ചരിത്ര തോല്‍വി; പ്രോട്ടിയാസിന്റെ തലയില്‍ ആണിയടിച്ച് ഇന്ത്യ
Sports News
ചരിത്ര തോല്‍വി; പ്രോട്ടിയാസിന്റെ തലയില്‍ ആണിയടിച്ച് ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 9th December 2025, 10:34 pm

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി-20 മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ.
ബരാബതി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 101 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ നേടിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സായിരുന്നു നേടിയത്.

എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസ് 74 റണ്‍സിനാണ് ഓള്‍ ഔട്ട് ആയത്. ഇതോടെ ഒരു മോശം റെക്കോഡും സൗത്ത് ആഫ്രിക്കയുടെ തലയില്‍ വീണിരിക്കുകയാണ്. ടി-20 ചരിത്രത്തില്‍ സൗത്ത് ആഫ്രിക്ക നേടുന്ന ഏറ്റവും കുറഞ്ഞ ടോട്ടലാണിത്.

സൗത്ത് ആഫ്രിക്കയുടെ മോശം ടി-20 ടോട്ടല്‍, എതിരാളി, വര്‍ഷം

74 – ഇന്ത്യ – 2025

87 – ഇന്ത്യ – 2022

89 – ഓസ്‌ട്രേലിയ – 2020

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബൗളിങ് പ്രകടനം നടത്തിയത് അക്‌സര്‍ പട്ടേലാണ്. രണ്ട് ഓവറില്‍ വെറും ഏഴ് റണ്‍സ് വിട്ടുനല്‍കി രണ്ട് വിക്കറ്റുകളാണ് താരം നേടിയത്. അര്‍ഷ്ദീപ് സിങ്ങും രണ്ട് ഓവറില്‍ 14 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. മാത്രമല്ല ഇവര്‍ക്ക് പുറമെ ജസ്പ്രീത് ബുംറയും വരുണ്‍ ചക്രവര്‍ത്തിയും രണ്ട് വിക്കറ്റ് നേടിയിരുന്നു. ഹര്‍ദിക് പാണ്ഡ്യയും ശിവം ദുബെയും ഓരോ വിക്കറ്റും വീഴ്ത്തി. പ്രോട്ടിയാസിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് 22 റണ്‍സ് നേടിയ ഡെവാള്‍ഡ് ബ്രെവിസാണ്.

അതേസമയം സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ ഉയര്‍ന്ന സ്‌കോറിലെത്തിയത്. ടീമിന്റെ ടോപ് ഓര്‍ഡര്‍ പരാജയപ്പെട്ടതോടെ ആറാമനായി ഇറങ്ങി 28 പന്തില്‍ നിന്ന് ആറ് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 59 റണ്‍സാണ് താരം അടിച്ചെടുത്തത്. പുറത്താകാതെയാണ് പാണ്ഡ്യ തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയത്. 210.17 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.

തിലക് വര്‍മ 32 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 26 റണ്‍സ് നേടിയാണ് പുറത്തായത്. അക്‌സര്‍ പട്ടേല്‍ 21 പന്തില്‍ 23 റണ്‍സ് നേടിയാണ് മടങ്ങിയത്. മറ്റാര്‍ക്കും ടീമിന് വേണ്ടി സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. പ്രോട്ടിയാസിന് വേണ്ടി ലുങ്കി എന്‍ഗിഡി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ലുത്തോ സിപ്ലാമ രണ്ട് വിക്കറ്റും ഡെവോണ്‍ ഫെരേരിയ ഒരു വിക്കറ്റും നേടി.

Content Highlight: South Africa In Unwanted Record Against India In t-20i