചു. സുനേ ലൂസ് 31 പന്തില്‍ 25 റണ്‍സും നേടി ഷഫാലിക്ക് ഇരയായി. മാത്രമല്ല അപകടകാരിയായ മരിസാന്‍ കാപ്പിനെയും (4 റണ്‍സിന്) പുറത്താക്കാന്‍ ഷഫാലിക്ക് സാധിച്ചു. നിലവില്‍ മിന്നും പ്രകടനം നടത്തുന്ന ക്യാപ്റ്റന്‍ ലോറയെ പുറത്താക്കിയില്ലെങ്കില്‍ ഇന്ത്യ സ്വപ്‌നം കാണുന്ന കന്നിക്കിരീടം കൈവിട്ടുപോകാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഫോം തുടര്‍ന്നാല്‍ ലോറ ടീമിനെ വിജയത്തിലെത്തിച്ചേക്കും. എന്നിരുന്നാലും ബൗളിങ്ങില്‍ ശക്തമായ പ്രകടനം നടത്തി ഇന്ത്യ തങ്ങളുടെ ആദ്യ വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കുമെന്നുതന്നെയാണ് ആരാധകരും വിശ്വസിക്കുന്നത്.
അതേസമയം ഓപ്പണര്‍മാരായ സ്മൃതി മന്ഥാനയും ഷഫാലി വര്‍മയും ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ഷഫാലി 78 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 87 റണ്‍സും സ്മൃതി 58 പന്തില്‍ എട്ട് ഫോര്‍ ഉള്‍പ്പെടെ 45 റണ്‍സുമാണ് അടിച്ചെടുത്തത്.
മാത്രമല്ല 104 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്. ഇന്ത്യയെ മെച്ചപ്പെട്ട സ്‌കോര്‍ നിലയില്‍ എത്തിച്ചായിരുന്നു താരങ്ങളുടെ മടക്കം. ഇരുവര്‍ക്കും പുറമെ അഞ്ചാം നമ്പറില്‍ ഇറങ്ങിയ ദീപ്തി ശര്‍മ 58 പന്തില്‍ ഒരു സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 58 റണ്‍സ് സ്വന്തമാക്കി.
മത്സരത്തില്‍ നാലാം നമ്പറില്‍ ഇറങ്ങിയത് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറായിരുന്നു. 29 പന്തില്‍ രണ്ട് ഫോര്‍ ഉള്‍പ്പെടെ 20 റണ്‍സാണ് താരം നേടിയത്. റിച്ചാ ഘോഷ് 24 പന്തില്‍ 34ഉം ജമീമ റോഡ്രിഗസ് 37 പന്തില്‍ 24 റണ്‍സും നേടിയാണ് കളം വിട്ടത്. ജെമീമ സെമിയില്‍ ഇന്ത്യക്ക് വേണ്ടി മിന്നും പ്രകടനമായിരുന്നു നടത്തിയത്.
അതേസമയം സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി അയബോഗ ഗാക്ക മൂന്ന് വിക്കറ്റ് നേടി തിളങ്ങിയപ്പോള്‍ നൊക്കുലുലെക്കോ മ്ലാബ, നഥൈന്‍ ഡി ക്ലര്‍ക്ക്, ക്ലോ ട്രിയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Content Highlight: South African Captain In Great Record Achievement In Women’s world Cup