ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ പ്രകടനവുമായി സൗത്ത് ആഫ്രിക്കന്‍ താരം മാത്യൂ ബ്രീറ്റ്ക്‌സി. കങ്കാരുക്കള്‍ക്കെതിരെ അര്‍ധ സെഞ്ച്വറി നേടിയാണ് താരം തകര്‍ത്തടിച്ചത്. 78 പന്തില്‍ 88 റണ്‍സാണ് വലം കൈയ്യന്‍ ബാറ്റര്‍ മത്സരത്തില്‍ നേടിയത്. രണ്ട് സിക്സറും എട്ട് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
കരിയറിലെ നാലാം ഏകദിന മത്സരത്തില്‍ എത്തിയാണ് ബ്രീറ്റ്ക്‌സി ഈ പ്രകടനം കാഴ്ച വെച്ചത്. കളിക്കാന്‍ ഇറങ്ങിയ നാല് മത്സരങ്ങളിലും താരം അര്‍ധ സെഞ്ച്വറി നേടുകയും ചെയ്തിരുന്നു. ഇതോടെ ഒരു സൂപ്പര്‍ നേട്ടവും താരത്തിന് സ്വന്തമാക്കാനായി.
തുടര്‍ച്ചയായി നാല് അര്‍ധ സെഞ്ച്വറി നേടി ഏകദിന കരിയര്‍ ആരംഭിച്ച ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടമാണ് ബ്രീറ്റ്ക്‌സി തന്റെ പേരില്‍ എഴുതി ചേര്‍ത്തത്. ഒരു ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി 50+ സ്‌കോര്‍ നേടി കരിയര്‍ ആരംഭിക്കുന്നത് ഇത് ആദ്യ സംഭവമാണ്.
മുമ്പ് ഇന്ത്യന്‍ താരമായ നവ്‌ജോത് സിങ് സിദ്ദു ഇങ്ങനെ തുടര്‍ച്ചയായി നാല് അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ട്. എന്നാല്‍ സിദ്ദു തുടര്‍ച്ചയായി 50+ സ്‌കോര്‍ ചെയ്തത് വിവിധ ഫോര്‍മാറ്റുകളായിരുന്നു.
മത്സരത്തില്‍ സൗത്ത് ആഫ്രിക്ക ബ്രീറ്റ്ക്‌സിയുടെ കരുത്തില്‍ 277 റണ്‍സെടുത്തിരുന്നു. എന്നാല്‍, അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെ ടീം പുറത്തായി. താരത്തിന് പുറമെ, ട്രിസ്റ്റന്‍ സ്റ്റബ്ബ്സും അര്‍ധ സെഞ്ച്വറി നേടി. താരം 87 പന്തില്‍ 74 റണ്‍സാണ് സ്‌കോര്‍ ചെയ്തത്.
ഓസ്ട്രേലിയ്ക്കായി ആദം സാംപ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മാര്‍നസ് ലബുഷൈന്‍, നഥാന്‍ എല്ലിസ്, സേവ്യര്‍ ബാര്‍ട്ട്‌ലറ്റ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.