ഇന്ത്യയുടെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നുള്ള രോഹിത് ശര്‍മയുടെ പടിയിറക്കത്തില്‍ പ്രതികരിച്ച് മുന്‍ നായകനും ബി.സി.സി.ഐ തലവനുമായിരുന്ന സൗരവ് ഗാംഗുലി. രോഹിത് വളരെ മികച്ച ക്യാപ്റ്റനായിരുന്നുവെന്നും ഐ.സി.സി കിരീടങ്ങള്‍ ഇന്ത്യയ്ക്ക് സമ്മാനിച്ചുവെന്നും പറഞ്ഞ ഗാംഗുലി, രോഹിത്തിന്റെ സമ്മതത്തോടു കൂടിയായിരിക്കും അപെക്‌സ് ബോര്‍ഡ് ഈ തീരുമാനത്തിലെത്തിയതെന്നും കൂട്ടിച്ചേര്‍ത്തു.
‘എനിക്കുറപ്പാണ്, രോഹിത് ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ടാകും. ഇതൊരു ഉഭയസമ്മതപ്രകാരമുള്ള തീരുമാനമാണെന്നും എനിക്കുറപ്പാണ്. രോഹിത് വളരെ മികച്ച ക്യാപ്റ്റനായിരുന്നു. അവന്‍ ഇന്ത്യയ്ക്ക് ഐ.സി.സി ടി-20 ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും നേടിത്തന്നു,’ ഗാംഗുലി പറഞ്ഞു.
40ാം വയസില്‍ ശുഭ്മന്‍ ഗില്ലും ഇതേ സാഹചര്യങ്ങളിലൂടെ കടന്ന് പോകേണ്ടി വരുമെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.
’40ാം വയസില്‍ ശുഭ്മന്‍ ഗില്ലിനും ഇത് നേരിടേണ്ടി വരും. സ്‌പോര്‍ട്‌സിലെ എല്ലാവരും ഒരു സമയത്ത് പടിയിറങ്ങേണ്ടി വരും. ഗില്ലിനെ പ്രൊമോട്ട് ചെയ്യുക എന്നത് ഒരു മോശം തീരുമാനമല്ല. ക്യാപ്റ്റന്റെ റോളില്‍ തന്നെക്കൊണ്ട് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് അവന്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ കാണിച്ചുതന്നതാണ്.
എനിക്ക് തോന്നുന്നത് ഇത് തീര്‍ത്തും ശരിയായ തീരുമാനമാണെന്നാണ്. രോഹിത് ശര്‍മയ്ക്ക് ക്രിക്കറ്റ് തുടരുകയും നമുക്ക് ഒരു യുവ ക്യാപ്റ്റനെ വളര്‍ത്തിയെടുക്കാനും സാധിക്കും.
ഞാന്‍ അവനെ (ശുഭ്മന്‍ ഗില്‍) അഭിനന്ദിക്കുന്നു. അവന്‍ ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം പുറത്തെടുത്തു. അവന്‍ ഭാവിയിലും മികച്ച പ്രകടനം തന്നെ പുറത്തെടുക്കും.
ഇന്ത്യന്‍ ടീം വളരെ മികച്ചതാണ്. എല്ലാ താരങ്ങളും മികച്ച പ്രകടനം തന്നെ പുറത്തെടുക്കുന്നു. അതുകൊണ്ട് തന്നെയാണ് അവര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നതും,’ ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റന്‍ എന്ന റോളിലേക്കാണ് ബി.സി.സി.ഐ ഗില്ലിനെ വളര്‍ത്തിയെടുക്കുന്നത്. നിലവില്‍ ഇന്ത്യയുടെ റെഡ് ബോള്‍ ടീമിന്റെയും 50 ഓവര്‍ ടീമിന്റെയും നായകനായ ഗില്‍, ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ ഉപനായകന്‍ കൂടിയാണ്.
ടെസ്റ്റ് ക്യാപ്റ്റന്‍സിയേറ്റെടുത്ത ആദ്യ പരമ്പരയില്‍ ഇന്ത്യയെ പരാജയപ്പെടാതെ കാക്കാന്‍ ഗില്ലിന് സാധിച്ചിരുന്നു. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2നാണ് ഇന്ത്യ സമനിലയില്‍ അവസാനിപ്പിച്ചത്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്നിങ്‌സ് വിജയം സ്വന്തമാക്കി ആതിഥേയര്‍ മുന്നിട്ട് നില്‍ക്കുകയാണ്.
ഈ പമ്പരയ്ക്ക് പിന്നാലെ നടക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് ഗില്ലിന് കീഴില്‍ ഇന്ത്യ ആദ്യമായി ഏകദിന മത്സരം കളിക്കുന്നത്. ഒക്ടോബര്‍ 19ന് ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് ഏകദിനമാണ് ഇന്ത്യ കളിക്കുക. ശേഷം അഞ്ച് ടി-20കള്‍ക്കും ഇന്ത്യ കങ്കാരുക്കളുടെ തട്ടകത്തിലിറങ്ങും.