'അദ്ദേഹത്തിന്റെ ജീവിതം ബുദ്ധിമുട്ടിലാക്കാനല്ല, എളുപ്പമാക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്'; കോഹ്ലി ഇന്ത്യന്‍ ക്രിക്കറ്റിലെ അതിപ്രധാനിയെന്ന് ഗാംഗുലി
Cricket
'അദ്ദേഹത്തിന്റെ ജീവിതം ബുദ്ധിമുട്ടിലാക്കാനല്ല, എളുപ്പമാക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്'; കോഹ്ലി ഇന്ത്യന്‍ ക്രിക്കറ്റിലെ അതിപ്രധാനിയെന്ന് ഗാംഗുലി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 23rd October 2019, 8:25 pm

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ ഇന്ത്യന്‍ ക്രിക്കറ്റിലെ അതി പ്രധാനിയെന്ന് വിശേഷിപ്പിച്ച് ബി.സി.സിഐ പ്രസിഡന്റായി ചുമതലയേറ്റ സൗരവ് ഗാംഗുലി. കോഹ്ലിയുടെ ജീവിതം ബുദ്ധിമുട്ടിലാക്കാനല്ല, കൂടുതല്‍ എളുപ്പമാക്കാന്‍ തന്റെ എല്ലാ വിധ പിന്തുണയുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ കോഹ്ലിയുമായി നാളെ സംസാരിക്കും. ക്യാപ്റ്റനായ അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിലെ അതിപ്രധാനിയായ ആളാണ്. ആ രീതിയിലാണ് ഞാനദ്ദേഹത്തെ കാണുന്നത്. അതുകൊണ്ട് നമ്മള്‍ അദ്ദേഹത്തിന് വാക്കുകൊടുക്കേണ്ടതുണ്ട്. കഴിയുന്ന എല്ലാ സാധ്യതതയും ഉപയോഗിച്ച് അദ്ദേഹത്തിന് പിന്തുണ നല്‍കണം. ലോകത്തിലെ ഏറ്റവും മികച്ച ടീമായി ഇന്ത്യയെ മാറ്റാന്‍ അദ്ദേഹത്തിന്റെ കൂടെ നില്‍ക്കണം. അവസാന മൂന്നോ നാലോ വര്‍ഷത്തെ പ്രകടനങ്ങള്‍ എടുത്തുനോക്കിയാല്‍ത്തന്നെ, ഇതൊരു മികച്ച ടീമാണെന്ന് പറയാന്‍ കഴിയും’, ഗാംഗുലി പറഞ്ഞു.

പരിശീലകനായ രവിശാസ്ത്രിക്കൊപ്പം ഭരണസമിതിയിലുമിരിക്കുമെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

‘അതൊരു മികച്ച ചര്‍ച്ചയാക്കുകയും എല്ലാം പരസ്പരം സംസാരിച്ച് തീരുമാനിക്കുകയും ചെയ്യും. ഒരു കാര്യം ഉറപ്പാണ്, അവരുടെ ജീവിതം ബുദ്ധിമുട്ടിലാക്കാനല്ല, എളുപ്പമാക്കാനാണ് ഞങ്ങളവിടെ ഇരിക്കുന്നത്. പ്രകടനത്തിന്റെ അടിസ്ഥാനത്തിലാവും എല്ലാം മുന്നോട്ടുപോവുക’, ഗാംഗുലി വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘നമ്മുടെ പ്രകടനം വളരെ പ്രധാനപ്പെട്ടതാണ്, അതാണ് ഇനി ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി തീരുമാനിക്കുക. എല്ലാ അര്‍ത്ഥത്തിലും വിരാട് വളരെ പ്രധാനപ്പെട്ട ആളാണ്. നമ്മള്‍ അദ്ദേഹത്തെ പിന്തുണക്കണം, അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണം. ഒരിക്കല്‍ ഞാനും ക്യാപ്റ്റനായിരുന്നല്ലോ. എനിക്കദ്ദേഹത്തെ മനസിലാക്കാന്‍ കഴിയും. അവിടെ പരസ്പര ബഹുമാനമുണ്ടാവണം, ചര്‍ച്ചകളും അഭിപ്രായങ്ങളുമുണ്ടാകണം. ക്രിക്കറ്റിന് വേണ്ടി ഏറ്റവും മികച്ചത് എന്താണോ അത് നല്‍കാനാവണം’, അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്നാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ബി.സി.സി.ഐ അധ്യക്ഷനായി ചുമതലയേറ്റത്. അമിത് ഷായുടെ മകന്‍ ജയ് ഷാ സെക്രട്ടറിയും അനുരാഗ് താക്കൂറിന്റെ സഹോദരന്‍ അരുണ്‍ ധൂമല്‍ ട്രഷററുമാണ്. മലയാളിയായ ജയേഷ് ജോര്‍ജാണ് ജോയിന്റ് സെക്രട്ടറി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ