ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്നും ഗൗതം ഗംഭീറിനെ പുറത്താക്കേണ്ട ആവശ്യമില്ലെന്ന് മുന്‍ നായകനും ബി.സി.സി.ഐ തലവനുമായിരുന്ന സൗരവ് ഗാംഗുലി. സ്വന്തം മണ്ണില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിന് പിന്നാലെ ഗംഭീറിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഗാംഗുലി അദ്ദേഹത്തെ പിന്തുണയ്ക്കുന്നത്.
ഇപ്പോള്‍ കടുത്ത തീരുമാനങ്ങളെടുക്കുന്നതിന് പകരം വിശാലമായ പദ്ധതികളുണ്ടാക്കണമെന്നാണ് ഗാംഗുലി അഭിപ്രായപ്പെട്ടത്. ഭാവിയില്‍ നടക്കുന്ന മത്സരങ്ങളുടെ പിച്ചുകളിലും ശ്രദ്ധ വേണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ഗൗതം ഗംഭീറിനെ പുറത്താക്കണമോ എന്ന ചോദ്യം പോലും ആവശ്യമില്ല. അവര്‍ കൂടുതല്‍ ചിട്ടയായ പരിശീലനം നടത്തുകയും മികച്ച പ്രകടനം പുറത്തെടുത്ത് ടെസ്റ്റ് മത്സരങ്ങള്‍ വിജയിക്കുന്നതിനെ കുറിച്ചുമായിരിക്കണം ചിന്തിക്കേണ്ടത്.
ഫ്‌ളാറ്റ് ട്രാക്ക് ഉണ്ടാക്കി ആധിപത്യം നേടിയെടുക്കാം എന്ന് ചിന്തിക്കുന്നത് ഒരിക്കലും മികച്ചതായിരിക്കില്ല, കാരണം വലിയ ടോട്ടലുകള്‍ പടുത്തുയര്‍ത്താന്‍ രണ്ട് ടീമുകള്‍ക്കും ഒരുപോലെ സാധിക്കും. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ നാല്, അഞ്ച് ദിവസങ്ങളിലായിരിക്കും മത്സരത്തിന്റെ ഗതി തന്നെ മാറുക,’ ഗാംഗുലി പറഞ്ഞു.
‘ഇന്ത്യന്‍ ടീം കുറച്ചുകൂടി ക്ഷമയോടെ കളിക്കണം. 20 വിക്കറ്റുകള്‍ വീഴ്ത്താന്‍ പോന്ന ബൗളര്‍മാര്‍ ഇന്ത്യയ്‌ക്കൊപ്പമുണ്ട്. ഓവലിലെ അവസാന ദിവസത്തില്‍ നമ്മുടെ ബൗളര്‍മാര്‍ എന്ത് ചെയ്തുവെന്ന് എല്ലാവരും കണ്ടതാണ്,’ ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
പരിശീലകനായി ഗൗതം ഗംഭീറും ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലും ഇംഗ്ലണ്ടില്‍ അത്ഭുതങ്ങള്‍ കാണിച്ചെന്നും അവര്‍ക്ക് അത് ഇന്ത്യയിലും ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
നേരത്തെ മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കറും ഗംഭീറിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. മത്സരത്തിനായി ഒരുക്കിയ പിച്ചല്ല, മറിച്ച് ബാറ്റര്‍മാരുടെ മോശം പ്രകടനമാണ് തോല്‍വിക്ക് കാരണമായെന്നാണ് ഗവാസ്‌കര്‍ ചൂണ്ടിക്കാണിച്ചത്.
‘124 റണ്‍സ് ഈ പിച്ചില്‍ ചെയ്‌സ് ചെയ്യാവുന്ന സ്‌കോറാണെന്ന് ഗൗതം ഗംഭീറിന്റെ വാദത്തോട് ഞാന്‍ പൂര്‍ണമായി യോജിക്കുന്നു. എല്ലാവരും പിച്ചിനെ കുറ്റം പറയുകയാണ്. പക്ഷേ, സൈമണ്‍ ഹാര്‍മറിന്റെ ബൗളിങ് പരിശോധിച്ചാല്‍ പിച്ച് അത്ര മോശമായിരുന്നില്ലെന്ന് മനസിലാകും.
അവന്റെ കുറച്ച് പന്തിന് മാത്രമാണ് ടേണ്‍ ലഭിച്ചിരുന്നത്. ഹാര്‍മര്‍ നന്നായി മിക്സ് ചെയ്താണ് ബൗള്‍ ചെയ്തിരുന്നത്. അതിനാല്‍ പിച്ചിന്റെ പ്രശ്നമല്ല ഇന്ത്യയുടെ തോല്‍വിയുടെ കാരണം.
ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഒരു അഞ്ച് ദിവസത്തെ ടെസ്റ്റിനെ പോലെയാണ് ബാറ്റ് ചെയ്യേണ്ടിയിരുന്നത്. അതിന് പകരം അവര്‍ മത്സരത്തെ ഏകദിനം എന്നപോലെയോ ടി – 20യെ പോലെയോയാണ് ഷോട്ടുകള്‍ കളിച്ചത്. അതാണ് പ്രശ്നം. ഈ മത്സരം ഇന്ത്യ അഞ്ച് വിക്കറ്റിനെങ്കിലും ജയിക്കേണ്ടതായിരുന്നു,’ ഗവാസ്‌കര്‍ പറഞ്ഞു.
അതേസമയം, രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതോടെ ആതിഥേയര്‍ക്ക് പരമ്പര വിജയം സ്വന്തമാക്കാന്‍ സാധിക്കില്ല എന്ന് ഉറപ്പായിരിക്കുകയാണ്. ഗുവാഹത്തിയില്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ വിജയിച്ചാലും പരമ്പര സമനിലയിലെത്തിക്കാന്‍ മാത്രമേ ഗംഭീറിന്റെ കുട്ടികള്‍ക്ക് സാധിക്കൂ.
എന്നാല്‍ ബര്‍സാപര സ്റ്റേഡിയത്തില്‍ പരാജയപ്പെടാതെ പിടിച്ചുനിന്നാല്‍ പ്രോട്ടിയാസിന് പരമ്പര വിജയം സ്വന്തമാക്കാന്‍ സാധിക്കും.
Content Highlight: Sourav Ganguly backs Gautam Gambhir after 1st Test defeat against South Africa