സൗത്ത് ആഫ്രിക്ക എ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന ഏകദിനത്തില്‍ സന്ദര്‍ശകര്‍ക്ക് വിജയം. രാജ്‌കോട്ടില്‍ നടന്ന മത്സരത്തില്‍ 73 റണ്‍സിനാണ് സൗത്ത് ആഫ്രിക്ക എ വിജയം സ്വന്തമാക്കിയത്. പ്രോട്ടിയാസ് ഉയര്‍ത്തിയ 326 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ എ 252 റണ്‍സിന് പുറത്തായി.
മൂന്നാം ഏകദിനത്തില്‍ പരാജയപ്പെട്ടെങ്കിലും പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യ രാജ്‌കോട്ട് ഏകദിനത്തിന് മുമ്പ് തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. ക്ലീന്‍ സ്വീപ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയെ അതിന് സന്ദര്‍ശകര്‍ അനുവദിക്കാതെ പിടിച്ചുകെട്ടുകയായിരുന്നു.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ തിലക് വര്‍മ എതിരാളികളെ ബാറ്റിങ്ങിനയച്ചു. ആദ്യ വിക്കറ്റില്‍ 241 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഓപ്പണര്‍മാരായ ലുവാന്‍ ഡ്രെ പ്രിട്ടോറിയസും റിവാള്‍ഡോ മൂന്‍സമിയും ഇന്നിങ്‌സിന് അടിത്തറയൊരുക്കി. ഇരുവരും സെഞ്ച്വറി നേടിയാണ് കളം വിട്ടത്.
