ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ് അടുത്തിടെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനേയും തെരഞ്ഞെടുത്തു.
രോഹിത് ശര്‍മയുടേയും വിരാട് കോഹ്‌ലിയുടേയും അപ്രതീക്ഷിത വിരമിക്കലിന് ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയാണിത്. ജൂണ്‍ 20ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയ്ക്ക് വേണ്ടി 18 അംഗ സ്‌ക്വാഡാണ് സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്.
ഇപ്പോള്‍ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയേക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ഇംഗ്ലണ്ടാണ് തന്റെ ഫേവറേറ്റ് എന്നും എന്നാല്‍ അത്തരം ഫേവറേറ്റ് ആശയത്തില്‍ തനിക്ക് വിശ്വാസമില്ലെന്നും ഗാംഗുലി പറഞ്ഞു. മാത്രമല്ല ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നന്നായി ബാറ്റ് ചെയ്താല്‍ തീര്‍ച്ചയായും വിജയിക്കുമെന്നും ഈ പരമ്പര മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന് വളരെ നിര്‍ണായകമാകുമെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.
‘ഇംഗ്ലണ്ടിനെയാണ് ഞാന്‍ ഫേവറേറ്റുകളായി കാണുന്നത്, പക്ഷേ സത്യം പറഞ്ഞാല്‍, ഫേവറേറ്റുകളുടെ ആശയത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ഇന്ത്യയ്ക്ക് നന്നായി ബാറ്റ് ചെയ്യാന്‍ കഴിയുമെങ്കില്‍, അവര്‍ക്ക് തീര്‍ച്ചയായും ഒരു അവസരമുണ്ട്.
ഓസ്‌ട്രേലിയയിലെ ഗംഭീറിന്റെ പ്രകടനം മികച്ചതായിരുന്നില്ല, പക്ഷേ അദ്ദേഹം ചാമ്പ്യന്‍സ് ട്രോഫി നേടി. റെഡ്‌ബോള്‍ ക്രിക്കറ്റിന്റെ കാര്യത്തില്‍, ഇത് അദ്ദേഹത്തിന് നിര്‍ണായകമായ ഒരു പരമ്പരയാണ്,’ ഗാംഗുലി റെവ്‌സ്‌പോര്‍ട്‌സിനോട് പറഞ്ഞു.