വമ്പന്‍മാരായ ഓസീസിനെ വരെ ഇവര്‍ പൊളിച്ച് വിട്ടതാ, പിന്നെയാണോ ഇന്ത്യ; പ്രോട്ടിയാസിന്റെ തലപ്പാവില്‍ ഒരു പൊന്‍തൂവല്‍ കൂടി
Cricket
വമ്പന്‍മാരായ ഓസീസിനെ വരെ ഇവര്‍ പൊളിച്ച് വിട്ടതാ, പിന്നെയാണോ ഇന്ത്യ; പ്രോട്ടിയാസിന്റെ തലപ്പാവില്‍ ഒരു പൊന്‍തൂവല്‍ കൂടി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 17th November 2025, 9:50 pm

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ 30 റണ്‍സിന് പരാജയപ്പെട്ടിരുന്നു. മത്സരത്തില്‍ പ്രോട്ടിയാസ് ഉയര്‍ത്തിയ 124 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ വെറും 93 റണ്‍സിന് പുറത്താവുകയായിരുന്നു. ഇതോടെ 15 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ഒരു ടെസ്റ്റ് മത്സരം ജയിക്കാന്‍ സൗത്ത് ആഫ്രിക്കക്ക് സാധിക്കുകയും ചെയ്തു.

ഇതിനെല്ലാം പുറമെ മറ്റൊരു തകര്‍പ്പന്‍ റെക്കോഡും പ്രോട്ടിയാസ് ഇന്ത്യയ്‌ക്കെതിരെ സ്വന്തമാക്കിയിരിക്കുകയാണ്. മെന്‍സ് ടെസ്റ്റില്‍ സൗത്ത് ആഫ്രിക്ക പ്രതിരോധിച്ച ഏറ്റവും കുറഞ്ഞ രണ്ടാമത്തെ വിജയ ലക്ഷ്യമാണിത്. മുമ്പ് ഓസ്‌ട്രേലിയക്കെതിരെ സിഡ്ണിയില്‍ 117 റണ്‍സ് പ്രോട്ടിയാസ് ഡിഫന്റ് ചെയ്തിട്ടുണ്ട്.

മെന്‍സ് ടെസ്റ്റില്‍ സൗത്ത് ആഫ്രിക്ക പ്രതിരോധിച്ച ഏറ്റവും കുറഞ്ഞ സ്‌കോറുകള്‍, എതിരാളി, വര്‍ഷം

117 – ഓസ്‌ട്രേലിയ – 1994

124 – ഇന്ത്യ – 2025

146 – പാകിസ്ഥാന്‍ – 1997

177 – ശ്രീലങ്ക – 2000

186 – ഇംഗ്ലണ്ട് – 1951

മത്സരത്തില്‍ ഇന്ത്യയ്ക്ക് വാഷിങ്ടണ്‍ സുന്ദറാണ് പിടിച്ച് നിന്നത്. 92 പന്തില്‍ 31 റണ്‍സെടുത്താണ് സുന്ദര്‍ മടങ്ങിയത്. രവീന്ദ്ര ജഡേജ 26 പന്തില്‍ 18 റണ്‍സും അക്സര്‍ പട്ടേല്‍ 17 പന്തില്‍ 26 റണ്‍സും എടുത്ത് ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. മറ്റാര്‍ക്കും സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചിരുന്നില്ല. പരിക്കേറ്റ ക്യാപ്റ്റന്‍ ഗില്‍ ബാറ്റിങ്ങിന് ഇറങ്ങാത്തതിനാല്‍ സൗത്ത് ആഫ്രിക്ക വിജയം ഉറപ്പിക്കുകയായിരുന്നു. പ്രോട്ടീയാസിനായി സൈമണ്‍ ഹാര്‍മാര്‍ നാല് വിക്കറ്റ് വീഴ്ത്തി മികവ് പുലര്‍ത്തി. മാര്‍ക്കോ യാന്‍സെന്‍, കേശവ് മഹാരാജ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ എയ്ഡന്‍ മാര്‍ക്രം ഒരു വിക്കറ്റും സ്വന്തമാക്കി.

നേരത്തെ, രണ്ടാം ഇന്നിങ്‌സില്‍ പ്രോട്ടിയാസ് 153 റണ്‍സിന് പുറത്തായിരുന്നു. ടീമിനായി ക്യാപ്റ്റന്‍ തെംബ ബാവുമ 136 പന്തില്‍ പുറത്താവാതെ 55 റണ്‍സെടുത്ത് തിളങ്ങി. ഒപ്പം കോര്‍ബിന്‍ ബോഷ് 37 പന്തില്‍ 25 റണ്‍സും എടുത്തു. ഇന്ത്യയ്ക്കായി ജഡേജ നാല് വിക്കറ്റും സിറാജ്, കുല്‍ദീപ് എന്നിവര്‍ രണ്ട് വിക്കറ്റുകളും നേടി. ബുംറയും അക്‌സറും ഓരോ വിക്കറ്റും സ്വന്തമാക്കി.

അതേസമയം, മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്ത ഒന്നാം ഇന്നിങ്‌സില്‍ സൗത്ത് ആഫ്രിക്ക 159 റണ്‍സാണ് എടുത്തിരുന്നത്. ടീമിനായി എയ്ഡന്‍ മാര്‍ക്രമാണ് മികച്ച ബാറ്റിങ് നടത്തിയത്. താരം 48 പന്തില്‍ 31 റണ്‍സാണ് സ്‌കോര്‍ ചെയ്തിരുന്നത്. കൂടാതെ വിയാന്‍ മുള്‍ഡറും ടോണി ഡി സോഴ്‌സിയും 24 റണ്‍സ് വീതവും നേടി. ഇന്ത്യയ്ക്കായി അഞ്ച് വിക്കറ്റുമായി ജസ്പ്രീത് ബുംറ തിളങ്ങി. കുല്‍ദീപ് യാദവും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അക്സര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

ആദ്യ ഇന്നിങ്സ് ബാറ്റിങ്ങില്‍ ഇന്ത്യയ്ക്കും വലിയ സ്‌കോര്‍ ഉയര്‍ത്താനായില്ല. ബൗളര്‍മാര്‍ക്ക് മുന്‍തൂക്കം ലഭിച്ച മത്സരത്തില്‍ ആതിഥേയര്‍ 189 റണ്‍സിന് പുറത്തായി. 119 പന്തില്‍ 39 റണ്‍സ് നേടിയ കെ.എല്‍ രാഹുല്‍ ഇന്ത്യന്‍ നിരയില്‍ ടോപ് സ്‌കോററായി. വാഷിങ്ടണ്‍ സുന്ദര്‍ 27 റണ്‍സ് എടുത്തപ്പോള്‍ പന്തും ജഡേജയും 27 റണ്‍സ് വീതം ചേര്‍ത്തു. പ്രോട്ടിയാസിനായി ഹാര്‍മാര്‍ നാല് വിക്കറ്റും യാന്‍സെന്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. കോര്‍ബിന്‍ ബോഷും കേശവ് മഹാരാജും ഓരോ വിക്കറ്റ് വീതവും നേടി.

Content Highlight: South Africa In Great Record Achievement In Test Cricket