Sports News
ഐ.പി.എല്ലില്‍ 156ല്‍ എറിഞ്ഞവന്‍, പക്ഷെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇല്ല!
സൗത്ത് ആഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള 2024-25 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ജൂണ്‍ 11 മുതല്‍ നടക്കാനിരിക്കുകയാണ്. ഇതോടെ 15 അംഗങ്ങളുടെ സ്‌ക്വാഡ് സൗത്ത് ആഫ്രിക്ക പുറത്തുവിട്ടിരുന്നു.
എന്നാല്‍ സൂപ്പര്‍ പേസര്‍ അന്റിച്ച് നോര്‍ക്യ സ്‌ക്വാഡില്‍ ഇടം നേടിയില്ലായിരുന്നു. മാത്രമല്ല സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റിന്റെ കേന്ദ്ര കരാറില്‍ നിന്നും താരം വിട്ടു നിന്നിരുന്നു. നിലവില്‍ 2025 ഐ.പി.എല്ലിന്റെ ഭാഗമാണ് താരം എന്തുകൊണ്ടാണ് പ്രോട്ടിയാസ് സ്‌ക്വാഡില്‍ ഇല്ലാത്തതെന്നും കേന്ദ്ര കരാറില്‍ നിന്നും മാറി നില്‍ക്കുന്നതിന് കാരണവും തുറന്നു പറയുകയാണ് താരം.
കേന്ദ്ര കരാറില്‍ നിന്ന് പിന്മാറിയത് തന്റെ ഫിസിക്കല്‍ കണ്ടീഷന് അനുസരിച്ച് കളിക്കാനും കളിക്കാതിരിക്കാനും സമയം കണ്ടെത്തുന്നതിന് വേണ്ടിയുള്ള തീരുമാനമായിരുന്നെന്നും നോര്‍ക്യ പറഞ്ഞു. മാത്രമല്ല കരിയറില്‍ പലതവണ താരം പരിക്കിന്റെ പിടിയിലായിരുന്നെന്നും പറഞ്ഞിരുന്നു. കൂടാതെ 2024ലെ ടി-20 ലോകകപ്പിന് ശേഷം പ്രോട്ടിയസ് ടീമിന്റെ ഭാഗമാകാന്‍ താരത്തിന് സാധിച്ചിട്ടില്ല.

‘അത് എന്റെ തീരുമാനമായിരുന്നു. എന്റെ ശരീരം എങ്ങനെ പോകുന്നു എന്ന് നോക്കാന്‍ വേണ്ടി മാത്രമായിരുന്നു അത്. 2010 മുതല്‍ എനിക്ക് സ്‌ട്രെസ് ഫ്രാക്ചര്‍ ഉണ്ടായിട്ടില്ല, എന്റെ പുറകില്‍ അല്‍പ്പം ‘നെര്‍വി’ ഉണ്ടായിരുന്നു, അതിനാല്‍ എല്ലാ പരമ്പരകളും അല്ലെങ്കില്‍ വരാനിരിക്കുന്ന എല്ലാ പരമ്പരകളും കളിക്കുന്നതിനുപകരം, എനിക്ക് കഴിയുമ്പോള്‍ കളിക്കാന്‍ സമയം കണ്ടെത്താനും, ഞാന്‍ തയ്യാറാണെന്ന് എനിക്കറിയുമ്പോള്‍ കളിക്കാനും ഞാന്‍ ആഗ്രഹിച്ചു.
എനിക്ക് വിശ്രമത്തിന് ഒരു ആഴ്ചത്തേക്കോ ഒരു മാസത്തേക്ക് ഇടവേള ആവശ്യമുണ്ടെങ്കില്‍, എനിക്കത് ലഭിക്കുന്നതാണ് കൂടുതല്‍ നല്ലത്,’ നോര്‍ട്ട്‌ജെ സ്‌പോര്‍ട്‌സ് ബൂമിനോട് പറഞ്ഞു.
മാത്രമല്ല ടീമിന് വേണ്ടി കളിക്കാന്‍ തയ്യാറായിരുന്നിട്ടും തന്നെ ലോകകപ്പിന് മുമ്പ് കളിപ്പിച്ചില്ലെന്നും മറ്റു താരങ്ങള്‍ക്ക് അവസരം കൊടുത്തെന്നും നോര്‍ക്യ പറഞ്ഞു.
‘കഴിഞ്ഞ വര്‍ഷം, ലോകകപ്പിന് മുമ്പ് ഡിസംബറില്‍ മാത്രമാണ് കളിക്കാന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. മറ്റുള്ളവര്‍ക്ക് അവസരങ്ങള്‍ നല്‍കുന്നതിനായി ചില പരമ്പരകളിലേക്ക് എന്നെ തെരഞ്ഞെടുത്തില്ല. എന്റെ ഭാഗത്ത് നിന്ന്, ഞാന്‍ രാജ്യത്തിനായി കളിക്കാന്‍ ലഭ്യമായിരുന്നു, പക്ഷേ അവര്‍ എന്റെ ബട്ടണ്‍ അമര്‍ത്തിയിട്ടില്ല,’ നോര്‍ക്യ പറഞ്ഞു.
സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി 2019 ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച് താരം 19 മത്സരങ്ങളിലെ 32 ഇന്നിങ്‌സുകളില്‍ നിന്ന് 70 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 81 മെയ്ഡന്‍ ഓവറുകള്‍ അടക്കം 3.67 എന്ന് താരം പന്ത് എറിഞ്ഞത്. 6/56 എന്ന മികച്ച ബൗളിങ് പ്രകടനവും 26.7 എന്ന ആവറേജും താരത്തിനുണ്ട്. നാലുതവണയാണ് ഫോര്‍മാറ്റില്‍ താരത്തിന് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കാന്‍ സാധിച്ചത്.
നിലവില്‍ പരിക്ക് കാരണം 2025 ഐ.പി.എല്ലില്‍ ഒരു മത്സരത്തില്‍ നിന്ന് ഒരു വിക്കറ്റ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്. ഐ.പി.എല്ലില്‍ ഇതുവരെ 47 മത്സരങ്ങള്‍ കളിച്ച നോര്‍ക്യ 156 കിലോമീറ്റര്‍ സ്പീഡില്‍ ബോളെറിഞ്ഞിരുന്നു.
Content Highlight: South Africa’s Anrich Nortje speaks out about not being part of Test cricket