ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ ബി.സി.സി.ഐ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സൂപ്പര്‍ താരം രോഹിത് ശര്‍മയെ ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റിയാണ് ടീം പുറത്ത് വിട്ടത്. യുവതാരവും ഇന്ത്യന്‍ ടെസ്റ്റ് ടീം നായകനുമായ ശുഭ്മന്‍ ഗില്ലിനാണ് ക്യാപ്റ്റന്റെ ബാറ്റണ്‍ കൈമാറിയത്. ഇതിനെ കുറിച്ച് സംസാരിക്കുകയും മുന്‍ ഇന്ത്യന്‍ നായകനും ബി.സി.സി.ഐ ചെയര്‍മാനുമായിരുന്ന സൗരവ് ഗാംഗുലി.
ശുഭ്മന്‍ ഗില്ലിനെ ക്യാപ്റ്റനാക്കിയത് ഒരു ഫെയര്‍ കോളാണെന്നും രോഹിത്തിന് യുവ ക്യാപ്റ്റനെ വളരാന്‍ സഹായിച്ച് ടീമില്‍ തുടരാമെന്നും അദ്ദേഹം പറഞ്ഞു. രോഹിത് മികച്ചൊരു നായകനാണെന്നും 40ാം വയസില്‍ ഗില്ലിനും നായകസ്ഥാനം ഒഴിയേണ്ടി വരുമെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
‘ഇക്കാര്യത്തില്‍ രോഹിതുമായി സംസാരിച്ചിട്ടുണ്ടെന്ന് എനിക്ക് ഉറപ്പാണ്. പരസ്പര ചര്‍ച്ചയിലൂടെയാവും ഈ തീരുമാനം എടുത്തിട്ടുണ്ടാവുക. രോഹിത് മികച്ചൊരു ക്യാപ്റ്റനാണ്. അവന്‍ ടി – 20 ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും നേടിയിട്ടുണ്ട്.
ശുഭ്മന്‍ ഗില്ലിനും 40ാം വയസില്‍ ഇതേ അവസ്ഥയുണ്ടാകും. സ്‌പോര്‍ട്‌സിലെ എല്ലാവര്‍ക്കും ഒരു ദിവസം കളി അവസാനിപ്പിക്കേണ്ടി വരും. അതുകൊണ്ട് തന്നെ ഗില്ലിനെ ക്യാപ്റ്റനാക്കിയത് ഒരു തെറ്റായ തീരുമാനമല്ല.
ഇംഗ്ലണ്ടില്‍ താരം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതൊരു ഫെയര്‍ കോളാണ്. രോഹിത്തിന് ഒരു യുവക്യാപ്റ്റനെ വളരാന്‍ സഹായിച്ച് ടീമില്‍ തുടര്‍ന്നും കളിക്കാന്‍ സാധിക്കും,’ ഗാംഗുലി പറഞ്ഞു.
അതേസമയം, ഒക്ടോബര്‍ 19നാണ് ഓസ്‌ട്രേലിയക്ക് എതിരെയുള്ള ഏകദിന പരമ്പര തുടക്കമാവുന്നത്. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണ് ഉള്ളത്. ടീമില്‍ രോഹിത്ത് ശര്‍മയോടൊപ്പം തന്നെ വിരാട് കോഹ്ലിയും ഇടം പിടിച്ചിട്ടുണ്ട്. ഇരുവരും മാസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ കുപ്പായത്തില്‍ കളത്തിലിറങ്ങുന്നത്. അതുകൊണ്ട് തന്നെ ആരാധകര്‍ ഈ പരമ്പരക്കായി കാത്തിരിപ്പിലാണ്.