ഇത് നമ്മുടെ രാജ്യത്തിന് വളരെ വലിയ നേട്ടമായിരിക്കും, ഇന്ന് രാത്രി ഞാന്‍ എങ്ങനെ ഉറങ്ങുമെന്ന് ഉറപ്പില്ല; പ്രോട്ടിയാസ് ബാറ്റിങ് കോച്ച് ആഷ്‌വെല്‍ പ്രിന്‍സ്
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ മൂന്നാം ദിവസം അവസാനിച്ചപ്പോള്‍ ഏറെ കാലത്തെ കിരീട വരള്‍ച്ചയ്ക്ക് വിരാമമിടാനിരിക്കുകയാണ് സൗത്ത് ആഫ്രിക്ക. 282 റണ്‍സിന്റെ ടാര്‍ഗറ്റാണ് സൗത്ത് ആഫ്രിക്കയ്ക്ക് മുന്നില്‍ ഓസ്‌ട്രേലിയ പടുത്തുയര്‍ത്തിയത്.
രണ്ട് ദിവസം ശേഷിക്കെ 69 റണ്‍സ് കൂടി നേടാന്‍ സാധിച്ചാല്‍ സൗത്ത് ആഫ്രിക്കയ്ക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടമണിയാം. നിലവില്‍ 56 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സാണ് പ്രോട്ടിയാസ് നേടിയത്.
എന്നാല്‍ നാലാം ദിനം മത്സരം തുടങ്ങുമ്പോള്‍ എട്ട് വിക്കറ്റുകള്‍ നേടിയെടുക്കുന്നതാണ് ഓസ്‌ട്രേലിയയുടെ പ്രധാന ലക്ഷ്യം. അതേസമയം വിക്കറ്റുകള്‍ വീഴാതെ നാലാം ദിവസം കളിവിജയിക്കാനും കിരീടം സ്വന്തമാക്കാനുമാണ് പ്രോട്ടിയാസ് കളത്തിലിറങ്ങുന്നത്. ഇപ്പോള്‍ ഫൈനലിനെക്കുറിച്ച് സംസാരിക്കുകയാണ് സൗത്ത് ആഫ്രിക്കയുടെ ബാറ്റിങ് പരിശീലകന്‍ ആഷ്‌വെല്‍ പ്രിന്‍സ്.
‘ഇത് നമ്മുടെ രാജ്യത്തിന് വളരെ വലിയ നേട്ടമായിരിക്കും. ടെസ്റ്റ് ക്രിക്കറ്റില്‍ നമ്മള്‍ എന്താണ് ചെയ്യാന്‍ ആഗ്രഹിക്കുന്നത് എന്നും മുന്നോട്ട് പോകാന്‍ നമ്മള്‍ എന്താണ് നേടാന്‍ ആഗ്രഹിക്കുന്നത് നമുക്കറിയാം. ചില സമയങ്ങളില്‍ പ്രിയപ്പെട്ട ടീമുകളുമായുള്ള ചില വൈറ്റ്-ബോള്‍ മത്സരങ്ങളില്‍ നമ്മള്‍ പരാജയപ്പെടാം. ചരിത്രം പറയുന്നത് നമ്മള്‍ ഇതുവരെ ഒന്നും നേടിയില്ലെന്ന്, അതിനാല്‍ നമ്മള്‍ മുട്ടുകുത്തി നില്‍ക്കണം. ഇന്ന് രാത്രി ഞാന്‍ എങ്ങനെ ഉറങ്ങുമെന്ന് ഉറപ്പില്ല. എനിക്ക് സുഖമായി ഉറങ്ങാന്‍ കഴിയുമോ എന്നറിയില്ല,’ പ്രോട്ടിയാസ് ബാറ്റിങ് കോച്ച് ആഷ്‌വെല്‍ പ്രിന്‍സ് പറഞ്ഞു.
മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ കങ്കാരുപ്പടയെ 212 റണ്‍സിന് ഓള്‍ ഔട്ട് ചെയ്താണ് പ്രോട്ടിയാസ് തങ്ങളുടെ കരുത്ത് കാണിച്ചത്. കഗീസോ റബാദയുടെ ഫൈഫര്‍ നേട്ടമാണ് പ്രോട്ടിയാസിന് തുണയായത്. ആദ്യ ഇന്നിങ്‌സില്‍ തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ പ്രോട്ടിയാസിനെ ഓള്‍ ഔട്ട് ചെയ്ത് മികച്ച തിരിച്ചുവരവാണ് ഓസ്‌ട്രേലിയയും കാഴ്ചവെച്ചത്.
കങ്കാരുപ്പടയുടെ ബൗളിങ് അറ്റാക്കില്‍ 138 റണ്‍സ് മാത്രമാണ് സൗത്ത് ആഫ്രിക്കയ്ക്ക് നേടാന്‍ സാധിച്ചത്. പാറ്റ് കമ്മിന്‍സ് നേടിയ ആറ് വിക്കറ്റായിരുന്നു ഇന്നിങ്‌സില്‍ നിര്‍ണായകമായത്. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയയെ 207 റണ്‍സിന് തകര്‍ത്താണ് പ്രോട്ടിയാസ് കിരീടം സ്വപ്നം കണ്ട് ബാറ്റിങ്ങിന് ഇറങ്ങിയത്.
Content Highlight: South Africa’s batting coach Ashwell Prince talks about the Weld Test Championship final