ഐ.സി.സി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് തെംബ ബാവുമയുടെ സൗത്ത് ആഫ്രിക്ക കിരീടമണിഞ്ഞിരുന്നു. ഏറെ നാളുകളായി ആരാധകര്‍ കാത്തിരുന്ന കിരീടമാണ് ലോര്‍ഡ്‌സില്‍ പ്രോട്ടിയാസ് ശിരസിലണിഞ്ഞത്.
1998ല്‍ ഐ.സി.സി നോക്ക്ഔട്ട് ട്രോഫി (പിന്നീട് ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയെന്ന് പുനര്‍നാമകരണം ചെയ്തു) സ്വന്തമാക്കിയ ശേഷം ഇതാദ്യമായാണ് സൗത്ത് ആഫ്രിക്കന്‍ മണ്ണിലേക്ക് ഒരു ഐ.സി.സി സീനിയര്‍ കിരീടമെത്തുന്നത്.
ഐ.സി.സി നോക്ക്ഔട്ട് ട്രോഫിയുമായി സൗത്ത് ആഫ്രിക്ക
പല ലോകകപ്പ് ഫൈനലുകളിലും കപ്പിനും ചുണ്ടിനും ഇടയില്‍ വെച്ച് വിജയം നഷ്ടപ്പെടുത്തിയ സൗത്ത് ആഫ്രിക്ക കിരീടമെന്ന സ്വപ്നം ഓരോ തവണയും ബാക്കിയാക്കുകയായിരുന്നു.
എന്നാല്‍ ഈ 27 വര്‍ഷത്തെ കാത്തിരിപ്പിനിടെ മറ്റൊരു ഐ.സി.സി കിരീടം സൗത്ത് ആഫ്രിക്കയിലെത്തിയിരുന്നു. അതും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ടീമിനായി മാച്ച് വിന്നിങ് സെഞ്ച്വറി പുറത്തെടുത്ത ഏയ്ഡന്‍ മര്‍ക്രമിന്റെ ക്യാപ്റ്റന്‍സിയില്‍.
ഐ.സി.സി അണ്ടര്‍ 19 ലോകകപ്പാണ് 2014ല്‍ സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാനെ ആറ് വിക്കറ്റിന് തകര്‍ത്താണ് സൗത്ത് ആഫ്രിക്കന്‍ കുട്ടിത്താരങ്ങള്‍ കപ്പുയര്‍ത്തിയത്.
പാകിസ്ഥാനെ തകര്‍ത്ത് അണ്ടര്‍ 19 കിരീടവുമായി മര്‍ക്രവും സംഘവും
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയത്തില്‍ പ്രോട്ടിയാസ് നിരയില്‍ നിര്‍ണായകമായ കഗീസോ റബാദയും അന്ന് മര്‍ക്രമിനൊപ്പം കുട്ടി ടീമിലുണ്ടായിരുന്നു.
ഏറ്റവുമധികം ഐ.സി.സി കിരീടങ്ങള്‍ സ്വന്തമാക്കിയ ടീം ഓസ്ടട്രേലിയയാണ്. 27 കിരീടങ്ങളാണ് കങ്കാരുക്കള്‍ സ്വന്തമാക്കിയത്. സീനിയര്‍ പുരുഷ താരങ്ങള്‍ പത്ത് കിരീടമണിഞ്ഞപ്പോള്‍ വനിതാ താരങ്ങള്‍ 13 കിരീടവും സ്വന്തമാക്കി. നാല് കിരീടങ്ങള്‍ U19 താരങ്ങളാണ് ഓസ്‌ട്രേലിയന്‍ മണ്ണിലെത്തിച്ചത്.
ഇന്ത്യയാണ് ഈ പട്ടികയില്‍ രണ്ടാമതുള്ളത്. ഇന്ത്യയ്ക്കായി എല്ലാവരും ചേര്‍ന്ന് 14 കിരീടങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്.
ഏറ്റവുമധികം ഐ.സി.സി കിരീടങ്ങള്‍ സ്വന്തമാക്കിയ ടീമുകള്‍