വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കരുത്തരായ ഓസ്‌ട്രേലിയയെ തകർത്ത് സൗത്ത് ആഫ്രിക്ക ജേതാക്കളായിരുന്നു. കങ്കാരുപ്പടയ്ക്കെതിരെ അഞ്ച് വിക്കറ്റിന്റെ ജയമാണ് പ്രോട്ടിയാസ് നേടിയത്.
സെഞ്ച്വറി പ്രകടനവുമായി ക്രീസിൽ ഉറച്ച് നിന്ന ഏയ്ഡന്‍ മര്‍ക്രമിന്റെയും ക്യാപ്റ്റൻ ബാവുമയുടെയും കരുത്തിലാണ് സൗത്ത് ആഫ്രിക്ക ആദ്യ കിരീടത്തിൽ മുത്തമിട്ടത്. വിജയത്തോടെ ചോക്കേഴ്സ് എന്ന വിളിപ്പേരിനെ പടിക്ക് പുറത്താക്കാനും ബാവുമയുടെ സംഘത്തിനായി.
വിജയത്തോടെ 26 വർഷങ്ങളുടെ കിരീട വരൾച്ചയ്ക്ക് വിരാമമിടാൻ സൗത്ത് ആഫ്രിക്കയ്ക്ക് സാധിച്ചു. അതോടൊപ്പം തന്നെ ഒരു നേട്ടവും ബാവുമയുടെ സംഘത്തിന് സ്വന്തമാക്കാനായി. ഒരു ഡബ്ല്യു.ടി.സി സൈക്കിളിൽ ഏറ്റവും കൂടുതൽ വിജയശതമാനമുള്ള ടീമാകാനാണ് പ്രോട്ടിയാസിനായത്. 2019 – 21ലെ ഇന്ത്യയും ന്യൂസിലാൻഡും സൃഷ്ടിച്ച റെക്കോഡ് മറികടന്നാണ് ടീം തലപ്പത്തെത്തിയത്.
ഫൈനലിൽ 282 റൺസ് പിന്തുടർന്ന സൗത്ത് ആഫ്രിക്കക്കായി രണ്ടാം ഇന്നിങ്സിൽ മാർക്രം – ബാവുമ സഖ്യം മികച്ച പ്രകടനമാണ് നടത്തിയത്. ഇരുവരും പടുത്തുയർത്തിയ 147 റൺസിന്റെ കൂട്ടുകെട്ടാണ് പ്രോട്ടിയാസിന് സ്വപ്ന കിരീടം സമ്മാനിച്ചത്.
സൗത്ത് ആഫ്രിക്കൻ ഓപ്പണർ ഏയ്ഡന്‍ മാർക്രം 207 പന്തിൽ 14 ഫോറുകൾ അടിച്ച് 136 റൺസ് അടിച്ച് തകർപ്പൻ പ്രകടനം കാഴ്‌ച വെച്ചു. കൂടാതെ ക്യാപ്റ്റൻ ബാവുമ 134 പന്തിൽ 66 റൺസെടുത്തു.