എല്ലാം പെട്ടന്നായിരുന്നു; സൂപ്പർ സിക്‌സിൽ സൂപ്പറായി സൗത്ത് ആഫ്രിക്ക
Cricket
എല്ലാം പെട്ടന്നായിരുന്നു; സൂപ്പർ സിക്‌സിൽ സൂപ്പറായി സൗത്ത് ആഫ്രിക്ക
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 31st January 2024, 7:58 pm

അണ്ടര്‍ 19 ലോകകപ്പ് സൂപ്പര്‍ സിക്‌സില്‍ സൗത്ത് ആഫ്രിക്കക്ക് തകര്‍പ്പന്‍ ജയം. സിംബാബ്വെയെ ഒമ്പത് വിക്കറ്റുകള്‍ക്കാണ് സൗത്ത് ആഫ്രിക്ക പരാജയപ്പെടുത്തിയത്.

സെന്‍വെസ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക സിംബാബ്വെയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സൗത്ത് ആഫ്രിക്കയുടെ തീരുമാനം ശരിവെക്കുന്നതായിരുന്നു പിന്നീട് ഗ്രൗണ്ടില്‍ കണ്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെ 29.2 ഓവറില്‍ 102 റണ്‍സിന് പുറത്താവുകയായിരുന്നു.

സൗത്ത് ആഫ്രിക്കയുടെ ബൗളിങ് നിരയില്‍ ക്വനാ മഫാക്ക അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി. പത്ത് ഓവറില്‍ 34 റണ്‍സ് വിട്ടുനല്‍കിയാണ് മഫാക്ക അഞ്ച് വിക്കറ്റുകള്‍ നേടിയത്. ട്രിസ്റ്റന്‍ ലൂസ് മൂന്ന് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

സിംബാബ്വെ ബാറ്റിങ് നിരയില്‍ റൊണക്ക് പട്ടേല്‍ 30 പന്തില്‍ 32 റണ്‍സും വിക്കറ്റ് കീപ്പര്‍ റയാന്‍ തകുന്ദ കംവേബ്വെ 42 പന്തില്‍ 24 റണ്‍സും നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും 20ന് മുകളില്‍ റണ്‍സ് നേടാന്‍ സാധിച്ചില്ല.

വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇറങ്ങിയ സൗത്ത് ആഫ്രിക്ക 13.3 ഓവറില്‍ ഒമ്പത് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

സൗത്ത് ആഫ്രിക്കയുടെ ബാറ്റിങ്ങില്‍ എല്‍ഹുവാന്‍ ഡെ പ്രറ്റൊറിയസ് 39 പന്തില്‍ 53 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ഒമ്പത് ഫോറുകളും ഒരു സിക്‌സുമാണ് പ്രറ്റൊറിയസിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ടീം സ്റ്റോക്ക് 29 പന്തില്‍ 37 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ സൗത്ത് ആഫ്രിക്ക ലക്ഷ്യം മറികടക്കുകയായിരുന്നു.

ഫെബ്രുവരി രണ്ടിന് ശ്രീലങ്കയ്‌ക്കെതിരെയാണ് സൗത്ത് ആഫ്രിക്കയുടെ അടുത്ത മത്സരം.

South Africa beat Zimbabwe in under 19 worldcup.